Saturday, May 11, 2013
മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന് ഇന്ന് പതാക ഉയരും
മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന് ശനിയാഴ്ച തോപ്പുംപടിയില്‍ പതാക ഉയരും. മത്സ്യത്തൊഴിലാളികളുടെ ജീവനും തൊഴിലും സംരക്ഷിക്കുന്നതിനുള്ള ഐക്യ പ്രക്ഷോഭത്തിന് 13 വരെ നീളുന്ന സമ്മേളനം രൂപം നല്‍കുമെന്ന് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് എം എം ലോറന്‍സ്, ജനറല്‍ സെക്രട്ടറി അഡ്വ. വി വി ശശീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിദേശ മത്സ്യബന്ധന കപ്പലുകളുടെ അമിതവും അനിയന്ത്രിതവുമായ ചൂഷണത്തിനിടയിലും കൂടുതല്‍ കപ്പലുകള്‍ക്ക് നിയന്ത്രണമില്ലാതെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുന്നത് മത്സ്യത്തൊഴിലാളികളെ കൂടുതല്‍ വറുതിയിലേക്കു നയിക്കുകയാണ്. ദേശവിരുദ്ധ, തൊഴിലാളിവിരുദ്ധ കരാറുകള്‍ ഇതിനുപുറമെയാണ്. കടലില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു സുരക്ഷയും ഇല്ല. കടല്‍മത്സ്യബന്ധന നിയന്ത്രണ നിയമമെന്ന പേരില്‍ സ്വദേശി മത്സ്യത്തൊഴിലാളികളെ നിയന്ത്രിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. പാര്‍ലമെന്റില്‍ ഈ നിയമം പാസാക്കിയിട്ടില്ലെങ്കിലും ഇതിലെ തൊഴിലാളിദ്രോഹകരമായ പല നിബന്ധനകളും ഔദ്യോഗിക ഉത്തരവിലൂടെ നടപ്പാക്കുകയാണ്. ദിശതെറ്റുന്ന മത്സ്യത്തൊഴിലാളിക്ക് ഒമ്പതുലക്ഷം രൂപ പിഴയും തടവും വിധിക്കുന്നതാണ് ഈ നിയമം. അതേസമയം ദിശതെറ്റുന്ന കപ്പലുകളുടേത് അബദ്ധമായി കണ്ട് വിട്ടയക്കുകയും ചെയ്യുന്നു.
മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി അഞ്ച് നിയമങ്ങള്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പാസാക്കിയെങ്കില്‍ ഈ സര്‍ക്കാര്‍ രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ ഒരു ക്ഷേമവും നടപ്പാക്കിയില്ലെന്നു മാത്രമല്ല, ഉള്ള പദ്ധതികള്‍പോലും മരവിപ്പിച്ചു. മുന്‍ സര്‍ക്കാര്‍ മേഖലയില്‍ 3100 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയത്. എല്‍ഡിഎഫ് തുടക്കംകുറിച്ച കടാശ്വാസ കമീഷന്‍ ഇപ്പോള്‍ മരവിപ്പിച്ച നിലയിലാണ്. സുരക്ഷയുടെ പേരില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് അധികൃതര്‍ ഏര്‍പ്പെടുത്തുന്നത്. പരമ്പരാഗതമായി തൊഴിലെടുത്തിരുന്ന പല കേന്ദ്രങ്ങളിലും ഇവര്‍ക്ക് അപ്രഖ്യാപിത വിലക്ക് നേരിടേണ്ടിവരുന്നു. കൈയേറ്റങ്ങളിലൂടെ കായല്‍വിസ്തൃതി നാള്‍ക്കുനാള്‍ കുറയുമ്പോഴും ദുരിതം പേറേണ്ടിവരുന്നത് മത്സ്യത്തൊഴിലാളികളാണ്. ഇതിനെല്ലാമെതിരായ ഉശിരന്‍ പ്രക്ഷോഭത്തിന് സമ്മേളനം രൂപംനല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് പതാക-ദീപശിഖ-കൊടിമര-കപ്പി-കയര്‍ ജാഥകള്‍ സംഗമിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ എസ് ശര്‍മ എംഎല്‍എ പൊതുസമ്മേളന വേദിയായ കെ കെ എസ് മണി നഗറില്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. 12ന് രാവിലെ ടി കെ തങ്കപ്പന്‍നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ഫെഡറേഷന്‍ പ്രസിഡന്റ് എം എം ലോറന്‍സ് പതാക ഉയര്‍ത്തും. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി വി ശശീന്ദ്രന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ കെ കെ ദിനേശന്‍ കണക്കും അവതരിപ്പിക്കും. 13ന് രാവിലെ പ്രതിനിധിസമ്മേളനം തുടരും. വൈകിട്ട് നാലിന് കാല്‍ലക്ഷം പേര്‍ അണിനിരക്കുന്ന റാലിയോടെയാണ് സമ്മേളനം സമാപിക്കുക. സമാപന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തോപ്പുംപടി ഫിഷറീസ് ഹാര്‍ബറിന്റെ പ്രവേശനഭാഗത്ത് പ്രത്യേകം സജ്ജമാക്കിയ ഹാളിലാണ് പ്രതിനിധിസമ്മേളനവും പൊതുസമ്മേളനവും. 1,05,087 അംഗങ്ങളെ പ്രതിനിധീകരിച്ച് 326 പേര്‍ പ്രതിനിധിസമ്മേളനത്തില്‍ പങ്കെടുക്കും.
deshabhimani
Labels:
ട്രേഡ് യൂണിയന്,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment