Wednesday, September 12, 2012
വിദേശമൂലധന നിക്ഷേപത്തിന് കുഴലൂത്ത് നടത്തുന്നവര്‍ പൊതുമേഖലയെ തള്ളിവിടുന്നത് ശവപ്പറമ്പിലേക്ക്
കേരളത്തെ വികസന പറുദീസയാക്കാന്‍ കോടികള്‍ കത്തിക്കുന്ന യുഡിഎഫ്സര്‍ക്കാര്‍ കേരളത്തിന്റെ നിലവിലുള്ള വ്യവസായമേഖലയെ ശവപ്പറമ്പിലേക്കുള്ള വഴിയിലേക്ക് തള്ളിവിട്ടശേഷമാണ് പുതിയ വേഷത്തില്‍ 'എമേര്‍ജ്' ചെയ്യുന്നത്. പൊതുമേഖലയോടുള്ള വ്യവസായവകുപ്പിന്റെ താല്‍പ്പര്യക്കുറവും ചില സ്ഥാപിത താല്‍പ്പര്യങ്ങളുംമൂലം ഭൂരിപക്ഷം സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാണ്. വൈദ്യുതി നിരക്ക് വര്‍ധനകൂടി വന്നതോടെ ഇവയുടെ നിലനില്‍പ്പുതന്നെ അപകടത്തിലായി. ഒപ്പം സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയിലായി. സംസ്ഥാനം തന്നെ വ്യാവസായികമാന്ദ്യത്തിലായിട്ടും ഇതുസംബന്ധിച്ച ചര്‍ച്ച നടത്താന്‍പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ സംസ്ഥാനത്തെ സ്ഥാപിത താല്പര്യക്കാര്ക്കും ഭൂമാഫിയയ്ക്കും വിറ്റഴിക്കാനുള്ള സംരംഭമാണ് എമര്‍ജിങ്ങ് കേരള എന്ന പേരില്‍ ഇന്ന് ആരംഭിക്കുന്നത്.
യുഡിഎഫ് സര്‍ക്കാര്‍ വന്ന് ഒരുവര്‍ഷംകൊണ്ട് 44 സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ 24ഉം നഷ്ടത്തിലായി. ഇനിയും ഓഡിറ്റിങ് പൂര്‍ത്തിയാകാത്ത ഇവയുടെ നഷ്ടത്തിന്റെ ഏകദേശകണക്ക് 100 കോടിയിലപ്പുറം വരും. എല്‍ഡിഎഫ് അധികാരം വിടുമ്പോള്‍ 32 സ്ഥാപനങ്ങള്‍ ലാഭത്തിലായിരുന്ന സ്ഥാനത്താണിത്. എല്‍ഡിഎഫിന് ഭരണത്തിന്റെ ഒരു ഘട്ടത്തില്‍ 37 സ്ഥാപനങ്ങള്‍ വരെ ലാഭത്തിലാക്കാന്‍ കഴിഞ്ഞിരുന്നു. അക്കാലത്ത് നഷ്ടത്തിലായിരുന്ന മുഴുവന്‍ സ്ഥാപനങ്ങളുംകൂടി ഉണ്ടാക്കിയ ബാധ്യത കേവലം ഒമ്പതുകോടി മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബാധ്യത അന്നത്തേക്കാള്‍ പത്തിരട്ടിയിലധികമായി.
കേരള ഓട്ടോമൊബൈല്‍സ്, സ്റ്റീല്‍കോംപ്ലക്സ്, ഓട്ടോകാസ്റ്റ്, ട്രാക്കോകേബിള്‍, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ്, കേരളാ സെറാമിക്സ്, ഹാന്‍ഡിക്രാഫ്റ്റ് ഡെവലപ്മെന്റ് കോര്പറേഷന്, മെറ്റല്‍ ഇന്‍ഡസ്ട്രീസ്, കെല്‍ട്രോണ്‍ കോമ്പണന്റ്, ട്രാവന്‍കൂര്‍ സിമന്റ്സ്, യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ്, ടെക്സ്റ്റയില്‍ കോര്പറേഷന്, ഹാന്‍ഡ്ലൂം ഡെവലപ്മെന്റ് കോര്പറേഷന്, മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍, തൃശൂര്‍ സ്പിന്നിങ് മില്‍, കണ്ണൂര്‍ സ്പിന്നിങ് മില്‍, ഹാന്‍ടെക്സ്, കൊല്ലം സ്പിന്നിങ് മില്‍, ആലപ്പുഴ സ്പിന്നിങ് മില്‍, സീതാറാം ടെക്സ്റ്റയില്‍സ്, ആര്‍ട്ടിസാന്‍സ് ഡെലവലപ്മെന്റ് കോര്പറേഷന്, ബാംബൂ കോര്പറേഷന്, കേരള ഇലക്ട്രിക്കല്‍ അലൈഡ് എന്‍ജിനിയറിങ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് നഷ്ടക്കണക്കു പറയുന്നത്.
