Saturday, September 8, 2012
ആശങ്ക പങ്കിട്ട് മാധ്യമലോകവും
എമര്‍ജിങ് കേരളയിലെ സുതാര്യമല്ലാത്ത പദ്ധതികളോട് മാധ്യമപ്രവര്‍ത്തകര്‍ക്കും വിയോജിപ്പ്. മുഖ്യമന്ത്രി തലസ്ഥാനത്ത് വിളിച്ചുചേര്‍ത്ത എഡിറ്റര്‍മാരുടെ സമ്മേളനത്തിലാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ കേരളം വില്‍പ്പനയ്ക്ക് വച്ചതിലെ കടുത്ത ആശങ്കയും സന്ദേഹവും പങ്കിട്ടത്. എമര്‍ജിങ് കേരള പോലുള്ള സംരംഭങ്ങള്‍ക്ക് മാധ്യമങ്ങളുടെ പിന്തുണയുണ്ടാകുമെങ്കിലും പ്രതിപക്ഷത്തും ഭരണപക്ഷത്തുനിന്നുപോലും ഉയരുന്ന എതിര്‍ശബ്ദങ്ങള്‍ക്ക് മാധ്യമങ്ങള്‍ ഇടംനല്‍കുമെന്ന് ടി എന്‍ ഗോപകുമാര്‍ (ഏഷ്യാനെറ്റ് ന്യൂസ്) പറഞ്ഞു. സംശയങ്ങള്‍ ഭരണപക്ഷത്തുനിന്നു പോലും ഉണ്ടായതിലൂടെ, സംഘാടന പിഴവ് വ്യക്തമാണ്. വിവാദങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ നീക്കം ചെയ്ത പല പദ്ധതിയും വീണ്ടും വെബ്സൈറ്റില്‍ ഇടംപിടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപസംഗമത്തിന് തെരഞ്ഞെടുത്ത സമയം ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്ന് എം ജി രാധാകൃഷ്ണന്‍ (ഇന്ത്യാ ടുഡേ) വ്യക്തമാക്കി. അമേരിക്കയില്‍ അടക്കം നിക്ഷേപം കുറയുമ്പോള്‍ ഇവിടേക്ക് നിക്ഷേപത്തിന് ആളുവരണമെങ്കില്‍ പ്രകൃതിയെയും ഭൂമിയെയും തൊഴില്‍സേനയെയും മറ്റുപ്രദേശങ്ങളില്‍ അനുവദിക്കുന്നതിനപ്പുറമായി ചൂഷണം ചെയ്യാന്‍ സമ്മതിക്കണം. ആ ഉദ്ദേശ്യം സംഗമത്തിനുണ്ടെന്നു കരുതിയാല്‍ തെറ്റുപറയാന്‍ പാടില്ല- രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. വരേണ്യവിഭാഗത്തെ സന്തോഷിപ്പിക്കുമെങ്കിലും മേളയില്‍ വിഭാവനം ചെയ്യുന്ന പദ്ധതികള്‍ വരുമ്പോള്‍ ജനങ്ങളുടെ പൊതുവായ ജീവിതച്ചെലവ് ഉയരുമെന്ന വിപത്ത് മുന്‍കൂട്ടി കാണണമെന്ന് സി ഗൗരീദാസന്‍നായര്‍ (ദ ഹിന്ദു) ഓര്‍മപ്പെടുത്തി. നിക്ഷേപസംഗമങ്ങളുടെ ലക്ഷ്യത്തില്‍ പ്രധാനം തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുകയെന്നതാണെങ്കിലും ഫലത്തില്‍ അത് പാളുന്നതായി ഒ അബ്ദുറഹ്മാന്‍ (മാധ്യമം) ചൂണ്ടിക്കാട്ടി. ഐടി മേഖലയില്‍ അടിമപ്പണിയും കുറഞ്ഞ വേതനവും നിലവില്‍ വന്നു. കായികാധ്വാനമുള്ള മേഖലയില്‍ പുറംനാട്ടുകാരെ കുത്തിനിറയ്ക്കുകയും ചെയ്യുന്നു- അദ്ദേഹം പറഞ്ഞു.
ജിമ്മിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രതിപക്ഷനേതാവ് പങ്കെടുത്തെങ്കില്‍ എമര്‍ജിങ് കേരളയില്‍ പ്രതിപക്ഷം വിട്ടുനില്‍ക്കുകയും ഭരണപക്ഷത്തു തന്നെ ഭിന്നസ്വരം വരികയും ചെയ്തതിനാല്‍ സംരംഭകര്‍ക്ക് വിശ്വാസം വരാത്ത അന്തരീക്ഷമാണെന്ന് ആര്‍ എസ് ബാബു (ദേശാഭിമാനി) പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച സ്മാര്‍ട്ട്സിറ്റി, വിഴിഞ്ഞം തുടങ്ങിയവ പോലും യാഥാര്‍ഥ്യമാകാതിരിക്കെ, ജനങ്ങളുടെ ദൈനംദിന ജീവിതത്തിന് സഹായം നല്‍കുന്ന പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കാത്തതാണ് ബഹുജനങ്ങളുടെ പിന്തുണ കിട്ടാത്തതിനു കാരണമെന്ന് ജോണി ലൂക്കോസ് (മനോരമ ന്യൂസ്) പറഞ്ഞു. മാലിന്യ സംസ്കരണത്തില്‍ സംസ്ഥാനം നേരിടുന്നത് ആപത്കരമായ അവസ്ഥയാണെന്ന് മുരളീധരന്‍ (ആകാശവാണി) പറഞ്ഞു. പരിസ്ഥിതി സംരക്ഷണവും ഹരിതരാഷ്ട്രീയവും പ്രധാനമാണെന്ന് കെ പി മോഹനന്‍ (ജയ്ഹിന്ദ്) പറഞ്ഞു. എല്ലാ പദ്ധതിയും വെബ്സൈറ്റില്‍ വരട്ടെയെന്ന സര്‍ക്കാരിന്റെ സുതാര്യ ചിന്തയാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി മറുപടിയില്‍ വിശദീകരിച്ചു. പ്രതിപക്ഷവുമായി ചര്‍ച്ചനടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. അതിനായി കക്ഷിനേതാക്കളുമായി ബന്ധപ്പെടും. നിക്ഷേപകരുടെ സംഗമം രണ്ടുവര്‍ഷം കൂടുമ്പോള്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, കെ സി ജോസഫ് എന്നിവരും സംസാരിച്ചു.
deshabhimani 080912
Labels:
എമര്‍ജിങ് കേരള
Subscribe to:
Post Comments (Atom)
No comments:
Post a Comment