Wednesday, May 1, 2013
തലതാഴുന്ന സിബിഐയും യുപിഎ സര്‍ക്കാരും
സിബിഐയെ രാഷ്ട്രീയ യജമാനന്മാരില്‍നിന്ന് മോചിപ്പിക്കണം എന്ന് സുപ്രീംകോടതിക്ക് പറയേണ്ടിവന്ന സാഹചര്യം രാജ്യം മാഫിയാഭരണത്തിന്റെ കൈകളിലാണെന്നതിന്റെ തെളിവുകൂടിയാണ്. സര്‍ക്കാര്‍ വിശ്വാസവഞ്ചനകാട്ടി എന്നാണ്, കല്‍ക്കരിപ്പാടം അഴിമതിക്കേസ് പരിഗണിക്കുന്ന വേളയില്‍ സുപ്രീംകോടതി വിലയിരുത്തിയത്. ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബെഞ്ച് വേറെയും ശക്തമായ നിരീക്ഷണങ്ങള്‍ നടത്തി: രാഷ്ട്രീയ യജമാനന്മാരുടെ പിടിയിലാണ് കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സി. അതിനെ ആ പിടിയില്‍നിന്ന് മോചിപ്പിച്ച് സ്വതന്ത്ര ഏജന്‍സിയാക്കണം. ഭരണതലത്തില്‍ വിശ്വാസച്ചോര്‍ച്ച സംഭവിച്ചു. സര്‍ക്കാരിന്റെ നടപടിമൂലം ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകള്‍ക്കാണ് കോട്ടമുണ്ടായത്- എന്നിങ്ങനെ.
കല്‍ക്കരി കുംഭകോണകേസിന്റെ അന്വേഷണറിപ്പോര്‍ട്ടില്‍ നിയമ മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെട്ടാണ് തിരുത്തല്‍ വരുത്തിയത്. വരുത്തിയ തിരുത്തലുകള്‍ അക്കമിട്ട് സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നിയമമന്ത്രി അശ്വനികുമാറും പ്രധാനമന്ത്രിയുടെ ഓഫീസിലെയും കല്‍ക്കരി മന്ത്രാലയത്തിലെയും ജോയിന്റ് സെക്രട്ടറിമാരുമാണ് മാറ്റങ്ങള്‍ വരുത്തിയത്. റിപ്പോര്‍ട്ട് ഭരണതലത്തില്‍ ആരെങ്കിലും കണ്ടിട്ടുണ്ടോയെന്ന് സുപ്രീംകോടതി ആരാഞ്ഞതിന് നല്‍കിയ മറുപടിയിലാണ്, കാണുകയും തിരുത്തുകയും ചെയ്തിട്ടുണ്ടെന്ന് സിബിഐ അറിയിച്ചത്. റിപ്പോര്‍ട്ട് സര്‍ക്കാര്‍ കണ്ടിട്ടേയില്ല എന്നാണ് ആദ്യം കോടതിയില്‍ ബോധിപ്പിച്ചതെങ്കില്‍ പിന്നീട്, വ്യാകരണപ്പിശകും അച്ചടിപ്പിശകുമാണ് തിരുത്തിയതെന്ന ദുര്‍ബലവാദമാണുയര്‍ത്തിയത്. നിയമമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസും പ്രൂഫ് റീഡറുടെ പണിയാണെടുത്തതെന്ന് സുപ്രീംകോടതിയില്‍ പറയിപ്പിക്കാനുള്ള വെളിവില്ലായ്മ കാട്ടിയതില്‍നിന്നുതന്നെ മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധിയും ആശയക്കുഴപ്പവും വ്യക്തമാണ്.
രാജ്യത്തെ 194 കല്‍ക്കരി ഖനികള്‍ ലേലത്തിലൂടെയല്ലാതെ കൈമാറ്റംചെയ്യുക വഴി സ്വകാര്യ കമ്പനികള്‍ക്ക് 1.86 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടായതായാണ് 2010-2011 വര്‍ഷത്തെ കല്‍ക്കരി ഖനി കൈമാറ്റം സംബന്ധിച്ച കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. ആ റിപ്പോര്‍ട്ട് അവഗണിക്കാനാണ് മന്‍മോഹന്‍സിങ് തയ്യാറായത്. തുടര്‍ന്ന് കേന്ദ്ര വിജിലന്‍സ് കമീഷണറാണ്, അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്. കല്‍ക്കരിപ്പാടങ്ങള്‍ കൊള്ളയ്ക്ക് വിട്ടുകൊടുക്കുകയെന്നാല്‍, രാജ്യത്തിന്റെ പ്രകൃതിസമ്പത്ത് ആര്‍ത്തിമൂത്ത കച്ചവടക്കാര്‍ക്കുമുന്നില്‍ കാണിക്കവയ്ക്കുക എന്നാണ്. അങ്ങനെ ചെയ്യുന്നതിന്റെ കൂലി വാങ്ങുന്നത് ഭരണം നയിക്കുന്നവര്‍തന്നെയാണ്. ആ കൊള്ളക്കാരുടെ മുഖം നിയമത്തിനുമുന്നിലെത്താതിരിക്കാനാണ് സിബിഐയെ ചട്ടുകമാക്കിയത്്.