മെറ്റല്‍ ഇന്‍ഡസ്ട്രീസ്, കേരള സെറാമിക്സ്, തൃശൂര്‍ സ്പിന്നിങ് മില്‍, കേരള ഓട്ടോമൊബൈല്‍സ്, യുണൈറ്റഡ് ഇലക്ട്രിക്കല്‍സ്, കൊല്ലം സ്പിന്നിങ് മില്‍, ഹാന്‍ഡ്ലൂം ഡെവലപ്മെന്റ് കോര്പറേഷന് എന്നിവ മാത്രമാണ് 2010-11 സാമ്പത്തികവര്‍ഷം നിസാര നഷ്ടമുണ്ടാക്കിയത്. എന്നാല്‍ ഇക്കുറി നഷ്ടത്തിന്റെ പട്ടികയിലേക്ക് ഭൂരിപക്ഷം സ്ഥാപനങ്ങളും എത്തി.
മുന്‍ യുഡിഎഫ് ഭരണം തീരുമ്പോള്‍ (2005-06ല്‍) 32 കമ്പനികള്‍ നഷ്ടത്തിലായിരുന്നു. അന്ന് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുംകൂടി ഉണ്ടാക്കിയ നഷ്ടം 125.87 കോടി രൂപയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ പടിപടിയായി ഇവയില്‍ ഭൂരിഭാഗവും ലാഭത്തിലാക്കി. 2010-11 സാമ്പത്തികവര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങള്‍ 296 കോടി രൂപ ലാഭമുണ്ടാക്കുന്ന സ്ഥിതിയിലെത്തി. ഏഴ് സ്ഥാപനങ്ങളുടെ നഷ്ടമായ ഒമ്പതുകോടി രൂപ കുറച്ചതിനുശേഷമുള്ള കണക്കാണിത്. 2009-10 സാമ്പത്തികവര്‍ഷം 239.75 കോടിയായിരുന്നു ലാഭം.
വൈദ്യുതി നിരക്ക് വര്‍ധനയിലൂടെ കൊടിയ ദ്രോഹമാണ് വ്യവസായസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ചെയ്തത്.
പ്രതിമാസം 10 ലക്ഷം യൂണിറ്റ് ഉപയോഗിക്കുന്ന സ്ഥാ പനങ്ങള്‍ക്ക് പുതിയ നിരക്കുപ്രകാരം 1.46 കോടി രൂപയുടെ അധികബാധ്യത വരുന്നു. വ്യവസായസ്ഥാപനങ്ങള്‍ക്ക് സംസ്ഥാനത്ത് പിടിച്ചുനില്‍ക്കാനാവാത്ത സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഈ നഷ്ടക്കണക്കുകള്‍ പറഞ്ഞ് മുഖ്യമന്ത്രിയുടെ അടുത്തെത്തിയപ്പോള്‍ എമര്‍ജിങ് കേരള കഴിയട്ടെ എന്നായിരുന്നു മറുപടി. ഇതില്‍ പ്രതിഷേധിച്ച് ഈ വ്യവസായങ്ങളിലെ തൊഴിലാളികളൊന്നടങ്കം രാഷ്ട്രീയവ്യത്യാസമില്ലാതെ ഇന്നലെ ദേശീയപാത ഉപരോധിച്ചു. ഇവയൊന്നും പരിഹരിക്കാതെ വീണ്ടും വ്യവസായ വികസനമെന്ന പേരില്‍ കോടികള്‍ ധൂര്‍ത്തടിച്ചുള്ള സംരംഭത്തിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
സര്‍ക്കാര്‍ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നു
കൊച്ചി: അവസാന നിമിഷത്തില്‍പ്പോലും എമര്‍ജിംഗ് കേരളയിലെ പദ്ധതികളെക്കുറിച്ച് വ്യക്തതയാര്‍ന്ന ഒരു ചിത്രം സര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കിയില്ല.
സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്ന് സംശയവും ആശങ്കയും ഉയര്‍ന്നിട്ടുപോലും ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നതുപോലെയുള്ള മുട്ടുശാന്തി ന്യായങ്ങളും എങ്ങുംതൊടാതെയുള്ള വര്ത്തമാനങ്ങളുമല്ലാതെ സമഗ്രമായ ഒരു വെളിപ്പെടുത്തലിന് ഈ മാമാങ്കത്തിന്റെ മുന്നൊരുക്കങ്ങളില്‍ ഒരിടത്തും സര്‍ക്കാര്‍ തയ്യാറായില്ല.
