Wednesday, March 19, 2014

മുഖ്യമന്ത്രിയുടെ സ്ഥലജലഭ്രമം

എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കലശലായ സ്ഥലജലഭ്രമം ബാധിച്ചതായി കാണുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടിക എല്‍ഡിഎഫിന്റേതായി മനസ്സില്‍ കണ്ടുവോ എന്നു ന്യായമായും സംശയിക്കാം. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ബഹുജനപിന്തുണ ഇല്ലാത്തവരാണെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. സിപിഐ എം സ്ഥാനാര്‍ഥികളെ കിട്ടാതെ അലഞ്ഞുതിരിഞ്ഞ് നടക്കുകയാണെന്ന് കരുതുന്നതായും അദ്ദേഹം മൊഴിഞ്ഞിരിക്കുന്നു. ഇപ്പോഴിതാ, കെപിസിസി നിര്‍വാഹകസമിതി അംഗം നിയാസ് ചിതറ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് ഉമ്മന്‍ചാണ്ടിക്ക് മറുപടി നല്‍കിയിരിക്കുന്നു. യുവ കോണ്‍ഗ്രസ് നേതാവ് നിയാസ് പറഞ്ഞതിന്റെ ചുരുക്കം ഇങ്ങനെയാണ്- ""ആരോപണവിധേയരെയും അഴിമതിക്കേസില്‍പ്പെട്ടവരെയും കുത്തിനിറച്ചതാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടിക. സ്ത്രീപീഡനക്കേസില്‍ ജയിലില്‍ കഴിയേണ്ട ആളെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കിയത് കോണ്‍ഗ്രസുകാര്‍ക്ക് അംഗീകരിക്കാനാകില്ല. സ്വന്തം നാട്ടില്‍ തോറ്റയാളാണ് ആറ്റിങ്ങലില്‍ സ്ഥാനാര്‍ഥി. ആലപ്പുഴയിലും മാവേലിക്കരയിലും സ്ഥാനാര്‍ഥികള്‍ സോളാര്‍ കേസില്‍ ആരോപണവിധേയരാണ്. സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിയ ആളാണ് വയനാട്ടില്‍ സ്ഥാനാര്‍ഥി"". വി എം സുധീരനെപ്പറ്റിയും നിയാസ് പ്രതികരിച്ചിട്ടുണ്ട്- ആദര്‍ശം പറയുകയും സ്ഥാനങ്ങള്‍ രഹസ്യമായി നേടുകയും ചെയ്യുന്ന ആളാണ് സുധീരന്‍. ആര്‍എസ്പി എല്‍ഡിഎഫില്‍നിന്ന് പുറത്തുപോയതിന്റെ പിന്നില്‍ ബിജെപി ബന്ധങ്ങളുണ്ടെന്നും ഈ മാസം ആദ്യം ഡല്‍ഹിയിലെത്തിയ എന്‍ കെ പ്രേമചന്ദ്രന്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും നിയാസ് പറയുന്നു. അതും അവിശ്വസിക്കേണ്ടതില്ല. ഇത്രയും കാര്യങ്ങള്‍ പറഞ്ഞത് നിയാസാണ്. സാക്ഷാല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടികയെപ്പറ്റി കൂടുതല്‍ വിവരിക്കേണ്ടതില്ല.

ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിപ്പട്ടിക ഇതോടൊപ്പം പരിശോധിക്കുന്നത് ഉചിതമായിരിക്കും. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ കളങ്കിതരില്ലെന്ന് ഉറപ്പിച്ചുപറയാം. സിപിഐ എം സ്വതന്ത്ര സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നതിലാണ് ഉമ്മന്‍ചാണ്ടിക്ക് പ്രയാസം. ഉമ്മന്‍ചാണ്ടി സിപിഐ എമ്മിന്റെ ചരിത്രം സമയം കിട്ടുമ്പോള്‍ വായിച്ചുപഠിക്കുന്നത് നന്നായിരിക്കും. 1957 ഏപ്രില്‍ അഞ്ചിനാണല്ലോ ഇ എം എസ് മന്ത്രിസഭ സത്യവാചകം ചൊല്ലി അധികാരമേറ്റെടുത്തത്. അന്നത്തെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ എംഎല്‍എമാരില്‍ പ്രഗത്ഭരായ അഞ്ച് സ്വതന്ത്ര സ്ഥാനാര്‍ഥികളുണ്ടായിരുന്നു. തലശേരിയില്‍നിന്ന് മത്സരിച്ച ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അടക്കമുള്ളവര്‍. ഡോ. എ ആര്‍ മേനോന്‍ സ്വതന്ത്രനായാണ് മത്സരിച്ചത്. പാരമ്പര്യവും സത്യസന്ധതയും ആത്മാര്‍ഥതയുമുള്ള കോണ്‍ഗ്രസ് നേതാവായിരുന്നു എ ആര്‍ മേനോന്‍. ഗുരുവായൂരില്‍നിന്ന് ജയിച്ച കോരു മാസ്റ്റര്‍ സ്വതന്ത്രനായിരുന്നു. കുഴല്‍മന്ദത്ത് മത്സരിച്ചുജയിച്ച കെ വി ജോണ്‍ സ്വതന്ത്രനായിരുന്നു. ഹരിപ്പാട്ട് മത്സരിച്ച രാമകൃഷ്ണപിള്ള സ്വതന്ത്രനായിരുന്നു. വി ആര്‍ കൃഷ്ണയ്യരും എ ആര്‍ മേനോനും പ്രഗത്ഭരായ മന്ത്രിമാരായി. വി കെ കൃഷ്ണമേനോന്‍ സ്വതന്ത്രനായി തിരുവനന്തപുരത്ത് മത്സരിച്ചിട്ടുണ്ട്. അഡ്വ. എസ് ഈശ്വരയ്യര്‍ തിരുവനന്തപുരത്ത് സ്വതന്ത്രനായി മത്സരിച്ചുജയിച്ച ആളാണ്.

