Saturday, March 8, 2014

മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ റദ്ദാക്കണം

തുടക്കംമുതല്‍ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പു ഓഫീസര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ എല്‍ഡിഎഫ് പരാതിപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് സംസ്ഥാന മന്ത്രിസഭായോഗം ചേര്‍ന്ന് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പു കമീഷന്റെ മാതൃകതെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണെന്ന് യോഗത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാറും ചൂണ്ടിക്കാട്ടി. ഈ പ്രഖ്യാപനങ്ങള്‍ റദ്ദുചെയ്യാനും സര്‍ക്കാരിനെതിരെ നടപടി സ്വീകരിക്കാനും തയ്യാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഈ കാര്യം പരിശോധിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പു കമീഷനെ അറിയിക്കുമെന്നും മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ നളിനി നെറ്റോ അറിയിച്ചു.

ബുധനാഴ്ച തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് മന്ത്രിസഭായോഗം ചേരുകയും തുടര്‍ന്ന് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നിരവധി വാഗ്ദാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. ഇത് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്ന് വ്യാപക വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി ശശി തരൂര്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ലക്ഷങ്ങള്‍ പൊടിച്ച് നടത്തുന്ന പ്രചാരണം തെരഞ്ഞെടുപ്പുചെലവില്‍ ഉള്‍പ്പെടുത്തണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. തമ്പാനൂര്‍ രവി (കോണ്‍ഗ്രസ്), കെ പി രാജേന്ദ്രന്‍, പ്രകാശ് ബാബു (സിപിഐ), പത്മകുമാര്‍ (ബിജെപി) തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനും നടപടിക്രമങ്ങള്‍ വിശദീകരിക്കുന്നതിനുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ യോഗം വിളിച്ചത്.

deshabhimani

No comments:

Post a Comment