Wednesday, September 12, 2012

ഡിവൈഎഫ്ഐ ദേശീയസമ്മേളനത്തിന് ഉജ്വല തുടക്കം


ഇന്ത്യന്‍ യുവത്വത്തിന്റെ ആവേശമായ ഡിവൈഎഫ്ഐയുടെ ദേശീയ സമ്മേളനത്തിന് ബംഗളൂരുവില്‍ ഉജ്വല തുടക്കം. കര്‍ണാടകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നും വടക്കന്‍ കേരളത്തില്‍നിന്നും എത്തിയ ആയിരക്കണക്കിനാളുകള്‍ അണിനിരന്ന പടുകൂറ്റന്‍ റാലിയോടെയാണ് സമ്മേളനത്തിന് ഉദ്യാനഗരിയില്‍ തുടക്കമായത്. രാവിലെമുതല്‍ കര്‍ണാടകത്തിന്റെ ഗ്രാമാന്തരങ്ങളില്‍നിന്ന് ശുഭ്രപതാകയുമേന്തി യുവജനങ്ങള്‍ ബംഗളൂരു നഗരത്തിലേക്ക് പ്രവഹിക്കുകയായിരുന്നു. 12ന് സിറ്റി റെയില്‍വേസ്റ്റേഷന്‍ പരിസരത്തുനിന്ന് പ്രകടനം ആംഭിക്കുമ്പോഴേക്കും നഗരം ജനസഞ്ചയത്താല്‍ നിറഞ്ഞു. കര്‍ണാടകത്തിന്റെ തനതു കലാരൂപങ്ങളും വാദ്യമേളങ്ങളും പ്രകടനത്തിന് മിഴിവേകി. സൂര്യകാന്തി പൂവില്‍ ജനകീയ നേതാക്കളുടെയും രക്തസാക്ഷികളുടെയും ചിത്രം പതിച്ചെത്തിയ പയ്യന്നൂര്‍ ബ്ലോക്കിലെ പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. എ കെ ജി, ഇ എം എസ്, കൃഷ്ണപിള്ള, കൂത്തുപറമ്പ് രക്തസാക്ഷികള്‍ തുടങ്ങിയവരുടെ ചിത്രം പതിച്ച സൂര്യകാന്തി പൂക്കള്‍ റാലിക്ക് പകിട്ടും ഗാംഭീര്യവും പകര്‍ന്നു.

ഒന്നരയ്ക്ക് ക്യാപ്റ്റന്‍ ലക്ഷ്മി നഗറില്‍ (ഫ്രീഡം പാര്‍ക്ക്) ആരംഭിച്ച പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതറാം യെച്ചൂരി എംപി ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനായി. പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ ദേശീയ പ്രസിഡന്റുമായ എം എ ബേബി, ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി തപന്‍ സിന്‍ഹ, സ്വാതന്ത്ര്യസമര സേനാനി എച്ച് എസ് ദൊരൈസ്വാമി, സിപിഐ എം സംസ്ഥന സെക്രട്ടറി ജി വി ശ്രീരാമറെഡ്ഡി, കര്‍ണാടക പ്രാന്ത റൈത്ത സംഘം ജനറല്‍ സെകട്ടറി ജി സി ബയ്യാറെഡ്ഡി എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സെകട്ടറി ബി രാജശേഖര മൂര്‍ത്തി സ്വാഗതവും ലിംഗരാജു നന്ദിയും പറഞ്ഞു.

