Friday, September 7, 2012
ആയിരത്തോളം കര്‍ഷകര്‍ക്ക് വനംവകുപ്പിന്റെ കുടിയൊഴിപ്പിക്കല്‍ നോട്ടീസ്
ആയിരത്തോളം കര്‍ഷക കുടുംബങ്ങളെ വനംവകുപ്പ് കുടിയിറക്കുന്നു. ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയില്‍ കുടിയേറ്റ കര്‍ഷകര്‍ക്ക് വനംവകുപ്പ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കി. അമ്പത് വര്‍ഷമായി കൃഷിഭൂമി കൈവശംവച്ച് താമസിക്കുന്ന കര്‍ഷകര്‍ക്കാണ് 15 ദിവസത്തിനകം വീടൊഴിഞ്ഞുപോവാന്‍ വനം വകുപ്പ് നോട്ടീസ് നല്‍കിയത്. പതിറ്റാണ്ടുകളായി പട്ടയവും ആധാരവും നികുതിയുമടച്ച് നിയമപ്രകാരം കൈവശംവയ്ക്കുന്ന ഭൂമിയാണിത്. നിലമ്പൂര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സി കെ മുഹമ്മദ് സഹീര്‍ ആണ് കുടിയൊഴിഞ്ഞുപോവാനുള്ള നോട്ടീസില്‍ ഒപ്പിട്ടത്. ഈ മാസം ഒന്നിന് തപാല്‍ മാര്‍ഗമാണ് കര്‍ഷകര്‍ക്ക് നോട്ടീസ് അയച്ചത്. രണ്ട് ഘട്ടങ്ങളിലായി 974 കര്‍ഷക കുടുംബങ്ങളെ കുടിയിറക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ ആരംഭിച്ചത്. ഒന്നാം ഘട്ടം 364 കുടുംബങ്ങളും രണ്ടാം ഘട്ടത്തില്‍ 610 കുടുംബങ്ങളും വീടൊഴിയേണ്ടിവരും. എരുമമുണ്ടയില്‍ 40 കുടുംബങ്ങള്‍ കഴിഞ്ഞ ദിവസം വനംവകുപ്പിന്റെ നോട്ടീസ് കൈപ്പറ്റി. മറ്റുള്ളവര്‍ക്കും നോട്ടീസും അയച്ചതായാണ് വിവരം. 1977 ജനുവരി ഒന്നിന് ശേഷമുള്ള കൈവശക്കാര്‍ക്കാണ് ഒന്നാംഘട്ടത്തില്‍ നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ നിക്ഷിപ്ത വനഭൂമിയാണ് അനധികൃതമായി കര്‍ഷകര്‍ കൈവശംവച്ചിരിക്കുന്നതെന്ന് നോട്ടീസില്‍ പറയുന്നു. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം സ്ഥലം ഒഴിഞ്ഞുപോകണമെന്നും അല്ലാത്ത പക്ഷം മറ്റൊരു മുന്നറിയിപ്പ് കൂടാതെ ഒഴിപ്പിക്കല്‍ നടപടി സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്.
