Monday, September 10, 2012

നൂറുദിന കര്‍മപരിപാടിയും സപ്തധാരയും എവിടെ ?


എമര്‍ജിങ് കേരളയ്ക്ക് കോടികള്‍ തുലയ്ക്കുമ്പോള്‍, ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറുദിന കര്‍മപരിപാടിക്കും സപ്തധാരാ പദ്ധതിക്കും എന്തുപറ്റിയെന്ന ചോദ്യം ബാക്കി. 2003ലെ ആഗോള നിക്ഷേപകസംഗമ (ജിം)ത്തിന്റെ അതേമാതൃകയില്‍ സംഘടിപ്പിക്കുന്ന എമര്‍ജിങ് കേരളയുടെയും ലക്ഷ്യം ഭൂമികച്ചവടവും പൊതുമുതല്‍ വിറ്റുതുലയ്ക്കലുമാണെന്ന പരാതി ശക്തമാകുന്നതിനിടെയാണ് ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ച മുന്‍പദ്ധതികള്‍ അകാലചരമം പ്രാപിച്ചതിനെക്കുറിച്ചും ചര്‍ച്ചയാകുന്നത്.

നൂറുദിന കര്‍മപരിപാടിയില്‍ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളാണ് സ്മാര്‍ട്ട് സിറ്റി, വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയവ. ഈ നാലു പദ്ധതിയിലും എല്‍ഡിഎഫ് ഭരണകാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒരിഞ്ചുപോലും മുന്നോട്ടുപോകാനായിട്ടില്ല. വിഴിഞ്ഞം തുറമുഖപദ്ധതിയാകട്ടെ പൂര്‍ണമായും അനിശ്ചിതത്വത്തിലായി. കണ്ണൂര്‍ വിമാനത്താവളം എംഡിയെ വളഞ്ഞവഴിയിലൂടെ പുറത്താക്കി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ചു. സ്മാര്‍ട്ട് സിറ്റിയും കൊച്ചി മെട്രോയും തുടങ്ങിയേടത്തുതന്നെ നില്‍ക്കുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുള്ള പാക്കേജാണ് നൂറുദിനപരിപാടിയിലെ മറ്റൊന്ന്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും ആനുകൂല്യം നല്‍കുന്നില്ല. ദുരിതബാധിതര്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ കയറി പ്രതിഷേധിക്കുന്ന നിലവരെയെത്തി കാര്യങ്ങള്‍. 6037 ആദിവാസികള്‍ക്ക് ഭൂമി നല്‍കുമെന്ന് പറഞ്ഞെങ്കിലും 100 പേര്‍ക്കുപോലും നല്‍കിയില്ല.

ജനപങ്കാളിത്തത്തോടെ ശുചിത്വപദ്ധതിയെന്നതാണ് മറ്റൊരു പ്രഖ്യാപനം. എന്നാല്‍, സര്‍ക്കാരിന്റെ നാണംകെട്ട രാഷ്ട്രീയക്കളിയുടെകൂടി ഫലമായി കേരളത്തിലെ പ്രധാന നഗരങ്ങളെല്ലാം മാലിന്യം കുമിഞ്ഞുകൂടി ചീഞ്ഞുനാറുകയാണ്. ആശ്രയപദ്ധതി എല്ലാ പഞ്ചായത്തിലേക്കും നടപ്പാക്കുമെന്ന വാഗ്ദാനവും പാഴ്വാക്കായി. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നിലവിലുള്ള പദ്ധതിതന്നെ അട്ടിമറിക്കപ്പെട്ടു. നൂറുദിന കര്‍മപരിപാടിയാകെ പൊളിഞ്ഞപ്പോഴാണ് ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ സപ്തധാരാ പദ്ധതി ആവിഷ്കരിച്ചത്. സുതാര്യം, സുന്ദരം, സമൃദ്ധം, സുദൃഢം, ആരോഗ്യകരം, വിവരവിജ്ഞാനാധിഷ്ഠിതം, സംതൃപ്തം എന്നിങ്ങനെ പേരിട്ട് അവതരിപ്പിച്ച പദ്ധതികളും എങ്ങുമെത്തിയില്ല.
വിജിലന്‍സിനെ കാര്യക്ഷമമാക്കുമെന്നാണ് സുതാര്യ പദ്ധതിയിലെ പ്രധാന ഇനം. എന്നാല്‍, വിജിലന്‍സിനെ ഉപയോഗിച്ച് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരിലുള്ള കേസുകള്‍ ഉള്‍പ്പെടെ അട്ടിമറിക്കുന്ന കാഴ്ചയാണ് കണ്ടത്. സുന്ദര കേരളത്തില്‍ മാലിന്യനിര്‍മാര്‍ജനം ആവര്‍ത്തിച്ചു. അഞ്ചാംമന്ത്രിയുടെ പേരില്‍ രാഷ്ട്രീയകേരളം മലീമസമാക്കിയതൊഴിച്ചാല്‍ കൂടുതല്‍ ഒന്നും സംഭവിച്ചില്ല. മാലിന്യക്കൂമ്പാരങ്ങള്‍ സംസ്ഥാനത്ത് മാരകരോഗഭീതി ഉയര്‍ത്തുകയും ചെയ്യുന്നു. സമൃദ്ധ കേരളത്തിലെ പദ്ധതിയായാണ് ഇപ്പോള്‍ എമര്‍ജിങ് കേരള അവതരിപ്പിക്കുന്നത്. അതാകട്ടെ വിവാദത്തില്‍ നട്ടംതിരിയുകയാണ്. പാലക്കാട് കഞ്ചിക്കോട്ട് ഫാക്ടറി പ്രവര്‍ത്തനം തുടങ്ങുമെന്ന വാഗ്ദാനം ഉള്‍പ്പെടെയാണ് സുദൃഢത്തില്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ഫാക്ടറിയുടെ കാര്യത്തില്‍ എല്‍ഡിഎഫ് കാലത്തേക്കാള്‍ ഏറെ പിറകോട്ടുപോയി. മുന്‍ കേന്ദ്ര റെയില്‍മന്ത്രിയെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന് പ്രഖ്യാപിച്ച മറ്റു പദ്ധതികളും ആവിയായി.

പശ്ചാത്തലവികസനത്തിന് സ്വകാര്യപങ്കാളിത്തത്തോടെ നാലു കമ്പനികള്‍ രജിസ്റ്റര്‍ചെയ്ത് കച്ചവടം നടത്താന്‍ തീരുമാനിച്ചിരുന്നു. ബസ്ഷെല്‍ട്ടര്‍ കമ്പനി, കുടിവെള്ളവിതരണ കമ്പനി, പൊതുടോയ്ലറ്റ് കമ്പനി, ക്ലീന്‍ സിറ്റി കമ്പനി എന്നിവയാണ് വിഭാവനംചെയ്തത്. അതും എങ്ങുമെത്തിയില്ല. നാല് ജലവൈദ്യുതി പദ്ധതികള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനവും കടലാസില്‍മാത്രം. ആരോഗ്യകരം എന്ന പേരിലുള്ള അഞ്ചാമത്തെ ധാരയിലും ഒന്നുംചെയ്തില്ലെന്നുമാത്രമല്ല, പൊതുജനാരോഗ്യമേഖലയെ തകര്‍ക്കുകയും ചെയ്തു. വിവരവിജ്ഞാനമേഖലയിലും ഒരിഞ്ചുപോലും മുന്നോട്ടുപോകാനായില്ല. സംതൃപ്ത കേരളത്തില്‍ വിദ്യാഭ്യാസപാക്കേജും സ്വാശ്രയ പ്രൊഫഷണല്‍ മേഖലയിലെ ഫീസ്തര്‍ക്കം പരിഹരിച്ചതുമാണ് നേട്ടമായി പറയുന്നത്. രണ്ടു കാര്യത്തിലും മാനേജ്മെന്റുകള്‍ക്ക് കൊള്ളയടിക്കാനുള്ള അവസരമൊരുക്കുകയായിരുന്നു സര്‍ക്കാര്‍.

deshabhimani 100912

1 comment:

  1. എമര്‍ജിങ് കേരളയ്ക്ക് കോടികള്‍ തുലയ്ക്കുമ്പോള്‍, ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറുദിന കര്‍മപരിപാടിക്കും സപ്തധാരാ പദ്ധതിക്കും എന്തുപറ്റിയെന്ന ചോദ്യം ബാക്കി. 2003ലെ ആഗോള നിക്ഷേപകസംഗമ (ജിം)ത്തിന്റെ അതേമാതൃകയില്‍ സംഘടിപ്പിക്കുന്ന എമര്‍ജിങ് കേരളയുടെയും ലക്ഷ്യം ഭൂമികച്ചവടവും പൊതുമുതല്‍ വിറ്റുതുലയ്ക്കലുമാണെന്ന പരാതി ശക്തമാകുന്നതിനിടെയാണ് ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ച മുന്‍പദ്ധതികള്‍ അകാലചരമം പ്രാപിച്ചതിനെക്കുറിച്ചും ചര്‍ച്ചയാകുന്നത്

    ReplyDelete