കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഫാക്ടിന്റെ പുനരുജ്ജീവന പാക്കേജിന് അംഗീകാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ വിസമ്മതിച്ചു. 999.90 കോടി രൂപയുടെ പാക്കേജ് ധനമന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടെങ്കിലും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ താല്‍പ്പര്യമില്ലായ്മ മൂലം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാക്കേജിന് അംഗീകാരമുണ്ടാകില്ലെന്ന് തീര്‍ച്ചയായി. ഏതുനിമിഷവും പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നിരിക്കെ വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ഫാക്ടിലെ ജീവനക്കാരുടെ പ്രതീക്ഷയത്രയും. അനുകൂല തീരുമാനമെടുക്കാതെ മന്ത്രിസഭാ യോഗം പിരിഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പായി പാക്കേജ് അംഗീകരിക്കാതെ വന്നാല്‍ ഫാക്ടിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലാകും. നാഫ്ത ഇന്ധനമായി വളം ഉല്‍പ്പാദനം നടത്തുന്ന രാസവളം കമ്പനികള്‍ക്ക് നല്‍കുന്ന പ്രത്യേക സഹായമെന്ന നിലയില്‍ 149.68 കോടി രൂപ മാത്രം ഫാക്ടിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 2010 ജൂലൈ 1 മുതല്‍ 2013 ഒക്ടോബര്‍ 4 വരെയുള്ള കാലയളവില്‍ നാഫ്ത ഉപയോഗിച്ച് ഉല്‍പ്പാദനം നടത്തിയതിന് സഹായമെന്ന നിലയിലാണിത്. നാഫ്തയില്‍നിന്ന് പ്രകൃതിവാതകത്തിലേക്ക് മാറിയതിനാല്‍ ഈ സഹായം തുടര്‍ന്ന് ലഭിക്കില്ല. എല്‍എന്‍ജി വിലനിര്‍ണയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നയരൂപീകരണം നടത്തണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല.
നിലവില്‍ എല്‍എന്‍ജിക്ക് ഉയര്‍ന്ന വിലയാണ് ഫാക്ട് നല്‍കുന്നത്. ഫാക്ടിന് കുറഞ്ഞ നിരക്കില്‍ എല്‍എന്‍ജി ലഭ്യമാക്കണമെന്ന ആവശ്യം ദീര്‍ഘനാളായി നിലനില്‍ക്കുന്നതാണ്. നിലവില്‍ നാഫ്തയേക്കാള്‍ ഉയര്‍ന്ന വിലയാണ് ഫാക്ട് എല്‍എന്‍ജിക്ക് നല്‍കുന്നത്. മന്ത്രിസഭായോഗത്തില്‍ ഈ വിഷയം താന്‍ ഉന്നയിച്ചതായിമാത്രം കേന്ദ്ര മന്ത്രി കെ വി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്നൂറ് കോടി രൂപ പലിശരഹിത വായ്പ, 250 കോടി രൂപ ഗ്രാന്റ്, നിലവിലുള്ള വായ്പയില്‍ 212.79 കോടി രൂപ എഴുതിത്തള്ളല്‍, പലിശ ഇനത്തില്‍ 159.17 കോടി രൂപ എഴുതിത്തള്ളല്‍ എന്നിങ്ങനെയാണ് ഫാക്ടിന്റെ പുനരുജ്ജീവന പാക്കേജ്. വളംമന്ത്രാലയം അംഗീകരിച്ച പാക്കേജ് നിലവില്‍ ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് കെ വി തോമസ് പറഞ്ഞു. ധനമന്ത്രി ചിദംബരമാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും തോമസ് പറഞ്ഞു.
ഫാക്ട് സംരക്ഷണ സായാഹ്നം ഇന്ന്
കൊച്ചി: ഫാക്ടിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച ഫാക്ട് സംരക്ഷണ സായാഹ്നം സംഘടിപ്പിക്കുമെന്ന് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉദ്യോഗമണ്ഡല്‍ ഫാക്ട് കവലയിലാണ് പരിപാടി. വൈകിട്ട് അഞ്ചിന് കണ്ടെയ്നര്‍ റോഡ് ഫാക്ട് ആനവാതിലില്‍നിന്ന് സമരപ്പന്തലിലേക്ക് മഹാറാലി. 5.30ന് പൊതുസമ്മേളനം. ഏഴിന് പ്രതിഷേധജ്വാലകൊളുത്തലും പ്രതിജ്ഞയെടുക്കലും. തുടര്‍ന്ന് കലാസന്ധ്യ എന്നിവയാണ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും തൊഴിലാളിസംഘടനകളുടെയും പ്രമുഖ നേതാക്കളും ജനപ്രതിനിധികളും സാമൂഹ്യ-സാംസ്കാരിക-സാഹിത്യ നായകരും സിനിമ, മിമിക്രി രംഗത്തുള്ള കലാകാരന്മാരും അണിനിരക്കും.
ഫാക്ടിന് സാമ്പത്തിക പാക്കേജ് അനുവദിക്കുന്നതടക്കം വിവിധ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. ഒന്നരവര്‍ഷമായി നടത്തുന്ന നിവേദനങ്ങള്‍ക്കും 132 ദിവസമായി ഫാക്ട് ഉദ്യോഗമണ്ഡലില്‍ നടത്തിയ സത്യഗ്രഹത്തിനും ഫലപ്രാപ്തിയുണ്ടായില്ല. അതിനാല്‍ അനിശ്ചിതകാല നിരാഹാരസത്യഗ്രഹം 33 ദിനങ്ങളായി നടത്തി വരികയാണ്. കേരളത്തിലെ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും ജനവിഭാഗങ്ങളുടെയും പിന്തുണയാര്‍ജിച്ച് സമരം കൂടുതല്‍ ശക്തമാവുകയാണെന്ന് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ ചന്ദ്രന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫാക്ടിന് സാമ്പത്തിക പാക്കേജ് എത്രയും വേഗം അനുവദിക്കണം. തെരഞ്ഞെടുപ്പുവിജ്ഞാപനം വന്നുകഴിഞ്ഞാല്‍ ഇത് സാധ്യമല്ല. താമസിച്ചാല്‍ ഫാക്ട് പീഡിതവ്യവസായങ്ങളുടെ ഗണത്തില്‍പ്പെടും. സാമ്പത്തിക പാക്കേജ് ഇല്ലെങ്കില്‍ കാപ്രോലാക്ടം, അമോണിയ പ്ലാന്റുകള്‍ക്കു പിന്നാലെ മറ്റു പ്ലാന്റുകള്‍കൂടി നിശ്ചലമാകും. ഫാക്ട് അടഞ്ഞുപോയാല്‍ സ്ഥാപനത്തിലെ 2750 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും. ദക്ഷിണേന്ത്യയില്‍ 11 ലക്ഷം ടണ്‍ രാസവളം കര്‍ഷകന് ലഭ്യമാകാത്ത സ്ഥിതിയുമുണ്ടാകും. രാജ്യത്തിന്റെ ഭക്ഷ്യോല്‍പ്പാദനത്തെ ഇത് ഗണ്യമായി ബാധിക്കുമെന്ന് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
കണ്‍വീനര്‍ കെ എന്‍ ഗോപിനാഥ്, അഡ്വ. കെ പി ഹരിദാസ്, എന്‍ പി ശങ്കരന്‍കുട്ടി, കെ വിജയന്‍പിള്ള എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani
No comments:
Post a Comment