Tuesday, September 11, 2012
എമര്‍ജിങ് കേരള തൃശൂര്‍ നഗരത്തെയും വിഴുങ്ങുന്നു
ശക്തന്‍ മാര്‍ക്കറ്റിലെയടക്കം സുപ്രധാന സ്ഥലങ്ങള്‍ എമര്‍ജിങ് കേരളയുടെ ഭാഗമായി വന്‍കിട വ്യാപാര ലോബിക്കു കൈമാറാന്‍ നീക്കം. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള മാര്‍ക്കറ്റ് വികസനമെന്ന ഓമനപ്പേരില്‍ കോടികള്‍ വിലയുള്ള സ്ഥലമാണ് കുത്തകകള്‍ തട്ടിയെടുക്കാനൊരുങ്ങുന്നത്. പരമ്പരാഗത വ്യാപാരമേഖലയെ തകര്‍ക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ഈ നീക്കത്തില്‍ വ്യാപാരിസമൂഹത്തിനും ഉല്‍ക്കണ്ഠയും പ്രതിഷേധവുമുണ്ട്. തൃശൂര്‍ ശക്തന്‍ നഗറിലെ 11 ഏക്കര്‍ സ്ഥലമാണ് വ്യാപാര സുമച്ചയങ്ങള്‍ പണിയാന്‍ വിട്ടുനല്‍കുന്നത്. 51 ശതമാനം ഓഹരി പങ്കാളിത്തത്തോടെ കമ്പനി രൂപീകരിക്കാമെന്ന വ്യവസ്ഥയിലാണ് നിക്ഷേപകരെ ക്ഷണിക്കുന്നത്. ബിഒടി വ്യവസ്ഥയിലാകും നിര്‍മാണം. വന്‍കിട മാളുകളും സൂപ്പര്‍മാര്‍ക്കറ്റുകളും വരുന്നതോടെ പരമ്പരാഗത ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ അപ്രത്യക്ഷമാവും.
അതീവരഹസ്യമായാണ് ശക്തന്‍മാര്‍ക്കറ്റ് അടക്കമുള്ള തൃശൂര്‍ നഗരത്തിലെ സ്ഥലം കൈമാറ്റത്തിന് എമര്‍ജിങ് കേരള പദ്ധതിയില്‍ രൂപം നല്‍കിയിരിക്കുന്നത്. തൃശൂരില്‍ 26 ഏക്കര്‍ ഭൂമി എമര്‍ജിങ് കേരളയുടെ ഭാഗമായി വ്യവസായികള്‍ക്ക് വിട്ടുകൊടുക്കുമെന്ന് വെബ്സൈറ്റില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ ഭൂമി എവിടെയെന്ന് രേഖപ്പെടുത്തിയിട്ടില്ല. അത്താണിയിലോ പുഴയ്ക്കലിലോ ആകാമെന്നാണ് സൂചന. എന്നാല്‍ ഇത്തരത്തില്‍ ഏതെങ്കിലും സ്ഥലം തങ്ങളുടെ അറിവോടെ രേഖപ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പറയുന്നു. പീച്ചിക്കടുത്ത് കണ്ണാറയിലെ അടച്ചുപൂട്ടിയ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന സ്ഥലവും കൈമാറാന്‍ നീക്കമുണ്ട്. കൃഷിവകുപ്പിനു കീഴിലുള്ള ഈ സ്ഥലത്ത് നാളികേര ഉല്‍പ്പന്നങ്ങളുടെ ബയോപാര്‍ക്കും കൃഷിവകുപ്പിനു കീഴിലുള്ള 25 ഏക്കറില്‍പ്പരം വരുന്ന സ്ഥലവും കോടികള്‍ വിലമതിക്കുന്നതാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇവിടെ സ്റ്റേഡിയം നിര്‍മിക്കാന്‍ സ്പോര്‍ട്സ് കൗണ്‍സിലിനു കൈമാറാന്‍ നിശ്ചയിച്ചിരുന്നതാണ്. എമര്‍ജിങ് കേരളയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ തൃശൂര്‍-ഷൊര്‍ണൂര്‍ റോഡില്‍ ചെറുതുരുത്തി കൊച്ചിന്‍ പാലം വരെയും തൃശൂര്‍ മുതല്‍ മണ്ണുത്തിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ പങ്കാളിത്തം വരുന്നതോടെ ഈ റോഡുകളിലും ടോള്‍ സാധ്യതയേറി. മാള സഹകരണ മില്ലില്‍ സര്‍ജിക്കല്‍ കോട്ടണ്‍ നിര്‍മാണ യൂണിറ്റ്, അത്താണി എസ്ഐഎഫ്എല്ലില്‍ എയറോനോട്ടിക്കല്‍ ടെസ്റ്റിങ് ലബോറട്ടറി, തൃശൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ ന്യൂക്ലിയര്‍ സയന്‍സ് സെന്റര്‍, വടക്കാഞ്ചേരിയില്‍ ചെറുകിട ജലസേചന പദ്ധതി തുടങ്ങിയവയും എമര്‍ജിങ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നീക്കമുണ്ട്.
ശക്തന്‍ മാര്‍ക്കറ്റ് പതിച്ചുനല്‍കല്‍ ചെറുക്കും: വ്യാപാരി വ്യവസായി സമിതി
തൃശൂര്‍: ശക്തന്‍ മാര്‍ക്കറ്റും റോഡുകളും സ്വകാര്യകുത്തകകള്‍ക്ക് പതിച്ചുനല്‍കുന്നതിനെ ചെറുക്കുമെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടിയും ജില്ലാ സെക്രട്ടറി കെ എം ലെനിനും പറഞ്ഞു.