സമ്മേളന നഗരിയില്‍ പ്രസിഡന്റ് ശ്രീരാമകൃഷ്ണന്‍ പതാക ഉയര്‍ത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കംകുറിച്ചത്. വൈകിട്ട് അഞ്ചിന് രവീന്ദ്രനാഥ ടാഗോര്‍ നഗറില്‍ (ടൗണ്‍ഹാള്‍) സിനിമ സംവിധായകന്‍ ശ്യാം ബനഗല്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു. പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനായി. സീതാറം യെച്ചൂരി, എം എ ബേബി, തപന്‍സിന്‍ഹ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ബര്‍ഗൂര്‍ രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു. വിവിധ സംസ്ഥാനത്തുനിന്നായി എണ്ണൂറോളം പ്രതിനിധികളാണ് അഞ്ചുദിവസ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ബുധനാഴ്ച അഖിലേന്ത്യാ സെക്രട്ടറി അവതരിപ്പിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പ്രതിനിധികളുടെ ഗ്രൂപ്പ്-പൊതു ചര്‍ച്ച നടക്കും. ആദ്യമായി ബംഗളൂരുവില്‍ ചേരുന്ന ദേശീയ സമ്മേളനത്തെ ആവേശപൂര്‍വമാണ് ജനങ്ങള്‍ ഏറ്റെടുത്തത്. സാമൂഹ്യ സാംസ്കാരിക മേഖലയിലെ നിരവധിയാളുകള്‍ സമ്മേളന വിജയത്തിനായി സഹകരിക്കുന്നു.
(എം ഒ വര്‍ഗീസ്)

പ്രതിസന്ധി പരിഹരിക്കാനുള്ള സ്വത്ത് രാജ്യത്തുണ്ട്: യെച്ചൂരി

ക്യാപ്റ്റന്‍ ലക്ഷ്മിസൈഗാള്‍ നഗര്‍(ബംഗളൂരു): എണ്ണക്കമ്പനികളുടെ ഈ വര്‍ഷത്തെ ലാഭം 1.2 ലക്ഷം കോടി രൂപയായിട്ടും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച് ജനങ്ങളെ കൂടുതല്‍ കൊള്ളയടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറം യെച്ചൂരി പറഞ്ഞു. ഡിവൈഎഫ്ഐ ദേശീയ സമ്മേളനത്തിന് തുടക്കംകുറിച്ച് ബംഗളൂരു ഫ്രീഡം പാര്‍ക്കില്‍ ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാദം തെറ്റാണ്. രാജ്യത്തെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള സമ്പത്ത് ഇവിടെ ഉണ്ട്. കോര്‍പറേറ്റുകള്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപ കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുന്ന സര്‍ക്കാര്‍ സാധാരണക്കാരനുള്ള സഹായങ്ങള്‍ ഓരോന്നായി നിര്‍ത്തുകയാണ്. കഴിഞ്ഞ വര്‍ഷം 2 ജി സ്പെക്ട്രം അഴിമതിയിലൂടെ 1.76 ലക്ഷം കോടി രൂപ കൊള്ളയടിച്ച വാര്‍ത്തയാണ് പുറത്ത് വന്നതെങ്കില്‍ ഇപ്പോള്‍ 1.86കോടിയുടെ കല്‍ക്കരി അഴിമതിയാണ് ഉണ്ടായത്.

സ്പെക്ട്രം അഴിമതിയിലൂടെ കൊള്ളയടിച്ച തുക ഉണ്ടായിരുന്നെങ്കില്‍ അഞ്ചു വര്‍ഷത്തേക്ക് രാജ്യത്തെ എട്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ കഴിയുമായിരുന്നു. യൂണിഫോം ഉള്‍പ്പെടെ കുട്ടികള്‍ക്ക് സൗജന്യമായി നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചിട്ട് വര്‍ഷങ്ങളായി. പണം ഇല്ലെന്ന് പറഞ്ഞ് ഇത് നടപ്പാക്കിയിട്ടില്ല. കല്‍ക്കരി കുംഭകോണത്തിലൂടെ നഷ്ടമാക്കിയ തുക ഉണ്ടായിരുന്നുവെങ്കില്‍ രാജ്യത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സൗജന്യ ഭക്ഷ്യധാന്യം നല്‍കാന്‍ കഴിയും. രാജ്യത്ത് 54 ശതകോടീശ്വരന്‍മാരുടെ കൈയിലുള്ള പണം ജിഡിപിയുടെ മൂന്നിലൊന്ന് വരും. എന്നിട്ടും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പണം ഇല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സമ്പന്നര്‍ക്കു വേണ്ടി മാത്രമാണ് ഭരണം. അവര്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ ഇളവുകള്‍ നല്‍കുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സബ്സിഡിയും മറ്റു സഹായങ്ങളും ഇല്ലാതാക്കുകയാണ്.

എല്ലാ അഴിമതിക്കും കൂട്ട് നിന്ന് താനൊന്നും ചെയ്തിട്ടില്ലെന്ന കൗശലമാണ് പ്രധാനമന്ത്രി കാണിക്കുന്നത്. അഴിമതിക്കെതിരെ പാര്‍ലമെന്റ് സ്തംഭിപ്പിച്ച ബിജെപിക്ക് അതിനുള്ള ധാര്‍മിക അവകാശമില്ല. അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും കോടികളുടെ അഴിമതിയാണ് നടക്കുന്നത്. അതോടൊപ്പം രാജ്യത്തെ ജനങ്ങളില്‍ വര്‍ഗീയ വേര്‍തിരിവ് ഉണ്ടാക്കുന്നതിന് ശക്തമായ ശ്രമമാണ് നടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ യുവജനസംഘടനമാത്രമല്ല, അനീതിക്കെതിരെ പോരാടുന്ന ഏക യുവജനസംഘടന കൂടിയാണ് ഡിവൈഎഫ്ഐ. സോഷ്യലിസം മാത്രമാണ് ഇന്ന് കാണുന്ന അപചയങ്ങള്‍ക്ക് പരിഹാരമെന്ന് യെച്ചൂരി പറഞ്ഞു.

deshabhimani 120912

1 comment:

  1. ഇന്ത്യന്‍ യുവത്വത്തിന്റെ ആവേശമായ ഡിവൈഎഫ്ഐയുടെ ദേശീയ സമ്മേളനത്തിന് ബംഗളൂരുവില്‍ ഉജ്വല തുടക്കം. കര്‍ണാടകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നും വടക്കന്‍ കേരളത്തില്‍നിന്നും എത്തിയ ആയിരക്കണക്കിനാളുകള്‍ അണിനിരന്ന പടുകൂറ്റന്‍ റാലിയോടെയാണ് സമ്മേളനത്തിന് ഉദ്യാനഗരിയില്‍ തുടക്കമായത്. രാവിലെമുതല്‍ കര്‍ണാടകത്തിന്റെ ഗ്രാമാന്തരങ്ങളില്‍നിന്ന് ശുഭ്രപതാകയുമേന്തി യുവജനങ്ങള്‍ ബംഗളൂരു നഗരത്തിലേക്ക് പ്രവഹിക്കുകയായിരുന്നു. 12ന് സിറ്റി റെയില്‍വേസ്റ്റേഷന്‍ പരിസരത്തുനിന്ന് പ്രകടനം ആംഭിക്കുമ്പോഴേക്കും നഗരം ജനസഞ്ചയത്താല്‍ നിറഞ്ഞു. കര്‍ണാടകത്തിന്റെ തനതു കലാരൂപങ്ങളും വാദ്യമേളങ്ങളും പ്രകടനത്തിന് മിഴിവേകി. സൂര്യകാന്തി പൂവില്‍ ജനകീയ നേതാക്കളുടെയും രക്തസാക്ഷികളുടെയും ചിത്രം പതിച്ചെത്തിയ പയ്യന്നൂര്‍ ബ്ലോക്കിലെ പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. എ കെ ജി, ഇ എം എസ്, കൃഷ്ണപിള്ള, കൂത്തുപറമ്പ് രക്തസാക്ഷികള്‍ തുടങ്ങിയവരുടെ ചിത്രം പതിച്ച സൂര്യകാന്തി പൂക്കള്‍ റാലിക്ക് പകിട്ടും ഗാംഭീര്യവും പകര്‍ന്നു.

    ReplyDelete