Thursday, September 6, 2012

ബില്‍ പാസാക്കാതെ മാറ്റി


കേന്ദ്ര-സംസ്ഥാന സര്‍വീസുകളിലെ സ്ഥാനക്കയറ്റത്തിന് പട്ടികജാതി-വര്‍ഗവിഭാഗക്കാര്‍ക്ക് പ്രത്യേക സംവരണം ഉറപ്പാക്കാന്‍ ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞില്ല. ഭേദഗതി എതിര്‍ത്ത് സമാജ്വാദി പാര്‍ടി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. അധ്യക്ഷപദവിയിലിരുന്ന പി ജെ കുര്യന്‍ ഇക്കാരണം കാട്ടി ബില്‍ പാസാക്കാന്‍ ശ്രമിക്കാതെ സഭ നിര്‍ത്തി. ഇതോടെ നടപ്പുസമ്മേളനത്തില്‍ ബില്‍ പാസാകില്ലെന്ന് തീര്‍ച്ചയായി.

സര്‍ക്കാരിനെ പുറമെനിന്നു പിന്തുണയ്ക്കുന്ന സമാജ്വാദി പാര്‍ടിയെയും ബിഎസ്പിയെയും ഒരേപോലെ തൃപ്തിപ്പെടുത്തുന്ന സമീപനമാണ് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് സ്വീകരിച്ചത്. ബിഎസ്പി ബില്ലിനെ പൂര്‍ണമായി പിന്താങ്ങുമ്പോള്‍ എസ്പിക്ക് വിയോജിപ്പാണ്. ബിഎസ്പിയെ സന്തോഷിപ്പിക്കാന്‍ ബില്‍ അവതരിപ്പിച്ച സര്‍ക്കാര്‍ പിന്നീട് എസ്പിയെ അനുനയിപ്പിക്കാന്‍ ബില്‍പാസാകില്ലെന്ന് തീര്‍ച്ചപ്പെടുത്തുകയും ചെയ്തു. കല്‍ക്കരി കുംഭകോണവിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണ് ഉദ്യോഗക്കയറ്റത്തിന് സംവരണം ഉറപ്പാക്കുന്ന ഭരണഘടനാ ഭേദഗതി ബില്‍ പെട്ടെന്ന് പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗം ബില്ലിന് അംഗീകാരം നല്‍കുകയും ബുധനാഴ്ച സഭയില്‍ അവതരിപ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

കല്‍ക്കരി വിഷയത്തില്‍ ചോദ്യോത്തരവേള തടസ്സപ്പെട്ടശേഷം പകല്‍ 12ന് സഭ ചേര്‍ന്നപ്പോഴാണ് ബില്‍ അവതരിപ്പിക്കാന്‍ മന്ത്രി നാരായണസ്വാമിയെ അധ്യക്ഷന്‍ ക്ഷണിച്ചത്. അതിനു മുമ്പുതന്നെ എസ്പി-ബിഎസ്പി അംഗങ്ങള്‍ കൈയാങ്കളി തുടങ്ങി. സഭ ചേര്‍ന്നപ്പോള്‍ എസ്പി അംഗങ്ങള്‍ നടുത്തളത്തിലേക്ക് നീങ്ങി. ഇവരെ തടയാന്‍ ബിഎസ്പി അംഗം അവ്താര്‍സിങ് കരിംപുരി ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. എസ്പി അംഗങ്ങള്‍ക്ക് ഇടയിലൂടെ മുന്നോട്ടുനീങ്ങാന്‍ ശ്രമിച്ച കരിംപുരിയെ എസ്പിയുടെ നരേഷ് അഗര്‍വാള്‍ തടഞ്ഞു. അഗര്‍വാളിനെ തള്ളിമാറ്റി മുന്നോട്ടുനീങ്ങാന്‍ കരിംപുരി ശ്രമിച്ചതോടെ കാര്യങ്ങള്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങി. മായാവതി ഉള്‍പ്പെടെ ബിഎസ്പിയുടെ മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ട് സ്ഥിതി ശാന്തമാക്കി. തുടര്‍ന്ന് സഭാധ്യക്ഷന്റെ ഇരിപ്പിടത്തിലേക്ക് എസ്പി അംഗങ്ങള്‍ കുതിച്ചു. ഇവരെ തടയാന്‍ വാച്ച് ആന്‍ഡ് വാര്‍ഡും രംഗത്തെത്തി.ബഹളത്തിനിടെ ബില്‍ അവതരണത്തിനായി പി ജെ കുര്യന്‍ മന്ത്രിയെ ക്ഷണിച്ചു. ഇതോടെ എസ്പി അംഗങ്ങള്‍ മന്ത്രിയുടെ നേരെ നീങ്ങി. മന്ത്രി നാരായണസ്വാമി ബില്‍ അവതരണത്തിന് അനുമതി തേടുന്നതായി അറിയിച്ചു. മന്ത്രിയില്‍ നിന്ന് കടലാസുകള്‍ വാങ്ങി കീറിയെറിയാന്‍ എസ്പി അംഗങ്ങള്‍ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിരോധിച്ചു.

ബില്‍ അവതരിപ്പിച്ചയുടന്‍ സഭ ഉച്ചയ്ക്കുശേഷം രണ്ടിന് ചേരാന്‍ പിരിയുന്നെന്ന് സഭാധ്യക്ഷന്‍ പറഞ്ഞു. രാജ്യസഭയിലെ കാര്യപരിപാടിയില്‍ ബില്‍ അവതരണം മാത്രമാണ് ആദ്യം ഉള്‍പ്പെടുത്തിയിരുന്നത്. സഭ പിരിഞ്ഞതിനു പിന്നാലെ ബില്ലിന്റെ പാസാക്കല്‍ കൂടി ഉള്‍പ്പെടുത്തി പുതിയ കാര്യപരിപാടി അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. എന്നാല്‍, സഭ വീണ്ടും ചേര്‍ന്നപ്പോഴും എസ്പി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ഭരണഘടനാ ഭേദഗതി ബില്‍ ഇത്തരമൊരു അന്തരീക്ഷത്തില്‍ പാസാക്കാനാകില്ലെന്ന് സഭാധ്യക്ഷന്‍ നിലപാടെടുത്തു.
(എം പ്രശാന്ത്)

deshabhimani 060912

No comments:

Post a Comment