ഒരിഞ്ചുസര്ക്കാര് ഭൂമിപോലും എമര്‍ജിംഗ് കേരളയിലെ പദ്ധതികള്‍ക്കായി വിട്ടുകൊടുക്കില്ലെന്ന് പരസ്യമായി പറഞ്ഞ മുഖ്യമന്ത്രിയാണ് ഭൂമിയില്ലാത്തതാണ് പ്രധാന പ്രശ്നമെന്നും എന്നാല്‍ പാര്‍ക്കുകളില്‍ സ്ഥലമുണ്ടെന്നും നേരത്തെ ജിമ്മിനും ഇപ്പോള്‍ എമര്‍ജിംഗ് കേരളയ്ക്കും രണ്ടാമതൊന്നാലോചിക്കാതെ ഹല്ലേലൂയ പാടാന്‍ കച്ചകെട്ടിയിറങ്ങിയ കുത്തക പത്രങ്ങളില്‍ ഒന്നിനു നല്കിയ കൂടിക്കാഴ്ചയില്‍ പറഞ്ഞത്. ഈ മലക്കം മറിച്ചില്‍ തന്നെ ജനങ്ങളില്‍ ഇത് സംബന്ധിച്ച സര്‍ക്കാരിന്റെ ഉള്ളിലിരുപ്പിനെക്കുറിച്ച് ആശങ്ക വളര്‍ത്തുന്നതായിരുന്നു.
2003ല്‍ എ കെ ആന്റണി സര്‍ക്കാര്‍ കൊണ്ടുവന്ന ഗ്ലോബല്‍ ഇന്‍വസ്റ്റേഴ്സ് മീറ്റില്‍ (ജിം) അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്പേയി പ്രഖ്യാപിച്ച 10000 കോടിയുടെ പദ്ധതികളും ഉണ്ടായിരുന്നു. എമര്‍ജിംഗ് കേരളയിലെ കേന്ദ്രത്തിന്റെ പങ്ക് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
എമര്‍ജിംഗ് കേരളയുടെ ഒരുഘട്ടത്തിലും വേണ്ടത്ര വിവേകം സര്‍ക്കാര്‍ പ്രകടിപ്പിച്ചില്ല. യു ഡി എഫ് ഘടകകക്ഷികളില്പ്പോലും അതൃപ്തിയുണ്ടായതുതന്നെ തെളിവ്. എമര്‍ജിംഗ് കേരളയുടെ തുടക്കം തൊട്ടെ വിവാദമുയര്‍ത്തിയ മലപ്പുറം ജില്ലയിലെ പാണക്കാട് വില്ലേജിനെ സംബന്ധിക്കുന്ന കാര്യങ്ങളിലും ഇരുമന്ത്രിമാരും സുതാര്യത സ്വീകരിച്ചില്ല.
janayugom 120912
Subscribe to:
Post Comments (Atom)
കേരളത്തെ വികസന പറുദീസയാക്കാന്‍ കോടികള്‍ കത്തിക്കുന്ന യുഡിഎഫ്സര്‍ക്കാര്‍ കേരളത്തിന്റെ നിലവിലുള്ള വ്യവസായമേഖലയെ ശവപ്പറമ്പിലേക്കുള്ള വഴിയിലേക്ക് തള്ളിവിട്ടശേഷമാണ് പുതിയ വേഷത്തില്‍ 'എമേര്‍ജ്' ചെയ്യുന്നത്. പൊതുമേഖലയോടുള്ള വ്യവസായവകുപ്പിന്റെ താല്‍പ്പര്യക്കുറവും ചില സ്ഥാപിത താല്‍പ്പര്യങ്ങളുംമൂലം ഭൂരിപക്ഷം സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാണ്. വൈദ്യുതി നിരക്ക് വര്‍ധനകൂടി വന്നതോടെ ഇവയുടെ നിലനില്‍പ്പുതന്നെ അപകടത്തിലായി. ഒപ്പം സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയിലായി. സംസ്ഥാനം തന്നെ വ്യാവസായികമാന്ദ്യത്തിലായിട്ടും ഇതുസംബന്ധിച്ച ചര്‍ച്ച നടത്താന്‍പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ സംസ്ഥാനത്തെ സ്ഥാപിത താല്പര്യക്കാര്ക്കും ഭൂമാഫിയയ്ക്കും വിറ്റഴിക്കാനുള്ള സംരംഭമാണ് എമര്‍ജിങ്ങ് കേരള എന്ന പേരില്‍ ഇന്ന് ആരംഭിക്കുന്നത്.
ReplyDelete