Wednesday, May 1, 2013
വ്യവസായമേഖലയുടെ നട്ടെല്ല് തകര്‍ക്കും
ഒരുവര്‍ഷത്തിനിടെ രണ്ടാംതവണയും വൈദ്യുതിനിരക്ക് വര്‍ധിപ്പിച്ചത് സംസ്ഥാനത്തെ വ്യവസായമേഖലയുടെ നട്ടെല്ലു തകര്‍ക്കും. ഉല്‍പ്പാദനച്ചെലവിലെ വര്‍ധനയെത്തുടര്‍ന്ന് കനത്ത നഷ്ടത്തിലായ പല സ്ഥാപനങ്ങളെയും പുതിയ നിരക്കുവര്‍ധന അടച്ചുപൂട്ടലിലേക്ക് നയിച്ചേക്കും. രണ്ടുമുതല്‍ അഞ്ചുവരെ കോടി രൂപയുടെ അധിക ചെലവാണ് പുതിയ നിരക്ക് പല സ്ഥാപനങ്ങള്‍ക്കും വരുത്തുന്നത്. വന്‍കിട, ചെറുകിട വ്യത്യാസമില്ലാതെ മുഴുവന്‍ വ്യവസായങ്ങള്‍ക്കും നിരക്കുവര്‍ധന ദ്രോഹമാകും. വ്യവസായങ്ങള്‍ക്ക് ഏഴുശതമാനം നിരക്കുവര്‍ധനയെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതെങ്കിലും ഫലത്തില്‍ ഏഴരമുതല്‍ 12 ശതമാനംവരെ വര്‍ധനയാണ് വരുന്നതെന്ന് വ്യാവസായിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പ്രതിമാസം 10 ലക്ഷം യൂണിറ്റ് ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ നിരക്കു വരുത്തുന്നത് 42 ലക്ഷം രൂപയുടെ അധികബാധ്യതയാണ്. വര്‍ഷത്തില്‍ ഏതാണ്ട് അഞ്ചുകോടിയോളം രൂപ. കഴിഞ്ഞ ജൂലൈയിലെ വര്‍ധനമൂലം പ്രതിമാസം 1.46 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായത്.
പത്തു ലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ട്രാവന്‍കൂര്‍ കൊച്ചി കെമിക്കല്‍സ് (ടിസിസി), ബിനാനി സിങ്ക് എന്നീ കമ്പനികളാണ് കൂടുതല്‍ ബാധ്യത പേറേണ്ടിവരിക. ടിസിസി ചരിത്രത്തില്‍ നേടിയ ഏറ്റവും ഉയര്‍ന്ന ലാഭം ഏഴരക്കോടിയാണ്. വാര്‍ഷിക വിറ്റുവരവ് 200 കോടിയോളം രൂപയും. കഴിഞ്ഞ നിരക്കു വര്‍ധനവഴി 21 കോടിയുടെ അമിതഭാരമാണ് ഈ കമ്പനികള്‍ക്കുണ്ടായത്. ഇപ്പോഴത്തെ വര്‍ധനകൂടിയാകുമ്പോള്‍ കമ്പനിയുടെ നിലനില്‍പ്പുതന്നെ അപകടത്തിലാകുമെന്ന് അധികൃതര്‍ പറഞ്ഞു. ഫാക്ടിനും കെഎംഎംഎല്ലിനും കൂടുതലായി നാലുകോടി രൂപയുടെ ബാധ്യതയുണ്ടാകും. കാര്‍ബോറാണ്ടം യൂണിവേഴ്സലിന് മൂന്നുകോടി രൂപയുടെയും അപ്പോളോ ടയേഴ്സിന് രണ്ടുകോടി രൂപയുടെയും അമിതബാധ്യത വരും. ഉല്‍പ്പാദനച്ചെലവിലെ വര്‍ധനക്കു പുറമെ ആഗോള മാന്ദ്യവും വ്യവസായങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുള്ള സാഹചര്യത്തില്‍ വൈദ്യുതിനിരക്ക് വീണ്ടും ഉയര്‍ത്തിയത് കേരളത്തെ വ്യവസായങ്ങളുടെ ശവപ്പറമ്പാക്കുമെന്ന് ഹൈ ടെന്‍ഷന്‍ എക്സ്ട്രാ ഹൈ ടെന്‍ഷന്‍ ഇലക്ട്രിസിറ്റി കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റും കാര്‍ബോറാണ്ടം യൂണിവേഴ്സല്‍ കമ്പനി ജനറല്‍ മാനേജരുമായ എ ആര്‍ സതീശ് പറഞ്ഞു. ചെറുകിട വ്യവസായമേഖലയ്ക്കും നിരക്കുവര്‍ധന വന്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന് കേരള സ്റ്റേറ്റ് ചെറുകിട വ്യവസായ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് വി കെ സി മമ്മദ്കോയ പറഞ്ഞു.
(ഷഫീഖ് അമരാവതി)
നിരക്ക് വര്‍ധന പിന്‍വലിക്കണം: വി എസ്
കെഎസ്ഇബിയുടെ കമ്മി നികത്താന്‍ സര്‍ക്കാര്‍ ഗ്രാന്റ് നല്‍കി വൈദ്യുതിനിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഒമ്പതുമാസത്തിനിടയില്‍ രണ്ടാംപ്രാവശ്യവും വൈദ്യുതിനിരക്ക് കുത്തനെ വര്‍ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. വൈദ്യുതോല്‍പ്പാദനം വര്‍ധിപ്പിക്കാനോ കേന്ദ്രത്തില്‍നിന്ന് അധികവിഹിതം നേടിയെടുക്കാനോ ശ്രമിക്കാതെ നിസ്സഹായത അഭിനയിച്ച് ജനങ്ങളെ കഷ്ടപ്പെടുത്തുകയാണ് സര്‍ക്കാര്‍. അമിതനിരക്കും പവര്‍കട്ടും ലോഡ് ഷെഡിങ്ങും കാരണം ഇപ്പോള്‍ത്തന്നെ പ്രതിസന്ധിയിലായ വ്യവസായ-വാണിജ്യസ്ഥാപനങ്ങളുടെ വൈദ്യുതിനിരക്ക് വീണ്ടും വന്‍തോതില്‍ വര്‍ധിപ്പിച്ചത് തൊഴില്‍മേഖലയിലടക്കം കടുത്ത പ്രയാസം സൃഷ്ടിക്കുമെന്ന് വി എസ് പറഞ്ഞു.
deshabhimani 010513
Labels:
വലതു സര്‍ക്കാര്‍,
വാര്‍ത്ത,
വൈദ്യുതി
Subscribe to:
Post Comments (Atom)
No comments:
Post a Comment