Tuesday, May 7, 2013
പ്രധാനമന്ത്രികാര്യാലയം റിപ്പോര്‍ട്ട് തിരുത്തി
കണക്കുപിഴച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: നിയമമന്ത്രി അശ്വനികുമാറിനെ മറയാക്കി പ്രധാനമന്ത്രിയെ രക്ഷിക്കാമെന്ന കോണ്‍ഗ്രസ് മോഹം പൊലിയുന്നു. അന്വേഷണ റിപ്പോര്‍ട്ട് നിയമമന്ത്രി തിരുത്തിയെന്നാണ് സിബിഐ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി മന്മോഹന്സിങ്ങിലേക്ക് അന്വേഷണം നീളുന്നത് തടസ്സപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
ധാര്‍മികതയുണ്ടെങ്കില്‍ കഴിഞ്ഞ ആഴ്ചതന്നെ അശ്വനികുമാര്‍ രാജി വയ്ക്കേണ്ടതായിരുന്നു. റിപ്പോര്‍ട്ട് പങ്കുവച്ച രാഷ്ട്രീയ മേലാളന്മാരില് നിയമമന്ത്രിയുമുള്ളതായി സിബിഐ കോടതിയില്‍ സമ്മതിച്ചു. എന്നാല്‍, റിപ്പോര്‍ട്ട് തിരുത്തിയിട്ടില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു. അതിനാല്‍ത്തന്നെ രാജി വയ്ക്കേണ്ട ആവശ്യമില്ലെന്നായിരുന്നു വാദം. പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് മുതിര്‍ന്ന മന്ത്രിമാര്‍ ആവശ്യപ്പെട്ടിട്ടും അശ്വനികുമാര്‍ തയ്യാറായില്ല. ഹൈക്കമാന്‍ഡ് പറഞ്ഞാല്‍മാത്രം പ്രസ്താവന എന്നായിരുന്നു വാശി.
സിബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചതിനു പിന്നാലെ അശ്വനികുമാര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. രണ്ടു മാറ്റങ്ങളാണ് മന്ത്രി പ്രധാനമായും വരുത്തിയത്. ഒന്ന്, കല്‍ക്കരി പാടങ്ങള്‍ വിതരണംചെയ്യാന്‍ കമ്പനികളുടെ വിശദമായ പട്ടിക തയ്യാറാക്കിയില്ല എന്ന ഭാഗം. വിശദമായ പട്ടിക തയ്യാറാക്കി യോഗ്യരായ കമ്പനികള്‍ക്ക് പാടങ്ങള്‍ നല്കിയിരുന്നെങ്കില് രാജ്യം കണ്ട വന്‍ കുംഭകോണം തടയാന്‍ കഴിയുമായിരുന്നു. മറിച്ച്, കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവരുടെ സ്വന്തക്കാര്‍ക്ക് തോന്നിയപോലെ പാടം നല്‍കുകയായിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടന്നാല്‍ അക്കാലത്ത് മന്ത്രാലയച്ചുമതലയുള്ള പ്രധാനമന്ത്രി പ്രതിക്കൂട്ടിലാകും. രണ്ട്, കല്‍ക്കരിപ്പാടം വിതരണംചെയ്തതിന്റെ നിയമസാധുത. വിതരണത്തിന് ലേലം നിര്‍ബന്ധമാക്കുന്ന നിയമഭേദഗതി പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കുമ്പോഴായിരുന്നു നടപടി. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷ സമ്മര്‍ദം കാരണമാണ് നിയമഭേദഗതി കൊണ്ടുവന്നത്. എന്നാല്‍, നിയമം പാര്‍ലമെന്റ് പരിഗണിക്കവെ സര്‍ക്കാര്‍ സ്ക്രീനിങ് കമ്മിറ്റിവഴി കല്‍ക്കരിപ്പാടങ്ങള്‍ വീതിച്ചുനല്‍കുകയായിരുന്നു. ഇതിന്റെ നിയമസാധുതയും സുപ്രിംകോടതി ചോദ്യം ചെയ്തിരുന്നു.
സിബിഐ അന്വേഷണം ഈ വഴിക്ക് നീണ്ടാല്‍ സര്‍ക്കാരിന് ഉത്തരംമുട്ടും. അശ്വനികുമാര്‍ ഇവിടെയും മന്‍മോഹന്‍സിങ്ങിന് രക്ഷകനായി. ഇക്കാര്യം പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് മന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് സിബിഐ നീക്കംചെയ്തു. മന്‍മോഹന്‍സിങ്ങിന്റെ രാജി ആവശ്യം തടുത്തുനിര്‍ത്താനുള്ള മറയായാണ് ഇതുവരെ കോണ്‍ഗ്രസ് അശ്വനികുമാറിനെ കണ്ടത്. അശ്വനികുമാര്‍ രാജിവച്ചാല്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യം ശക്തിപ്പെടുമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആശങ്ക. എന്നാല്‍, മന്ത്രിയെ ഉപയോഗിച്ച് അന്വേഷണത്തില്‍നിന്ന് രക്ഷപ്പെടാന്‍ മന്‍മോഹന്‍സിങ് നടത്തിയ അട്ടിമറിശ്രമവും മന്മോഹനെ അധികാരത്തില്‍ നിലനിര്‍ത്താന്‍ മന്ത്രിയെ ഉപയോഗിക്കാമെന്ന കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലും പിഴച്ചു.