കോടികള്‍ വിലമതിക്കുന്ന ശക്തന്‍ മാര്‍ക്കറ്റിലെ 11 ഏക്കര്‍ ഭൂമിയും വന്‍ വികസനപ്രാധാന്യമുള്ള പാട്ടുരായ്ക്കല്‍-കൊച്ചിന്‍ പാലം റോഡും തൃശൂര്‍-മണ്ണുത്തി റോഡും വികസനത്തിന്റെ പേരില്‍ സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാനാണ് സര്‍ക്കാര്‍ നീക്കം. ഭൂമി ലഭിച്ചുകഴിഞ്ഞാല്‍ ശക്തന്‍ മാര്‍ക്കറ്റില്‍ വന്‍കിട മാളുകളാണ് രൂപംകൊള്ളുക. ഇത് തൃശൂരിന്റെ മൊത്തവ്യാപാര മേഖലയെ തകര്‍ക്കും. ചെറുതുരുത്തി റോഡും മണ്ണുത്തി റോഡും സ്വകാര്യവല്‍ക്കരിച്ചാല്‍ ടോള്‍പിരിവ് നിര്‍ബന്ധമായി വരും. 6.73 കോടിയും 1.6 കോടി രൂപയും മതിപ്പുവില കണക്കാക്കിയിട്ടുള്ള ഈ റോഡുകളില്‍ ടോള്‍പിരിവ് അടിച്ചേല്‍പ്പിച്ച് മുതല്‍മുടക്കിനേക്കാള്‍ 100 ഇരട്ടി ലാഭം കൊയ്യുകയാണ് ലക്ഷ്യം. എമര്‍ജിങ് കേരളയുടെ മറവില്‍ നാടിന്റെ സമ്പത്ത് കൊള്ളയടിക്കാനുള്ള നടപടികളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറാത്തപക്ഷം ശക്തമായ സമരത്തിന് സമിതി നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു.
നോളജ് സിറ്റിയും കച്ചവടതന്ത്രം: തോമസ് ഐസക്
കാലടി: സംസ്ഥാന സര്‍ക്കാര്‍ നോളജ് സിറ്റി എന്ന പേരില്‍ എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തി കേരളത്തിലെ വിദ്യാഭ്യാസമേഖലയും ലാഭക്കൊതിയന്മാരായ കച്ചവട മുതലാളിമാര്‍ക്ക് തീറെഴുതിക്കൊടുക്കാനാണ് ശ്രമിക്കുന്നതെന്ന് ടി എം തോമസ് ഐസക് എംഎല്‍എ. അസോസിയേഷന്‍ ഓഫ് ശ്രീശങ്കരാചാര്യ സാന്‍സ്ക്രിറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സിന്റെ അക്കാദമിക് ക്യാമ്പ് അങ്കമാലിയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ കൂണുപോലെ മുളച്ചുപൊന്തിയ ഡീംഡ് യൂണിവേഴ്സിറ്റികള്‍ക്കൊപ്പം വിദേശ സര്‍വകലാശാലകള്‍ക്ക് നിര്‍ബാധം കടന്നുവരാനുള്ള അവസരവും സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തു. സര്‍വീസ് മേഖലകളില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നതോടൊപ്പം എല്ലാം പെയ്ഡ് മേഖലകളാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. ക്ഷേമരാഷ്ട്രം എന്ന സങ്കല്‍പ്പത്തിനുപകരം എല്ലാം പണമുള്ളവനുവേണ്ടി എന്ന അവസ്ഥയിലേക്കാണ് ഇന്ത്യന്‍ സാഹചര്യവും മാറിക്കൊണ്ടിരിക്കുന്നതെന്ന് ഐസക് പറഞ്ഞു. യോഗത്തില്‍ സംഘടനാ പ്രസിഡന്റ് ഡോ. പി ചിദംബരന്‍ അധ്യക്ഷനായി. ഡോ. വി ജി ഗോപാലകൃഷ്ണന്‍, ബിച്ചു എക്സ് മലയില്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സെഷനുകളില്‍ ഡോ. രാജന്‍ വര്‍ഗീസ് (യുജിസി നിയമവും ഉന്നത വിദ്യാഭ്യാസരംഗത്തെ ഗുണനിലവാരവും), പ്രൊഫ. നൈാന്‍ കോശി (ഉന്നത വിദ്യാഭ്യാസരംഗത്തെ പുതിയ വെല്ലുവിളികള്‍) എന്നിവര്‍ ക്ലാസെടുത്തു.
deshabhimani 110912
Labels:
എമര്‍ജിങ് കേരള
Subscribe to:
Post Comments (Atom)
ശക്തന്‍ മാര്‍ക്കറ്റിലെയടക്കം സുപ്രധാന സ്ഥലങ്ങള്‍ എമര്‍ജിങ് കേരളയുടെ ഭാഗമായി വന്‍കിട വ്യാപാര ലോബിക്കു കൈമാറാന്‍ നീക്കം. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള മാര്‍ക്കറ്റ് വികസനമെന്ന ഓമനപ്പേരില്‍ കോടികള്‍ വിലയുള്ള സ്ഥലമാണ് കുത്തകകള്‍ തട്ടിയെടുക്കാനൊരുങ്ങുന്നത്.
ReplyDelete