വഴിക്കടവ് വനാതിര്‍ത്തി മുതല്‍ ആഢ്യന്‍പാറ വരെയുള്ളവരെയാണ് കുടിയിറക്കുന്നത്. പതിനഞ്ച് ദിവസത്തെ കാലാവധി പിന്നിട്ടാല്‍ വീടുകള്‍ പൊളിച്ച് നീക്കാനും, ആയിരക്കണക്കിന് ഏക്കര്‍ കാര്‍ഷിക വിളകള്‍ വെട്ടിനശിപ്പിക്കാനുമാണ് വനം വകുപ്പിന്റെ തീരുമാനം. ഇതിനായുള്ള മുന്നൊരുക്കം വനപാലകര്‍ തുടങ്ങിയിട്ടുണ്ട്. യുഡിഎഫ് അധികാരത്തിലെത്തി ഇത് മൂന്നാം തവണയാണ് കര്‍ഷകരെ കുടിയിറക്കാനുള്ള നീക്കം നടത്തുന്നത്. മുമ്പ് 1991, 2004 എന്നീ രണ്ട് വര്‍ഷങ്ങളിലാണ് കുടിയിറക്കാന്‍ ശ്രമിച്ചത്. 2004-ല്‍ ഒഴിപ്പിക്കല്‍ നോട്ടീസ് ലഭിച്ച നൂറുകണക്കിന് കുടുംബങ്ങള്‍ അന്ന് കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷന് മുമ്പില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തി. അന്നത്തെ നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ പ്രകൃതി ശ്രീവാസ്തവ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ചനടത്തിയാണ് കുടിയിറക്ക് നിര്‍ത്തിവച്ചത്. കര്‍ഷകരുടെ കൈവശ രേഖയും, പട്ടയം, നികുതിരശീത്, ആധാരം എന്നിവ ശേഖരിച്ച് ഫയലായി ഫോറസ്റ്റ് ഓഫീസില്‍ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ കൈവശക്കാര്‍ക്ക് വനാതിര്‍ത്തിയില്‍ ജണ്ട സ്ഥാപിച്ചു നല്‍കാമെന്ന് ഉറപ്പും നല്‍കി. എന്നാല്‍ ഈ ഉറപ്പ് പാലിക്കാതെയാണ് വീണ്ടും നോട്ടീസ് നല്‍കിയത്. കുടിയിറക്കിന് പിന്നില്‍ വന്‍ ഗൂഢാലോചനയുള്ളതായി കര്‍ഷകര്‍ ആരോപിക്കുന്നു. മുപ്പതുവര്‍ഷം തുടര്‍ച്ചയായി നിലമ്പൂരില്‍ നിന്നുള്ള ജനപ്രതിനിധിയും, മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ അറിവും സമ്മതത്തോടെയുമാണ് സര്‍ക്കാരിന്റെ പുതിയ കുടിയിറക്കല്‍ തീരുമാനമെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ശക്തമായ ചെറുത്തുനില്‍പ്പ് നടത്താനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍.
പ്രതിഷേധം ശക്തം
എരുമമുണ്ടയില്‍ കര്‍ഷകകുടുംബങ്ങളെ കൂട്ടത്തോടെ കുടിയിറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം. നിയമാനുസൃതം കൈവശംവയ്ക്കുന്ന ഭൂമിയില്‍ നിന്നിറങ്ങാന്‍ സര്‍ക്കാര്‍ നോട്ടീസ് നല്‍കിയതോടെ മലയോര കര്‍ഷകര്‍ ഭീതിയിലാണ്. യഥാര്‍ഥ കൈയേറ്റക്കാരായ വന്‍കിടക്കാര്‍ക്കുനേരെ കണ്ണടയ്ക്കുന്ന അധികൃതരാണ് പാവങ്ങളെ കുടിയിറക്കുന്നത്. മുണ്ടേരിയില്‍ 1163 ഏക്കര്‍ നിബിഡവനം ലേലം ചെയ്യാനുള്ള കുത്സിതശ്രമം വിവാദമായതിന് തൊട്ടുപിറകെയാണിത്. ഒരുവശത്ത് വനംകൊള്ളക്കാര്‍ക്ക് ഒത്താശ ചെയ്യുകയും, മറുവശത്ത് സാധാരണക്കാരായ കര്‍ഷകരെ ബലിയാടാക്കുകയുമാണ് സര്‍ക്കാര്‍. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് 1991-ല്‍ സംയുക്ത സര്‍വെ നടന്ന പ്രദേശമാണിത്. എന്നാല്‍ സര്‍വെ പ്രകാരമുള്ള ജണ്ട പോലും വനംവകുപ്പ് സ്ഥാപിച്ചിട്ടില്ല. സംയുക്ത സര്‍വെയുടെ പേരില്‍ കോണ്‍ഗ്രസിലെ ഉന്നതരുടെ ബിനാമികള്‍ നിലമ്പൂരില്‍ ലോഡ്ജ് മുറിയില്‍ താമസിച്ച് വന്‍തുക കൈക്കൂലിവാങ്ങിയതായി ആരോപണമുണ്ട്. അഞ്ചുപതിറ്റാണ്ടായി കൈവശം വയ്ക്കുന്ന ഭൂമിക്കാണ് ഇടനിലക്കാര്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തത്.