പ്രധാനമന്ത്രികാര്യാലയം റിപ്പോര്‍ട്ട് തിരുത്തി
ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണക്കേസിന്റെ അന്വേഷണറിപ്പോര്‍ട്ട് തിരുത്തിയതില്‍ പ്രധാനമന്ത്രികാര്യാലയവും ഇടപെട്ടതായി സിബിഐ. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മന്‍മോഹന്‍സിങ് കല്‍ക്കരിവകുപ്പിന്റെ ചുമതലവഹിച്ചപ്പോള്‍ നടന്ന ക്രമക്കേട് പരാമര്‍ശിക്കുന്ന ഭാഗം നീക്കംചെയ്യാനായിരുന്നു ഇടപെടല്‍. പ്രധാനമന്ത്രികാര്യാലയത്തിനുപുറമേ നിയമമന്ത്രി അശ്വനികുമാര്‍, അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി, കല്‍ക്കരിമന്ത്രാലയ ജോയിന്റ് സെക്രട്ടറി എന്നിവരും റിപ്പോര്ട്ടുതിരുത്തലില് പങ്കാളികളായി.
മാറ്റംവരുത്തിയ റിപ്പോര്‍ട്ടാണ് സിബിഐ സുപ്രീംകോടതിയില്‍ നേരത്തേ സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതില്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ചു. റിപ്പോര്‍ട്ടിലെ തിരുത്തല്സംബന്ധിച്ച് സുപ്രീംകോടതി ആവശ്യപ്പെട്ട വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് തിങ്കളാഴ്ച സമര്‍പ്പിച്ച ഒമ്പത് പേജുള്ള സത്യവാങ്മൂലം. സിബിഐ ഡയറക്ടര്‍ പരിശോധിച്ച് അംഗീകരിച്ച റിപ്പോര്‍ട്ടിലാണ് മാര്‍ച്ച് ആറ്, ഏഴ് തീയതികളിലായി നിയമമന്ത്രി, അറ്റോര്‍ണി ജനറല്‍, പ്രധാനമന്ത്രികാര്യാലയം എന്നിവര്‍ മാറ്റങ്ങള്‍ വരുത്തിയതെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞു. മന്മോഹന്സിങ്ങിലേക്ക് അന്വേഷണം നീളുന്നത് ഒഴിവാക്കുന്നതിനാണ് റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയത്. ഇതിനായി നിയമമന്ത്രി അശ്വനികുമാറിനെയും ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തി.
മന്‍മോഹന്‍സിങ് കല്‍ക്കരിവകുപ്പിന്റെ ചുമതലവഹിച്ചിരുന്ന 2006-09 കാലത്തെ ഇടപാടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലെ ഭാഗം മാര്‍ച്ച് ആറിന് നിയമമന്ത്രി പരിശോധിച്ച് മാറ്റം നിര്‍ദേശിച്ചു. അറ്റോര്‍ണി ജനറല്‍ ജി വഹന്‍വതിയും അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്ന ഹരിന്‍ പി റാവലും യോഗത്തില്‍ പങ്കെടുത്തു. അതേദിവസം വഹന്‍വതി സിബിഐ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. മന്‍മോഹന്‍സിങ് വകുപ്പ് ചുമതല വഹിച്ചിരുന്നപ്പോഴും 1993-2005 കാലത്ത് നടന്ന കല്‍ക്കരി ഇടപാടുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ പരിശോധിച്ച് മാറ്റം നിര്‍ദേശിച്ചു. കല്‍ക്കരിപ്പാടങ്ങളുടെ വിതരണത്തിനായി സ്ക്രീനിങ് കമ്മിറ്റി കമ്പനികളുടെ പട്ടിക തയ്യാറാക്കാതിരുന്നതിനെക്കുറിച്ചുള്ള പരാമര്‍ശം നീക്കംചെയ്യാനായിരുന്നു മന്ത്രിയുടെ നിര്‍ദേശം. തുടര്‍ന്നാണ് പ്രധാനമന്ത്രികാര്യാലയം ഇടപെട്ടത്. ജോയിന്റ് സെക്രട്ടറി ശത്രുഘ്നന്‍ സിങ്, കല്‍ക്കരിമന്ത്രാലയ ജോയിന്റ് സെക്രട്ടറി എ കെ ഭല്ല എന്നിവര്‍ സിബിഐ ജോയിന്റ് ഡയറക്ടര്‍ ഒ പി ഗല്ഹോത്രയുമായി കൂടിക്കാഴ്ച നടത്തി. റിപ്പോര്‍ട്ടില്‍ വരുത്തിയ തിരുത്തല്മൂലം ആരുടെയെങ്കിലും പേരോ പ്രധാനപ്പെട്ട വിഷയമോ ഒഴിവാക്കിയില്ലെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.
deshabhimani 070513
Labels:
കല്‍ക്കരി ലേല ഇടപാട്,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment