Thursday, September 6, 2012

സംവരണം: താല്‍പ്പര്യമില്ലാതെ കേന്ദ്രം


ഉദ്യോഗക്കയറ്റങ്ങളില്‍ എസ്സി-എസ്ടി സംവരണം ഉറപ്പാക്കുന്ന ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനുള്ള ആത്മാര്‍ഥത ചോദ്യംചെയ്യപ്പെടുന്നു. കല്‍ക്കരി കുംഭകോണത്തില്‍ പ്രതിക്കൂട്ടില്‍നില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ താല്‍ക്കാലിക രക്ഷപ്പെടല്‍ മാത്രമായാണ് ബില്ലിനെ കാണുന്നതെന്നാണ് ആക്ഷേപം. ബുധനാഴ്ച ബില്‍ അവതരിപ്പിക്കാന്‍ വലിയ താല്‍പ്പര്യമെടുത്ത സര്‍ക്കാര്‍ അത് പാസാക്കുന്ന കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് കാട്ടിയത്. എതിര്‍ത്ത എംപിമാരെ ബലപ്രയോഗത്തിലൂടെ പുറത്താക്കി രാജ്യസഭയില്‍ വനിതാബില്‍ പാസാക്കിയ സര്‍ക്കാരാണ് എസ്സി-എസ്ടി സംവരണ ബില്ലിന്റെ കാര്യത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചത്.

എസ്സി-എസ്ടി വിഭാഗങ്ങള്‍ക്ക് 1955 മുതല്‍തന്നെ ഉദ്യോഗക്കയറ്റങ്ങളില്‍ സംവരണമുണ്ട്. ഇന്ദ്രാ ഷോണി- കേന്ദ്രസര്‍ക്കാര്‍ കേസിലെ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് സംവരണം ഇല്ലാതായി. ഭരണഘടനയുടെ 16(4) വകുപ്പിന്റെ പരിധിയില്‍ വരുന്നതല്ല സംവരണമെന്നായിരുന്നു കോടതി നിലപാട്. തുടര്‍ന്ന് 1995ല്‍ 77-ാം ഭരണഘടനാ ഭേദഗതിയിലൂടെ 16(4എ) പുതിയ വകുപ്പ് കൊണ്ടുവരികയും സംവരണം പുനഃസ്ഥാപിക്കുകയും ചെയ്തു. സംവരണത്തിലൂടെ സ്ഥാനക്കയറ്റം ലഭിക്കുന്നവര്‍ക്ക് സീനിയോറിറ്റികൂടി ഉറപ്പാക്കി 2001ല്‍ 85-ാം ഭരണഘടനാ ഭേദഗതി കൊണ്ടുവന്നു. ഭരണഘടനാ ഭേദഗതികള്‍ സുപ്രീംകോടതിയില്‍ ചോദ്യംചെയ്യപ്പെട്ടു. എം നാഗരാജും കേന്ദ്രസര്‍ക്കാരുമായുള്ള കേസ് പരിശോധിച്ച സുപ്രീംകോടതി സംവരണത്തിലൂടെ ഏതൊരു വ്യക്തിക്ക് സ്ഥാനക്കയറ്റം നല്‍കുമ്പോഴും അതിന് നിര്‍ബന്ധിതമായ കാരണങ്ങള്‍- പിന്നോക്കസ്ഥിതി, പ്രാതിനിധ്യ കുറവ് എന്നിവ കൃത്യമായി ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ ഹൈക്കോടതിയും അലഹബാദ് ഹൈക്കോടതിയും ഉദ്യോഗക്കയറ്റത്തിലെ സംവരണവ്യവസ്ഥകള്‍ യഥാക്രമം രാജസ്ഥാന്‍, യുപി എന്നീ സംസ്ഥാനങ്ങളില്‍ റദ്ദാക്കി. ഇത് പിന്നീട് സുപ്രീംകോടതി ശരിവച്ചു. ചുരുക്കത്തില്‍ നാഗരാജ് കേസിലെ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ഉദ്യോഗക്കയറ്റങ്ങളിലെ സംവരണം നിലയ്ക്കുകയായിരുന്നു.

ഉദ്യോഗക്കയറ്റങ്ങളില്‍ സംവരണമെന്ന ആവശ്യം പിന്നീട് വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഇപ്പോഴത്തെ ബില്ലിന് രൂപമായത്. ആഗസ്ത് 21ന് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ എസ്പി ഒഴികെ എല്ലാ രാഷ്ട്രീയകക്ഷികളും സംവരണത്തെ പിന്തുണച്ചിരുന്നു. സംസ്ഥാന സര്‍വീസുകളില്‍ എസ്സി-എസ്ടി വിഭാഗങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സംവരണത്തിനു തുല്യമായ അനുപാതത്തില്‍തന്നെ സ്ഥാനക്കയറ്റങ്ങള്‍ വരുമ്പോഴും ഈ വിഭാഗങ്ങള്‍ക്ക് നിര്‍ബന്ധമായും സംവരണം നല്‍കണമെന്നാണ് പുതിയ ഭേദഗതി നിര്‍ദേശിക്കുന്നത്. സര്‍വീസില്‍ പിന്നോക്കവിഭാഗങ്ങള്‍ക്ക് ആവശ്യമായ പ്രാതിനിധ്യം ഇല്ലെന്ന് സംസ്ഥാനങ്ങള്‍ക്ക് തോന്നുന്നപക്ഷം സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കാമെന്നായിരുന്നു നേരത്തെ 16(4എ) വകുപ്പില്‍ പറഞ്ഞിരുന്നത്. ഇതില്‍ സംസ്ഥാനങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ എന്ന ഭാഗം എടുത്തുമാറ്റി നിര്‍ബന്ധമായും സംവരണമെന്ന ഭേദഗതിയാണ് ഇപ്പോള്‍ ബില്ലിലുള്ളത്. ആദ്യ ഭേദഗതി നിലവില്‍വന്ന 1995 ജൂണ്‍ 17 മുതല്‍ മുന്‍കാല പ്രാബല്യവും ഇപ്പോഴത്തെ ഭേദഗതിക്ക് നല്‍കിയിട്ടുണ്ട്.

deshabhimani 060912

1 comment:

  1. ഉദ്യോഗക്കയറ്റങ്ങളില്‍ എസ്സി-എസ്ടി സംവരണം ഉറപ്പാക്കുന്ന ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനുള്ള ആത്മാര്‍ഥത ചോദ്യംചെയ്യപ്പെടുന്നു. കല്‍ക്കരി കുംഭകോണത്തില്‍ പ്രതിക്കൂട്ടില്‍നില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ താല്‍ക്കാലിക രക്ഷപ്പെടല്‍ മാത്രമായാണ് ബില്ലിനെ കാണുന്നതെന്നാണ് ആക്ഷേപം. ബുധനാഴ്ച ബില്‍ അവതരിപ്പിക്കാന്‍ വലിയ താല്‍പ്പര്യമെടുത്ത സര്‍ക്കാര്‍ അത് പാസാക്കുന്ന കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് കാട്ടിയത്. എതിര്‍ത്ത എംപിമാരെ ബലപ്രയോഗത്തിലൂടെ പുറത്താക്കി രാജ്യസഭയില്‍ വനിതാബില്‍ പാസാക്കിയ സര്‍ക്കാരാണ് എസ്സി-എസ്ടി സംവരണ ബില്ലിന്റെ കാര്യത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചത്.

    ReplyDelete