ടി കെ ഹംസ മലപ്പുറം ഡിസിസി പ്രസിഡന്റായിരിക്കെയാണ് നിലമ്പൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചുജയിച്ചത്. ഹംസ സംസ്ഥാനമന്ത്രിയും ചീഫ് വിപ്പും എംപിയുമായി. ഇപ്പോള്‍ പാര്‍ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ്. ഒട്ടേറെ സ്വതന്ത്രന്മാര്‍ ഇടതുപക്ഷസ്ഥാനാര്‍ഥികളായി മത്സരിച്ചുജയിച്ചതാണ്. പതിനാറാം ലോക്സഭയിലേക്ക് മത്സരിക്കുന്ന സിപിഐ എം സ്ഥാനാര്‍ഥിപ്പട്ടികയില്‍ അഞ്ച് സ്വതന്ത്രന്മാരുണ്ട്. പൊന്നാനിയില്‍ മത്സരിക്കുന്ന അബ്ദുള്‍റഹ്മാന്‍ കോണ്‍ഗ്രസുകാരനായിരുന്നു. പത്തനംതിട്ടയില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി പീലിപ്പോസ് തോമസ് എഐസിസി അംഗമായിരുന്നു. എറണാകുളത്ത് മത്സരിക്കുന്ന ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഐഎഎസുകാരനാണ്. രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ സെക്രട്ടറിയായിരുന്നു. നല്ല പാരമ്പര്യം അവകാശപ്പെടാനുണ്ട്. ഇടുക്കിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജോയ്സ് ജോര്‍ജ് അഭിഭാഷകനാണ്. ജനങ്ങള്‍ക്കിടയില്‍ അംഗീകാരമുള്ള ആളാണ്. ഇന്നസെന്റ് മികച്ച സിനിമാനടനാണ്. മുമ്പ് മുനിസിപ്പാലിറ്റിയില്‍ മത്സരിച്ചുജയിച്ച പാരമ്പര്യമുള്ള ആളാണ്. പട്ടികയില്‍ ഉള്‍പ്പെട്ട 20 പേരും വിവിധ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ചവരാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥികളുടെ യഥാര്‍ഥ ജനപിന്തുണ മെയ് 16ന് വോട്ടെണ്ണി തീരുമ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് അറിയാന്‍ കഴിയും. ഞെട്ടരുതെന്നേ പറയാനുള്ളൂ.

എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിപ്പട്ടികയിലെ അംഗങ്ങളെ ഇകഴ്ത്തിക്കാണിക്കാന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടിയോട് ചോദിക്കട്ടെ? അങ്ങയുടെ ഗണ്‍മാനായിരുന്ന സലിംരാജിനെ നല്ല ഓര്‍മയുണ്ടായിരിക്കുമല്ലോ. മാര്‍ച്ച് 13ന് മാതൃഭൂമിയില്‍ വന്ന ഒരു വാര്‍ത്തയുടെ തലക്കെട്ട് "സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ്: മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം" എന്നാണ്. വാര്‍ത്തയില്‍ ഇങ്ങനെ പറയുന്നു: ""മുഖ്യമന്ത്രിയുടെ ഓഫീസില്‍ കുറ്റാരോപിതര്‍ ഇടം നേടുന്നത് കഴിവുകേടാണ് കാണിക്കുന്നതെന്ന് ഹൈക്കോടതി. ഇത്തരക്കാരെ നിയമിക്കുന്നവര്‍ക്ക് അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞുമാറാനാകുമോ"" എന്ന് ഹൈക്കോടതി ചോദിച്ചു. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് കോഴിക്കോട് ബൈപാസില്‍ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിലേല്‍പ്പിച്ച ആളാണ് സലിംരാജ്. മുമ്പ് തീവണ്ടിദുരന്തംപോലുള്ള സംഭവങ്ങളില്‍പ്പോലും ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രിമാര്‍ രാജിവയ്ക്കാറുണ്ടായിരുന്നു. ഇപ്പോള്‍ അത്തരം ധാര്‍മികത കാണാനില്ല. ഗണ്‍മാന്‍ സലിംരാജിന്റെ ഫോണിലേക്കാണ് മുഖ്യമന്ത്രിക്കുള്ള ഫോണ്‍വിളി വരുന്നത്. ഇതാകട്ടെ മുഖ്യമന്ത്രിയും ഗണ്‍മാനുമായുള്ള അടുപ്പത്തിന്റെ തെളിവായി ജനങ്ങള്‍ കാണുന്നു. പലതവണ മുഖ്യമന്ത്രിക്കെതിരായി ഹൈക്കോടതി നിരീക്ഷണവും പരാമര്‍ശവും ഉണ്ടായതാണ്. ചുരുക്കത്തില്‍, സ്ഥലജലഭ്രമം ബാധിച്ച ഉമ്മന്‍ചാണ്ടിക്ക് തന്റെ പ്രതിബിംബം എല്ലായിടത്തും കാണുന്നതായി തോന്നുന്നു. കളങ്കിതമായ ആ മുഖം കണ്ണാടിയില്‍ കണ്ടതിലുള്ള മനോവിഷമമായിരിക്കാം എല്‍ഡിഎഫിനെതിരെ നുണപറയാന്‍ പ്രേരിപ്പിച്ചത്. മലര്‍ന്നുകിടന്ന് തുപ്പിയാലുള്ള ഫലമിതാണെന്ന് ഓര്‍ത്താലും.

deshabhimani editorial

No comments:

Post a Comment