Friday, September 7, 2012

മന്ത്രിയുണ്ടെങ്കില്‍ കേക്കില്‍ പാറ്റയാകാം; ആംബ്രോസിയ തുറന്നു


കേക്കില്‍ പാറ്റയെ കണ്ടതിനെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വിജിലന്‍സ് വിഭാഗം അടച്ചുപൂട്ടിയ നഗരത്തിലെ പ്രമുഖ ബേക്കറി സ്ഥാപനമായ ആംബ്രോസിയ ഒറ്റ ദിവസം കൊണ്ടുതുറന്നു. റവന്യൂമന്ത്രിയുടെ അടുത്ത ബന്ധുവിന്റെ ബേക്കറിയാണ് നിയമം ലംഘിച്ച് തുറന്നുകൊടുത്തത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാന്‍ സാധ്യതയുള്ള ഭക്ഷ്യവസ്തു വില്‍പ്പന നടത്തി എന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഞായറാഴ്ച ആംബ്രോസിയയുടെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയത്. എന്നാല്‍, മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് സ്ഥാപനങ്ങള്‍ ചൊവ്വാഴ്ച തന്നെ തുറന്നുകൊടുത്തു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുമ്പോഴും മന്ത്രി നേരിട്ട് ഇടപെട്ട് സ്ഥാപനം തുറപ്പിച്ചത് പ്രതിഷേധത്തിന് ഇടയാക്കി. എന്നാല്‍, ആംബ്രോസിയ തുറന്നതിനെ ക്കുറിച്ച് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് മിണ്ടാട്ടവുമില്ല. ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്കു നേരെ കര്‍ശന നടപടിയെടുക്കുന്ന സര്‍ക്കാര്‍ വന്‍കിടസ്ഥാപനങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുന്നതിന്റെ ഉദാഹരണമാണിത്.

പട്ടത്തുള്ള ആംബ്രോസിയയുടെ വിപണനകേന്ദ്രത്തില്‍നിന്നും വാങ്ങിയ ചോക്ലേറ്റ് ചേര്‍ത്ത് പ്രത്യേകം തയ്യാറാക്കിയ കേക്കില്‍ പാറ്റയെ കണ്ടതിനെത്തുടര്‍ന്നാണ് ആംബ്രോസിയ പൂട്ടിയത്. പട്ടത്തെ ഫ്ളാറ്റില്‍ താമസിക്കുന്ന സുരേഷ് ബല്‍രാജിന്റെ പരാതിയെത്തുടര്‍ന്നാണ് വിജിലന്‍സ് വിഭാഗം കട റെയ്ഡുചെയ്ത് സീല്‍ ചെയ്തത്. പട്ടത്തുള്ള വില്‍പ്പനകേന്ദ്രവും ബേക്കറി ജങ്ഷനിലുള്ള ആംബ്രോസിയയുടെ പ്രധാനവിപണന കേന്ദ്രവും വാന്‍റോസ് ജങ്ഷനിലുള്ള ബേക്കിങ് യൂണിറ്റും വിജിലന്‍സ് വിഭാഗം പൂട്ടി സീല്‍വച്ചു. സ്ഥാപനത്തെക്കുറിച്ച് നേരത്തെ തന്നെ പരാതി ഉണ്ടായിരുന്നതിനെത്തുടര്‍ന്ന് വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിച്ച ആംബ്രോസിയയുടെ ബേക്കിങ് യൂണിറ്റ് നഗരസഭ ആഴ്ചകള്‍ക്കുമുമ്പ് അടച്ചുപൂട്ടിയിരുന്നു. ഇതിനു ശേഷം ബേക്കറിജങ്ഷനിലുള്ള ആംബ്രോസിയയില്‍നിന്നാണ് ബേക്കറി സാധനങ്ങള്‍ പട്ടത്തുള്ള വില്‍പ്പനകേന്ദ്രത്തില്‍ നല്‍കിയിരുന്നതെന്ന് ഭക്ഷ്യസുരക്ഷ വിജിലന്‍സ് വിഭാഗം കണ്ടെത്തിയത്.

deshabhimani 060912

1 comment:

  1. കേക്കില്‍ പാറ്റയെ കണ്ടതിനെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വിജിലന്‍സ് വിഭാഗം അടച്ചുപൂട്ടിയ നഗരത്തിലെ പ്രമുഖ ബേക്കറി സ്ഥാപനമായ ആംബ്രോസിയ ഒറ്റ ദിവസം കൊണ്ടുതുറന്നു. റവന്യൂമന്ത്രിയുടെ അടുത്ത ബന്ധുവിന്റെ ബേക്കറിയാണ് നിയമം ലംഘിച്ച് തുറന്നുകൊടുത്തത്.

    ReplyDelete