Sunday, May 12, 2013
ഊരിന്റെ കണ്ണീരൊപ്പാന്‍
ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും ഇല്ലായ്മയുടെയും ജീവിത യാഥാര്‍ഥ്യങ്ങള്‍ സൂക്ഷ്മമായി കേട്ടും ചോദിച്ചറിഞ്ഞും കുഞ്ഞുങ്ങളെ നഷ്ടമായ അച്ഛനമ്മമാരെ ആശ്വസിപ്പിച്ചുമായിരുന്നു ഊരുകളിലൂടെയുള്ള സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ യാത്ര. അട്ടപ്പാടിയിലെ ഗുരുതരമായ സ്ഥിതിവിശേഷം എത്രമാത്രം ഗൗരവത്തോടെയാണ് സിപിഐ എം ഉള്‍ക്കൊണ്ടത് എന്നതിന് തെളിവാണ് പാര്‍ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന തുടര്‍പ്രവര്‍ത്തനങ്ങള്‍
നൊന്തുപെറ്റ കുഞ്ഞുങ്ങളില്‍നിന്ന് ജീവന്‍ കണ്‍മുന്നില്‍ പതിയെപ്പതിയെ ഇല്ലാതായതിന്റെ നടുക്കം മാറാത്ത അമ്മമാര്‍. മരണത്തിനു കീഴടങ്ങുന്ന കുട്ടികള്‍ക്കും വാവിട്ടുകരയുന്ന ആ അമ്മമാര്‍ക്കും മുമ്പില്‍ നിസ്സഹായരായി നില്‍ക്കേണ്ടിവന്ന കുടുംബനാഥന്മാര്‍. ഒപ്പം വേദന പങ്കിട്ട ഊരുവാസികള്‍. ഒരുനിമിഷം എല്ലാം മറന്ന് അവര്‍ തങ്ങളുടെ ദുഃഖങ്ങളുടെ കെട്ടഴിച്ചു. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും ഇല്ലായ്മയുടെയും ജീവിതയാഥാര്‍ഥ്യങ്ങളായിരുന്നു അത്. അതൊക്കെ സൂക്ഷ്മമായി കേട്ടും ഊരിന്റെ അവസ്ഥകളെക്കുറിച്ച് ചോദിച്ചറിഞ്ഞും കുഞ്ഞുങ്ങളെ നഷ്ടമായ അച്ഛനമ്മമാരെ ആശ്വസിപ്പിച്ചുമായിരുന്നു അട്ടപ്പാടിയിലെ ഊരുകളിലൂടെയുള്ള സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ യാത്ര. അത്യന്തം പരിഗണന ലഭിക്കേണ്ട ഒരു ജനവിഭാഗത്തിനു നേരെ രണ്ടുവര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ കാണിച്ച നെറികെട്ട അവഗണനയുടെ നേര്‍ചിത്രങ്ങളാണ് അദ്ദേഹം കണ്ടതും കേട്ടതും.
മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികളും ആരോഗ്യമേഖലയില്‍ ഉണ്ടാക്കിയ നേട്ടങ്ങളും ചുരുങ്ങിയ കാലയളവില്‍ തകര്‍ത്തെറിഞ്ഞ് യുഡിഎഫ് സര്‍ക്കാര്‍ ദുരിതംവിതച്ച മണ്ണിലൂടെയുള്ള യാത്രയായിരുന്നു അത്. ലോകമെമ്പാടും തൊഴിലാളികള്‍ മെയ് ദിനം ആഘോഷിക്കുന്ന പ്രഭാതത്തിലാണ് അട്ടപ്പാടിച്ചുരം കയറി ജനനായകന്‍ എത്തിയത്. സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. ഏറെനാളത്തെ ഇടവേളയ്ക്കുശേഷം എത്തുന്ന പ്രിയ സഖാവിനെ സ്വീകരിക്കാന്‍ പാര്‍ടി പ്രവര്‍ത്തകരാകെ ആവേശത്തിലായിരുന്നു. രാവിലെ ഒമ്പതിനുതന്നെ പ്രവര്‍ത്തകര്‍ അട്ടപ്പാടിയിലേക്കുള്ള വഴിയില്‍, മുക്കാലിയില്‍ വാഹനങ്ങളുമായെത്തി. ഒമ്പതരയോടെ മുക്കാലിയില്‍ ഒരു സമ്മേളനത്തിനുള്ള ആളായിരുന്നു. ഒരുനിമിഷംപോലും പാഴാക്കാതെ ഊരുകളിലേക്കുള്ള യാത്ര തുടങ്ങി.
മരിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കുകയായിരുന്നു ആദ്യ ദൗത്യം. നവജാതശിശുക്കളായ ഇരട്ടകള്‍ മരിച്ച നെല്ലിപ്പതി ഊരിലാണ് പിണറായി ആദ്യമെത്തിയത്. തന്റെ മാറത്തുകിടന്ന് മരിച്ച കുഞ്ഞുങ്ങളെയോര്‍ത്ത് പൊന്നമ്മ എന്ന അമ്മ ഒരു നിമിഷം നിശ്ചലയായി. പിന്നീട് കുഞ്ഞുങ്ങളുടെ അവസാനനിമിഷങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞുതുടങ്ങി. മറ്റു കുട്ടികള്‍ പട്ടിണിയിലാകുമെന്നതിനാല്‍ ഭര്‍ത്താവ് മരുതന്‍ ജോലിക്ക് പോയിരിക്കുകയാണെന്ന് പൊന്നമ്മ പറഞ്ഞു. തൊഴിലുറപ്പു പദ്ധതി നിലച്ചതോടെ ആര്‍ക്കും പണിയില്ലാതായി. കണ്ണീരുപോലും മരവിച്ച ഊരുവാസികളുടെ പരാതി. "ഒരു നേരത്തെ ഭക്ഷണത്തിന് എന്താ ചെയ്യുക" അവര്‍ ഒരേ ശബ്ദത്തില്‍ ചോദിച്ചു. അങ്കണവാടികളില്‍നിന്ന് കുട്ടികള്‍ക്ക് കഴിക്കാന്‍ എന്തെങ്കിലും കിട്ടാറുണ്ടോ എന്ന പിണറായിയുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി. നെല്ലിപ്പതി ഊരില്‍നാലു കുഞ്ഞുങ്ങളുടെ ജീവനാണ് പോഷകാഹാരമില്ലായ്മ തട്ടിയെടുത്തത്. കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട മരുതിയെയും ചിത്രയെയും ആരൊക്കെയോ ചേര്‍ന്ന് കൂട്ടിക്കൊണ്ടുവന്നു. കുട്ടികള്‍ക്ക് പ്രസവസമയത്ത് മതിയായ ഭാരമുണ്ടായിരുന്നില്ല എന്നായിരുന്നു അവരോട് ആശുപത്രിയിലുള്ളവര്‍ പറഞ്ഞത്. കുത്തിവച്ചതോടെ കുഞ്ഞുശരീരത്തിന്റെ ചലനം പതുക്കെ നിലച്ചു. ആ അമ്മമാരുടെ വാക്കുകള്‍ക്കും വിരാമമായി.
അതേഗ്രാമത്തിലെ മാരിയെന്ന പ്രായമായ സ്ത്രീ കരഞ്ഞുകൊണ്ട് എത്തിയത് മകന്‍ രങ്കന്റെ വിയോഗം പിണറായിയെ അറിയിക്കാനായിരുന്നു. അരിവാള്‍രോഗം (സിക്കിള്‍ സെല്‍ അനീമിയ) ബാധിച്ച രങ്കനെ മണ്ണാര്‍ക്കാട് ആശുപത്രിയിലെത്തിച്ചിട്ടും രക്ഷപ്പെട്ടില്ലെന്ന് മാരി പറഞ്ഞു. തനിക്ക് വേറെയാരുമില്ലെന്നുപറഞ്ഞ് അലമുറയിട്ട അവരെ ആശ്വസിപ്പിക്കാന്‍ എന്തുപറയണമെന്നറിയാതെ അദ്ദേഹം കുഴങ്ങി. രണ്ടുകോടി അഞ്ചുലക്ഷം രൂപ ചെലവഴിച്ച പദ്ധതിയില്‍ ഇനിയും 30 വീട് നിര്‍മിക്കാനുണ്ടെന്നായിരുന്നു ഊരുകാരുടെ പരാതി. ആദിവാസികളുടെ പേരില്‍ നടക്കുന്ന തട്ടിപ്പ് അവരുടെ വാക്കുകളില്‍നിന്ന് വ്യക്തമായിരുന്നു. ഓരോ കുടിലിലും ആറും ഏഴുംപേരാണ് താമസിക്കുന്നതെന്ന് പൊട്ടിപ്പൊളിഞ്ഞ വീടുകള്‍ ചൂണ്ടി ഊരുമൂപ്പന്‍ പറഞ്ഞു.