"രാഷ്ട്രീയലക്ഷ്യങ്ങളോടെ അന്വേഷണ ഏജന്‍സികളെ ഭരണകക്ഷി ഉപയോഗപ്പെടുത്തുന്നത്, ഉല്‍ക്കണ്ഠാജനകമായ വിഷയമാണ്" എന്ന് 2009 ജനുവരിയില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കിയതാണ്. എസ്എന്‍സി ലാവ്ലിന്‍ കേസില്‍, കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെ ദുഷ്പ്രേരണയ്ക്കും സമ്മര്‍ദത്തിനും വഴങ്ങി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ സിബിഐ പ്രതിചേര്‍ത്തപ്പോള്‍ പാര്‍ടി നടത്തിയ ഈ വിമര്‍ശമാണ് ഇന്ന് കൂടുതല്‍ രൂക്ഷമായ ഭാഷയില്‍ പരമോന്നത കോടതി ആവര്‍ത്തിച്ചിരിക്കുന്നത്. "കേന്ദ്രത്തിലെ ഭരണകക്ഷിയുടെ രാഷ്ട്രീയ സമ്മര്‍ദങ്ങളില്‍നിന്നും രാഷ്ട്രീയ സ്വാധീനത്തില്‍നിന്നും കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐ മുക്തമല്ല എന്നത് ഖേദകരമാണ്" എന്ന് സിപിഐ എം പറഞ്ഞപ്പോള്‍ അതിനെ പരിഹസിച്ചവര്‍ ഇപ്പോള്‍ സുപ്രീംകോടതിക്കുംനേരെ ആ പരിഹാസം ആവര്‍ത്തിക്കുമോ? അഴിമതിയുടെ മൊത്തക്കച്ചവടക്കാരാണ് ഭരണം നിയന്ത്രിക്കുന്നത്. 2ജി സ്പെക്ട്രം അഴിമതി, പ്രതിരോധ ഇടപാടുകളിലെ കോഴ എന്നിവയിലെല്ലാം പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തമാണ് തെളിവുസഹിതം പുറത്തുവന്നത്. അത്തരം കേസുകളിലാകെ അട്ടിമറി നടത്തി വേണ്ടപ്പെട്ടവരെ രക്ഷിക്കാനുള്ള ദൗത്യം സിബിഐക്കാണ്. കല്‍ക്കരിപ്പാടകാര്യത്തില്‍ സുപ്രീംകോടതിയുടെ കര്‍ക്കശ നിലപാടുകൊണ്ട് ഇത്രയും വെളിയില്‍ വന്നു. മറ്റു പല കേസുകളിലും ഭരണനേതൃത്വം കല്‍പ്പിക്കുന്നു; സിബിഐ അനുസരിക്കുന്നു; ഇച്ഛിക്കുന്ന കാര്യങ്ങള്‍ നടക്കുന്നു എന്നതാണവസ്ഥ.
സുപ്രീംകോടതിയോട് വിശ്വാസവഞ്ചന കാണിക്കുന്ന സര്‍ക്കാരിന് ജനങ്ങളോട് ആത്മാര്‍ഥത കാട്ടാന്‍ കഴിയുമെന്ന് സ്ഥിരബുദ്ധിയുള്ളവര്‍ വിശ്വസിക്കില്ല. ഇന്ത്യയെ അഴിമതിരാജ് ആക്കിയ കോണ്‍ഗ്രസ് നേതൃത്വം ഭരണത്തിന്റെ എല്ലാതലങ്ങളിലും അഴിമതിയുടെ വിഷബീജങ്ങളാണ് കുത്തിവച്ചിരിക്കുന്നത്. ഈ കൊള്ളക്കാരുടെ സംരക്ഷകരും ആജ്ഞാനുവര്‍ത്തികളുമായി മാറിയ സിബിഐ എന്ന അന്വേഷണ ഏജന്‍സിയുടെ അവസ്ഥ സഹതാപാര്‍ഹമാണ്. പണംകൊണ്ട് അധികാരം നേടുകയും അധികാരമുപയോഗിച്ച് പണമുണ്ടാക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിന് സിബിഐയുടെ വിശ്വാസ്യതയല്ല, സ്വന്തം നിലനില്‍പ്പാണ് പ്രശ്നം. അധികാരം സംരക്ഷിക്കാന്‍ കോടതിവിധിക്കുമേല്‍ അമിതാധികാരവാഴ്ച അടിച്ചേല്‍പ്പിച്ച പാരമ്പര്യമുള്ള ആ പാര്‍ടി നവ ഉദാരവല്‍ക്കരണകാലത്ത് എന്തുംചെയ്യാന്‍ മടിക്കില്ല. അത് സുപ്രീംകോടതിക്ക് ബോധ്യമായിരിക്കുന്നു. ആ ബോധ്യം ജനങ്ങളിലാകെ പടര്‍ത്തി അഴിമതിവ്യവസ്ഥയുടെ കടപുഴക്കിയെറിയുന്ന ബഹുജനമുന്നേറ്റത്തിനാണ് രാജ്യം വേദിയാകേണ്ടത്.
deshabhimani editorial 010513
Labels:
കോടതി,
രാഷ്ട്രീയം,
സിബിഐ
Subscribe to:
Post Comments (Atom)
No comments:
Post a Comment