2004ല്‍ യുഡിഎഫ് ഭരണത്തില്‍ കര്‍ഷകരെ കുടിയൊഴിപ്പിക്കാനുള്ള നീക്കമുണ്ടായിരുന്നു. ജനകീയ ചെറുത്തുനില്‍പ്പ് ശക്തമായതോടെ സര്‍ക്കാര്‍ പിന്‍വാങ്ങി. നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനില്‍ 600 ഹെക്ടര്‍ ഭൂമി കൈയേറിയെന്നാണ് വനംവകുപ്പിന്റെ വാദം. ആഢ്യന്‍പാറ, മുട്ടിപ്പാലം, പാതാര്‍, വാളാംകൊല്ലി, ശാന്തിഗ്രാം, കവളപ്പാറ, മുരിങ്ങാഞ്ഞിരം, എരുമമുണ്ട, കുനിപ്പാല, മുണ്ടേരി, കോടാലിപ്പൊയില്‍ എന്നീ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്കാണ് കുടിയിറക്കുനോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
സര്‍ക്കാര്‍ നീക്കം തടയും: സിപിഐ എം
എടക്കര: എരുമമുണ്ടയില്‍ കര്‍ഷക കുടുംബങ്ങളെ കുടിയിറക്കാനുള്ള സര്‍ക്കാര്‍നീക്കം തടയുമെന്ന് സിപിഐ എം എടക്കര ഏരിയാകമ്മിറ്റി അറിയിച്ചു. അഞ്ച് പതിറ്റാണ്ടായി പട്ടയവും ആധാരവുമായി നികുതിയടച്ച് നിയമപ്രകാരം ഭൂമി കൈവശംവയ്ക്കുന്നവര്‍ക്കെതിരെയാണ് നടപടി. ഇത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. എരുമമുണ്ടയില്‍ നാല്‍പ്പത് കുടുംബങ്ങള്‍ക്കാണ് കഴിഞ്ഞദിവസം വനം വകുപ്പിന്റെ നോട്ടീസ് ലഭിച്ചത്. 1977 ജനുവരി ഒന്നിന് ശേഷമുള്ള കൈവശക്കാര്‍ വീട് ഒഴിഞ്ഞുപോകണമെന്നാണ് നിര്‍ദേശം. അല്ലാത്തപക്ഷം മുന്നറിയിപ്പില്ലാതെ ഒഴിപ്പിക്കുമെന്നും നോട്ടീസിലുണ്ട്. വഴിക്കടവ് വനാതിര്‍ത്തി മുതല്‍ ആഢ്യന്‍പാറ വരെയുള്ള കര്‍ഷക കുടുംബങ്ങളെയാണ് സര്‍ക്കാര്‍ വഴിയാധാരമാക്കുന്നത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലുള്ള മൂന്ന് തവണ കര്‍ഷകരെ കുടിയിറക്കാന്‍ നീക്കമുണ്ടായിരുന്നു. 1991, 2004, 2012 എന്നീ വര്‍ഷങ്ങളിലായിരുന്നു ഇത്. സ്ഥലം എംഎല്‍ എയും മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഗൂഢാലോചനയാണ് ഇതിനുപിന്നില്‍. കര്‍ഷകരെ കുടിയിറക്ക് ഭീഷണിയില്‍പ്പെടുത്തി രാഷ്ട്രീയലാഭത്തിനാണ് ആര്യാടന്റെ ശ്രമം. കര്‍ഷകരെ സംരക്ഷിക്കാന്‍ ശക്തമായ നിലപാടുമായി മുന്നോട്ടുപോവുമെന്നും സിപിഐ എം എടക്കര ഏരിയാ സെക്രട്ടറി ടി പി ജോര്‍ജ് വ്യക്തമാക്കി. സര്‍ക്കാര്‍ നീക്കത്തെ കര്‍ഷകസംഘം എടക്കര ഏരിയാകമ്മിറ്റിയും ശക്തമായി അപലപിച്ചു.
deshabhimani 060912
Subscribe to:
Post Comments (Atom)
ആയിരത്തോളം കര്‍ഷക കുടുംബങ്ങളെ വനംവകുപ്പ് കുടിയിറക്കുന്നു. ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയില്‍ കുടിയേറ്റ കര്‍ഷകര്‍ക്ക് വനംവകുപ്പ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കി. അമ്പത് വര്‍ഷമായി കൃഷിഭൂമി കൈവശംവച്ച് താമസിക്കുന്ന കര്‍ഷകര്‍ക്കാണ് 15 ദിവസത്തിനകം വീടൊഴിഞ്ഞുപോവാന്‍ വനം വകുപ്പ് നോട്ടീസ് നല്‍കിയത്.