കാളിയമ്മയെന്ന ആറരമാസം പ്രായമായ കുഞ്ഞ് മരിച്ച ഊരാണ് തെക്കേകടമ്പാറ. കാളിയമ്മയുടെ അമ്മ വീരയെയും അച്ഛന്‍ സെല്‍വനെയും പിണറായി കണ്ടു. 20 ദിവസം കോട്ടത്തറ ആശുപത്രിയില്‍ കിടന്നിട്ടും സര്‍ക്കാരില്‍നിന്ന് ഒരു സഹായവും കിട്ടിയില്ലെന്ന് ചോദ്യത്തിന് മറുപടിയായി സെല്‍വന്‍ പറഞ്ഞു. ഷോളയൂര്‍ പഞ്ചായത്തിലെ ഈ ഊരില്‍ കുടിവെള്ളപദ്ധതിയുണ്ടെങ്കിലും വേനല്‍ക്കാലത്ത് കുടിക്കാന്‍ വെള്ളം കിട്ടില്ലെന്ന് ഊരുവാസികള്‍ പരാതിപ്പെട്ടു. കിലോമീറ്ററുകള്‍ നടന്ന് ശിരുവാണി എസ്റ്റേറ്റില്‍ സ്ത്രീപുരുഷഭേദമെന്യേ ജോലിക്ക് പോയാണ് അന്നന്നത്തെ അന്നം തേടുന്നത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ കുട്ടികളും പ്രായമായവരും ഊരില്‍ അനാഥരെപ്പോലെയാണ് കഴിയുന്നത്. തകര്‍ന്നുവീഴാന്‍ പാകത്തില്‍ നില്‍ക്കുന്ന 40 വര്‍ഷം പഴക്കമുള്ള വീടുകളും പിണറായി കണ്ടു. ജീവനുവേണ്ടി പിടയുന്ന കുഞ്ഞുമായി വടക്കേ കടമ്പാറയില്‍നിന്ന് എട്ടു കിലോമീറ്റര്‍ അകലെയുള്ള കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലേക്ക് ഓടിയ കാര്യമാണ് മരിച്ച കുഞ്ഞിന്റെ അച്ഛന്‍ സെല്‍വന്‍ പിണറായിയോട് വിശദീകരിച്ചത്. അവിടെനിന്ന് തൃശൂരില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരണത്തിനു കീഴടങ്ങി.
മൂന്നുമാസമായി പണിയില്ലെന്നും ഊരുവാസികള്‍ അറിയിച്ചു. കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട, കൈകാലുകള്‍ക്ക് വൈകല്യം ബാധിച്ച മല്ലേഷും ഇതിനിടയില്‍ സങ്കടം പറയാനെത്തി. പെന്‍ഷന്‍പോലും ലഭിക്കുന്നില്ലെന്നായിരുന്നു യുവാവിന്റെ പരാതി. അവിടെവച്ച് ശരവണവേല്‍ എന്ന രണ്ടരവയസ്സുകാരനെ കണ്ടപ്പോള്‍ ശരിക്കും ഞെട്ടി. അട്ടപ്പാടിയിലെ പട്ടിണിയുടെ ജീവിക്കുന്ന പ്രതീകമാണ് ശരവണവേല്‍. തുടര്‍ന്ന് വെള്ളമാരിയിലെത്തിയ പിണറായി ഊരുവാസികളോട് പ്രയാസങ്ങള്‍ ചോദിച്ചറിഞ്ഞു. പണിയും കൂലിയുമില്ലാത്തവര്‍ക്കൊക്കെ എപിഎല്‍ കാര്‍ഡാണെന്ന് പരാതിപ്പെട്ട അവര്‍ വിളകള്‍ നശിപ്പിക്കാന്‍ എത്തുന്ന ആനയെ തടയാന്‍ വൈദ്യുതിവേലി വേണമെന്നും പറഞ്ഞു. പാലൂരില്‍ ആചാരവാദ്യങ്ങളുമായാണ് പിണറായിയെ ആദിവാസി യുവാക്കള്‍ വരവേറ്റത്. കുട്ടിയെ നഷ്ടമായ കുമാര്‍-ലക്ഷ്മി ദമ്പതികളെ കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കത്തുന്ന ചൂടിനെ കൂസാതെ വരണ്ടമണ്ണിലൂടെ നടന്ന് പൊട്ടിപ്പൊളിഞ്ഞ കൂരകള്‍ കണ്ടു. നായപോലും കിടക്കാന്‍ മടിക്കുന്ന സ്ഥലത്താണ് തങ്ങള്‍ കിടക്കുന്നതെന്നും പുതിയ വീട് നിര്‍മിച്ചുനല്‍കാന്‍ എന്തെങ്കിലും ചെയ്യണമെന്നും ഊരിലെ പ്രായമായ സ്ത്രീകള്‍ പിണറായിയോട് പറഞ്ഞു. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെത്തിയപ്പോള്‍ പരാതിക്കാരായി എത്തിയത് ഡോക്ടര്‍മാരാണ്. ഇല്ലായ്മയുടെ ഭണ്ഡാരംതന്നെ അവര്‍ പിണറായിക്ക് മുന്നില്‍ തുറന്നുവച്ചു. ഊരുസന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അട്ടപ്പാടിയുടെ ദുരിതം പരിഹരിക്കാനുള്ള ജനകീയമാര്‍ഗങ്ങളുടെ സാധ്യതതേടുകയായിരുന്നു അദ്ദേഹം.
ജയകൃഷ്ണന്‍ നരിക്കുട്ടി deshabhimani varanthapathipp 120513
Labels:
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment