Wednesday, May 1, 2013

ഷോക്കടിക്കും


വൈദ്യുതിയില്ലാതെ മണിക്കൂറുകളോളം ജനങ്ങള്‍ വലയുന്നതിനിടെ വൈദ്യുതിനിരക്ക് വീണ്ടും കുത്തനെ കൂട്ടി. 300 യൂണിറ്റിനു മേല്‍ പ്രതിമാസം ഉപയോഗിക്കുന്നവര്‍ക്ക് കനത്ത വര്‍ധനയുണ്ടാകും. ഒമ്പതു മാസത്തിനിടെ രണ്ടാമത്തെ വര്‍ധനയാണിത്. ബുധനാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. സ്ലാബ് സമ്പ്രദായം ഭാഗികമായി ഒഴിവാക്കിയാണ് നിരക്ക് കൂട്ടിയത്.

പ്രതിമാസം 301 മുതല്‍ 350 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ മുഴുവന്‍ യൂണിറ്റിനും അഞ്ചു രൂപ നല്‍കണം. 350 യൂണിറ്റിന് മുകളിലായാല്‍ 5.50 രൂപയും 400 യൂണിറ്റിന് മുകളിലായാല്‍ ആറ് രൂപയും 500 യൂണിറ്റിന് മുകളിലായാല്‍ മുഴുവന്‍ യൂണിറ്റിനും ഏഴ് രൂപയും ഈടാക്കും. സംസ്ഥാനത്തെ 42 ലക്ഷം ഗാര്‍ഹിക ഉപയോക്താക്കള്‍ ഉള്‍പ്പെടുന്ന 41 മുതല്‍ 300 യൂണിറ്റ് വരെയുള്ള വിഭാഗത്തില്‍ ആറു ശതമാനത്തിന്റെയാണ് വര്‍ധന. യൂണിറ്റനുസരിച്ച് ഘട്ടംഘട്ടമായി വില കൂടുന്ന സ്ലാബ് സമ്പ്രദായം നിലനിര്‍ത്തിയെങ്കിലും 80 യൂണിറ്റ് വരെയുള്ള ഉപയോഗം ഒന്നാം സ്ലാബിലാക്കി. നേരത്തേ 40 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് 40 യൂണിറ്റ് വരെ 1.50 രൂപയും 41 മുതല്‍ 80 യൂണിറ്റ് വരെ 2.40 രൂപയുമായിരുന്നത് ഏകോപിപ്പിച്ച് ഇപ്പോള്‍ മൊത്തം യൂണിറ്റിനും 2.20 രൂപയാക്കി. ഇതോടെ, 40 മുതല്‍ 80 വരെ യൂണിറ്റ് ഉപഭോഗമുള്ളവരുടെ നിരക്കും കുത്തനെ കൂടും.

81 മുതല്‍ 120 യൂണിറ്റ് വരെയുള്ള സ്ലാബില്‍ 10 പൈസ കൂട്ടി 3.00 രൂപയായും 121 മുതല്‍ 150 യൂണിറ്റ് വരെയുള്ളതില്‍ 20 പൈസ കൂട്ടി 3.80 രൂപയായും വര്‍ധിപ്പിച്ചു. 151 മുതല്‍ 200 വരെയുള്ള സ്ലാബില്‍ 5.30 രൂപയും 201 മുതല്‍ 300 വരെയുള്ളതില്‍ 6.50 രൂപയുമാണ് നിരക്ക്. ഈ രണ്ടു സ്ലാബുകളിലും 50 പൈസയാണ് യൂണിറ്റ് നിരക്കിലെ വര്‍ധന. കഴിഞ്ഞ വര്‍ഷം ഏര്‍പ്പെടുത്തിയ സ്ഥിരം നിരക്ക് വര്‍ധിപ്പിക്കണമെന്ന ബോര്‍ഡിന്റെ ആവശ്യം കമീഷന്‍ അംഗീകരിച്ചില്ല.

അടിസ്ഥാന കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള നിരക്ക് യൂണിറ്റിന് 1.50 രൂപയായി തുടരും. എന്നാല്‍, ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന ടിഷ്യൂ കള്‍ച്ചര്‍, കൂണ്‍ കൃഷി, പുഷ്പകൃഷി തുടങ്ങിയവയും പന്നിവളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, കന്നുകാലി വളര്‍ത്തല്‍ തുടങ്ങിയവയും ചേര്‍ത്ത് പ്രത്യേക വിഭാഗം രൂപീകരിച്ച് യൂണിറ്റിന് രണ്ടു രൂപയാക്കി. വ്യവസായ-വാണിജ്യ സ്ഥാപനങ്ങളുടെ ഗണത്തില്‍ ആറു ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്.

വൈദ്യുതി വിതരണത്തില്‍ സാമൂഹ്യനീതി ഉറപ്പാക്കിയിരുന്ന ക്രോസ് സബ്സിഡി ഘട്ടംഘട്ടമായി കുറയ്ക്കുക എന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഇപ്പോള്‍ തീരുമാനിച്ച നിരക്കുകള്‍ 2014 മാര്‍ച്ച് 31 വരെ നിലവിലുണ്ടാകും. നടപ്പു സാമ്പത്തിക വര്‍ഷത്തേക്ക് 2759 കോടി രൂപ കമ്മി കാണിക്കുന്ന കണക്കാണ് ബോര്‍ഡ് സമര്‍പ്പിച്ചിരുന്നത്. ഇതില്‍ 1574 കോടി രൂപ നിരക്ക് വര്‍ധനയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍, കണക്കുകള്‍ പുനഃക്രമീകരിച്ച കമീഷന്‍ 1050 കോടി രൂപയുടെ കമ്മി മാത്രമാണ് അംഗീകരിച്ചത്. ഇതില്‍ 640 കോടിയുടെ നിരക്കുവര്‍ധനയും അനുവദിച്ചു.

deshabhiman 010513

No comments:

Post a Comment