Saturday, March 1, 2014

കെഎസ്ആര്‍ടിസിയില്‍ 10,000 പേര്‍ പുറത്താകും

പുനരുദ്ധാരണ പാക്കേജിന്റെ മറവില്‍ സ്വകാര്യവല്‍ക്കരണ നടപടികള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയിലെ പതിനായിരത്തിലധികം തൊഴിലാളികളെ പുറത്താക്കും. പുനുരുദ്ധാരണ പാക്കേജ് എന്ന പേരില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയ സ്വകാര്യവല്‍ക്കരണ നയരേഖയുടെ മറവിലാണ് നീക്കം. കോര്‍പറേഷന്റെ ഇപ്പോഴത്തെ പ്രതിസന്ധി മുതലെടുത്ത് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിനൊപ്പം അമിതജോലിഭാരം അടിച്ചേല്‍പ്പിക്കുകയും ചെയ്യും. പിഎസ്സി അഡൈ്വസ് മെമ്മോ ചെയ്തവര്‍ക്കും ഇനി നിയമനം നല്‍കില്ല. കോര്‍പറേഷനിലെ ബസ്, തൊഴിലാളി അനുപാതം 1: 7.8 ആണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. പുനരുദ്ധാരണത്തിന്റെ ഭാഗമായി ഇത് 1: 5.5 ആയി കുറയ്ക്കണമെന്നാണ് ആവശ്യം. ഇതിനായി നിറംപിടിപ്പിച്ച കണക്കുകളോടെ റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നു.

പാക്കേജിലെ കണക്കനുസരിച്ച് 35,000 സ്ഥിരം തൊഴിലാളികളുണ്ട്. 9,801 താല്‍ക്കാലിക ജീവനക്കാരെ പുറംകരാര്‍ തൊഴിലിന്റെ സ്വഭാവത്തില്‍ നിയമിച്ചിട്ടുണ്ട്്. ഇവര്‍ക്ക് അവധി ആനുകൂല്യങ്ങളടക്കം ഒന്നും ലഭ്യമല്ല. ജോലിയുള്ള ദിവസത്തെ കൂലിമാത്രം നല്‍കുന്നു. പാക്കേജില്‍ എം-പാനല്‍, താല്‍ക്കാലിക തൊഴിലാളികളെയും ഉള്‍പ്പെടുത്തി ബസ്- തൊഴിലാളി അനുപാതം നിശ്ചയിച്ചു. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനായി കണക്കില്‍ വെള്ളം ചേര്‍ത്തു. സുരക്ഷ, സാനിറ്ററി, അറ്റകുറ്റപ്പണി മേഖലയിലെ താല്‍ക്കാലിക തൊഴിലാളികളെയും സ്ഥിരം ജീവനക്കാരായി കണക്കാക്കി ബസ്-തൊഴിലാളി അനുപാതം നിര്‍ണയിക്കുകയായിരുന്നു. നിലവില്‍ അനുവദിച്ച 5,621 ഷെഡ്യൂളും 35,000 ജീവനക്കാരും എന്ന കണക്കനുസരിച്ച് അനുപാതം 6.22 ആണ്. അനുപാതം 7.8 ആയി പെരുപ്പിച്ചുകാട്ടിയതിലൂടെ കുറഞ്ഞത് പതിനായിരം പേര്‍ പുറത്താകും. തൊഴിലാളികളുടെ ജോലിഭാരം വര്‍ധിപ്പിക്കണമെന്നും എല്ലാ സര്‍വീസുകളുടെയും ദൈര്‍ഘ്യം വര്‍ധിപ്പിക്കണമെന്നതും ശുപാര്‍ശയിലുണ്ട്.

അധികഡ്യൂട്ടിക്ക് അലവന്‍സ് മാത്രം നല്‍കും. അധികഡ്യൂട്ടി കണക്കാക്കല്‍ ഇല്ലാതാക്കും. എല്ലാ ജീവനക്കാര്‍ക്കും എം-പാനല്‍ കൂലി നടപ്പാക്കുന്നതിന്റെ ഭാഗമായ നടപടിയാണിത്. പ്രതിസന്ധിയുടെ പേരില്‍ വികസന പദ്ധതികള്‍ ഉപേക്ഷിച്ചതോടെ കോര്‍പറേഷനില്‍ സമ്പൂര്‍ണ നിയമന നിരോധനം നടപ്പാക്കി. മൂന്നുവര്‍ഷത്തെ പ്രതീക്ഷിത ഒഴിവുകൂടി കണക്കിലെടുത്ത് 9,300 കണ്ടക്ടര്‍ ഒഴിവ് പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്രയും പേര്‍ക്ക് പിഎസ്്സി അഡൈ്വസ് മെമ്മോ അയച്ചു. എന്നാല്‍, 3,000 പേര്‍ക്കാണ് കോര്‍പറേഷന്‍ നിയമനം നല്‍കിയത്. 3,808 ഒഴിവേയുള്ളൂവെന്നാണ് മാനേജ്മെന്റ് വാദം. നിലവിലെ ഷെഡ്യൂള്‍ വെട്ടിക്കുറയ്ക്കുന്നതും, പുതിയ ഷെഡ്യൂള്‍ ആരംഭിക്കാത്തതുമാണ് കാരണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതിവര്‍ഷം 500 പുതിയ ഷെഡ്യൂള്‍ ഉറപ്പാക്കിയതിലൂടെ 20,000 പേര്‍ക്കാണ് കോര്‍പറേഷനില്‍ നിയമനം ലഭിച്ചത്.

