Saturday, March 8, 2014

വിദ്യാഭ്യാസ വായ്പാ മൊറട്ടോറിയം കേന്ദ്രസര്‍ക്കാര്‍ അട്ടിമറിച്ചു

വിദ്യാഭ്യാസ വായ്പകള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം കേന്ദ്രസര്‍ക്കാര്‍ അട്ടിമറിച്ചു. പലിശ സബ്സിഡി സംബന്ധിച്ച് നോഡല്‍ ബാങ്കായ കനറബാങ്കിന് കേന്ദ്ര സര്‍ക്കാരില്‍നിന്നു ലഭിച്ച ഉത്തരവിലാണ് അട്ടിമറി വ്യക്തമാകുന്നത്. 2009 മാര്‍ച്ച് 31 വരെയുള്ള വായ്പക്കാണ് കേന്ദ്രം മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് 2600 കോടി രൂപയോളം പലിശ സര്‍ക്കാര്‍ എഴുതിത്തള്ളുമെന്ന് ധനമന്ത്രി പി ചിദംബരം പാര്‍ലമെന്റില്‍ ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഒമ്പതു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഇത് പ്രയോജനപ്പെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

എന്നാല്‍ കനറ ബാങ്കിനു ലഭിച്ച ഉത്തരവ് പ്രകാരം 2009 മാര്‍ച്ച് 31 വരെ വായ്പയെടുത്തവര്‍ക്ക് തിരിച്ചടവു കാലാവധി വരെയുള്ള പലിശ മുതലായി കണക്കാക്കും. കോഴ്സ് കഴിഞ്ഞ് ഒരുവര്‍ഷത്തിനു ശേഷമോ ജോലി കിട്ടിയശേഷമോ, ഏതാണോ ആദ്യം അത് പ്രകാരമാണ് തിരിച്ചടവ് ആരംഭിക്കേണ്ടത്. പുതിയ ഉത്തരവ് പ്രകാരം പലിശ മുതലിനൊപ്പം ചേരുന്നതോടെ ഭീമമായ സംഖ്യ തിരിച്ചടക്കണം. പിന്നീടുള്ള പലിശ, 2013 ഡിസംബര്‍ 31 വരെ വായ്പാ തവണ അടച്ചിട്ടില്ലെങ്കില്‍ മാത്രം എഴുതിത്തള്ളുമെന്നും ഉത്തരവ് പറയുന്നു. ഇതോടെ കൃത്യമായി വായ്പ അടയ്ക്കുന്നവര്‍ക്ക് പ്രയോജനം കിട്ടില്ലെന്നു വ്യക്തമായി. വായ്പയെടുത്ത് പഠിച്ച ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ദുരിതം ഇരട്ടിയാക്കുന്നതാണ് ഈ വഞ്ചന. 2009 ഏപ്രില്‍ ഒന്നിനുശേഷം വായ്പയെടുത്ത, വാര്‍ഷിക വരുമാനം നാലരലക്ഷം വരെയുള്ളവര്‍ക്ക് തിരിച്ചടവു കാലാവധിവരെ പലിശയുണ്ടാവില്ല. എന്നാല്‍ ഈ ആനുകൂല്യം 2009 മാര്‍ച്ച് 31 വരെ വായ്പയെടുത്തവര്‍ക്ക് ഇല്ലാതാക്കുകയാണ് ഫലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്തത്.

അഞ്ജുനാഥ് deshabhimani

No comments:

Post a Comment