ReplyDeleteഎരുമമുണ്ടയില്‍ വനംവകുപ്പ് കുടിയിറക്ക് നോട്ടീസ് നല്‍കിയതിനുപുറകെ, നികുതി സ്വീകരിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ റവന്യൂവകുപ്പും നീക്കം തുടങ്ങി. ചുങ്കത്തറ പഞ്ചായത്തിലെ കുറുമ്പലങ്കോട് വില്ലേജ് അധികൃതര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശംനല്‍കി. പട്ടയം, ആധാരം എന്നിവയുള്ളതും നിലവില്‍ കരം അടച്ചിരുന്നതുമായ ഭൂമിക്കാണ് നികുതി സ്വീകരിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ നീക്കം. ആഢ്യന്‍പാറ, മുട്ടിപ്പാലം, പാതാര്‍, വാളാംകൊല്ലി, ശാന്തിഗ്രാം, കവളപ്പാറ, മുരിങ്ങാഞ്ഞിരം, എരുമമുണ്ട, കുനിപ്പാല, മുണ്ടേരി, കോടാലിപ്പൊയില്‍ എന്നീ പ്രദേശങ്ങളിലായി ആയിരത്തോളം കര്‍ഷകര്‍ക്കാണ് കഴിഞ്ഞദിവസം വനംവകുപ്പ് കുടിയിറക്ക് നോട്ടീസ് നല്‍കിയത്. ഇതില്‍ എരുമമുണ്ടയിലെ നാല്‍പ്പത് കുടുംബങ്ങള്‍ ഉള്‍പ്പെടും. 1977 ജനുവരി ഒന്നിന് ശേഷമുള്ള കൈവശക്കാര്‍ വീട് ഒഴിഞ്ഞുപോകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. അല്ലാത്ത പക്ഷം മുന്നറിയിപ്പ് കൂടാതെ ഒഴിപ്പിക്കല്‍ നടപടി സ്വീകരിക്കുമെന്നുമുണ്ട്. 2004-ല്‍ യുഡിഎഫ് ഭരണത്തിലാണ് കുടിയൊഴിപ്പിക്കാന്‍ ആദ്യനീക്കം നടത്തിയത്. ജനങ്ങള്‍ ശക്തമായി ചെറുത്തതോടെ സര്‍ക്കാര്‍ ഒടുവില്‍ പിന്‍വാങ്ങി. നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനില്‍ 600 ഹെക്ടര്‍ സ്ഥലത്ത് കൈയേറ്റമുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. എരുമമുണ്ട, മുരുകാഞ്ഞിരം, ഭൂദാനം പ്രദേശങ്ങളില്‍നിന്നും ഭൂനികുതി സ്വീകരിക്കുന്നത് മുമ്പും വനംവകുപ്പ് നിര്‍ദേശപ്രകാരം വില്ലേജ് അധികൃതര്‍ നിര്‍ത്തിയിട്ടുണ്ട്. കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ ശക്തമായ സമരത്തെ തുടര്‍ന്ന് ഒടുവില്‍ പിന്മാറിയതാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ഇത് മൂന്നാം തവണയാണ് കര്‍ഷകരെ കുടിയിറക്കാനുള്ള നീക്കം നടത്തുന്നത്. 1991, 2004, 2012 എന്നീ വര്‍ഷങ്ങളിലായിരുന്നു ഇത്തരം കുത്സിതശ്രമം മുമ്പുണ്ടായത്. സ്ഥലം എംഎല്‍എയും മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഗൂഢാലോചനയാണ് കുടിയിറക്കിന് പിന്നിലെന്ന ആരോപണം ശക്തമാണ്.
ReplyDelete