ജി രാജേഷ്കുമാര്‍

കെഎസ്ആര്‍ടിസിയില്‍ ശമ്പളവും വൈകി

തിരു: കെഎസ്ആര്‍ടിസിയില്‍ ശമ്പളവും അനിശ്ചിതത്വത്തില്‍. മാസത്തിലെ അവസാന പ്രവൃത്തിദിവസമായ വെള്ളിയാഴ്ച ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ശമ്പളം വൈകിയും കിട്ടിയില്ല. ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ മാനേജ്മെന്റ് ഇടപെട്ട് ശമ്പളം ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതായി അറിയിച്ചു. എന്നാല്‍, പലരുടെയും ശമ്പളം അക്കൗണ്ടില്‍ എത്തിയിട്ടില്ല. പെന്‍ഷന്‍ രണ്ടുമാസമായി കുടിശ്ശിക ആയതിനുപിന്നാലെയാണ് ശമ്പളവും വൈകിപ്പിച്ചത്.

സര്‍ക്കാര്‍ അനുവദിച്ച തുക സമയത്ത് ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. 100 കോടി രൂപ സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 50 കോടിയും അടുത്ത രണ്ടുമാസം 25 കോടി വീതവും നല്‍കുമെന്നാണ് പറഞ്ഞത്. എന്നാല്‍, വെള്ളിയാഴ്ചയും ഈ മാസത്തെ തുക കോര്‍പറേഷന് ലഭിച്ചില്ല. 40 കോടി രൂപയാണ് ശമ്പളവിതരണത്തിന് ആവശ്യം. പെന്‍ഷന്‍ കുടിശ്ശികയ്ക്ക് 21 കോടിയും. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ലഭിച്ചാലും 11 കോടിയില്‍പരം രൂപ കണ്ടെത്തിമാത്രമേ പെന്‍ഷനടക്കം വിതരണം ചെയ്യാനാകൂ. വെള്ളിയാഴ്്ച വൈകിയും ശമ്പളം ലഭിക്കാഞ്ഞതിനാല്‍ ഹരിപ്പാട്, കോഴിക്കോട് തുടങ്ങി വിവിധ ഡിപ്പോകളില്‍ ജീവനക്കാര്‍ മിന്നല്‍ പണിമുടക്കിലേക്ക് നീങ്ങി. അസോസിയേഷന്‍ നേതൃത്വം ഇടപെട്ടാണ് ജീവനക്കാരെ പിന്തിരിപ്പിച്ചത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷന്‍ കുടിശ്ശികയും വിതരണംചെയ്തശേഷമേ താന്‍ ശമ്പളം വാങ്ങൂവെന്ന് ഗതാഗതമന്ത്രി അവകാശപ്പെട്ടിരുന്നു.

പണിമുടക്ക് തുടങ്ങി

തിരു: വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കിയതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിലച്ചു. ബസുകളൊന്നും ഓടുന്നില്ല. ശനിയാഴ്ച അര്‍ധരാത്രിവരെ പണിമുടക്ക് തുടരും.

സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സംരക്ഷിക്കുക, പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്ത് യഥാസമയം വിതരണംചെയ്യുക, കോര്‍പറേഷന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക, ദേശസാല്‍കൃത-അന്തര്‍സംസ്ഥാന റൂട്ടുകള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്് സൂചനാപണിമുടക്ക്.

കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) എഐടിയുസി, ടിഡിഎഫ്, ബിഎംഎസ്, ലേബര്‍ യൂണിയന്‍ തുടങ്ങി കോര്‍പറേഷനിലെ ഭൂരിപക്ഷം സംഘടനകളും സമരരംഗത്താണ്. പണിമുടക്കിയ തൊഴിലാളികളും ജീവനക്കാരും വെള്ളിയാഴ്ച രാത്രി വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. ശനിയാഴ്ച രാവിലെ 10ന് എല്ലാ ഡിപ്പോ കേന്ദ്രങ്ങളിലും തലസ്ഥാനത്ത് സെക്രട്ടറിയറ്റിനു മുമ്പിലും പ്രകടനം നടക്കും. അതിനിടെ പണിമുടക്ക് നേരിടാന്‍ കെഎസ്ആര്‍ടിസി എംഡി ഡയസ്നോണ്‍ പ്രഖ്യാപിച്ചു.

deshabhimani

No comments:

Post a Comment