Tuesday, March 18, 2014

ബെനറ്റിന് വിഎസിന്റെ വിജയാശംസകള്‍

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ബെനറ്റിന് വിജയാശംസകള്‍ നേര്‍ന്ന് വി എസ്.

ബെനറ്റിന്റെ ഇന്നലത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചുകൊണ്ടായിരുന്നു. ബെനറ്റിനെ അനുഗ്രഹിച്ച പ്രതിപക്ഷനേതാവ് തെരഞ്ഞെടുപ്പിനുള്ള എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് ബെനറ്റ് മാധ്യമങ്ങളോട് സംസാരിച്ചു.

ദൗര്‍ബല്യങ്ങള്‍ ഒന്നുമില്ലാതെ പാര്‍ട്ടിയോടൊപ്പം ശക്തമായാണ് മുന്നോട്ട് പോകുന്നതെന്ന് ബെനറ്റ് പറഞ്ഞു. യുഡിഎഫിന് എതിരായുള്ള തരംഗം ഉള്ളതിനാല്‍ നിലവില്‍ അനൂകൂല ഘടകങ്ങളാണ് കാണുന്നത്. ആദരണീയനായ പ്രതിപക്ഷനേതാവ് വിഎസിന്റെ പിന്തുണയുണ്ട്. വിഎസ് പ്രചാരണത്തിനിറങ്ങുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കും.

തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ ഏതൊക്കെ വിധത്തിലാണ് നടക്കുന്നത് എന്ന കാര്യം പാര്‍ട്ടി തന്നെയാണ് തീരുമാനിക്കുന്നത്. എതിര്‍സ്ഥാനാര്‍ഥികള്‍ വന്‍തിരമാലകള്‍ തന്നെയാണെന്ന് അറിയാം. എന്നാല്‍ താനും ഒട്ടും കുറവല്ല എന്ന ആത്മവിശ്വാസമുണ്ട്.

ആരെയും വ്യക്തിഹത്യ ചെയ്യില്ല. ശശി തരൂര്‍ തിരുവനന്തപുരം നഗരസഭയ്ക്ക് എന്ത് ചെയ്തുതന്നുവെന്ന് സാധാരണ ജനങ്ങള്‍ക്ക് അറിയാം. നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം ഫ്‌ളെക്‌സ് ബോര്‍ഡുകളില്‍ മാത്രം നിറഞ്ഞു നില്‍ക്കുന്നു.

ആരോപണങ്ങള്‍ ആര്‍ക്കും ആരുടെയും നേരെ ഉന്നയിക്കാവുന്നതാണ് എന്നായിരുന്നു ആരോപണങ്ങളെ പറ്റിയുള്ള ചോദ്യത്തിനുള്ള മറുപടി. തനിക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ക്ക് നേരെ അധികാരികള്‍ക്ക് നടപടിയെടുക്കാമായിരുന്നു. തന്റെ മേലുള്ള ആരോപണങ്ങള്‍ തെളിയിച്ചാല്‍ ഒരു പവന്‍ സമ്മാനം നല്‍കാമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

സഭയിലെ തന്നെ ഒരു വിഭാഗമാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി പികെവിയും പന്ന്യന്‍ രവീന്ദ്രനും തിരുവനന്തപുരത്ത് മത്സരിച്ചപ്പോള്‍ താന്‍ അവധിയെടുത്ത് പ്രചാരണരംഗത്തുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

janayugom online

കടലോളം സ്നേഹവുമായി തീരദേശം ഹൈടെക് വരവേല്‍പ്പുമായി ഐടി നഗരം

കോവളം/കഴക്കൂട്ടം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ബെന്നറ്റ് എബ്രഹാമിന് തീരദേശങ്ങളിലും ഐടി നഗരമായ കഴക്കൂട്ടത്തും സ്നേഹോഷ്മള വരവേല്‍പ്പ്. തീരദേശമേഖലയായ കോവളം മണ്ഡലത്തിലെ വിഴിഞ്ഞം, വെങ്ങാനൂര്‍ മേഖലകളില്‍ കടലോളം സ്നേഹവുമായാണ് പ്രിയസ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. ഇല്ലായ്മകളുടെ ദുരിതക്കടല്‍ നീന്തിക്കയറിയ ബെന്നറ്റിന് വിഴിഞ്ഞത്ത് ആബാലവൃദ്ധമാണ് വിജയാശംസ നേര്‍ന്നത്. തലസ്ഥാനം കണ്ട മികച്ച ഭൂരിപക്ഷത്തോടെ ബെന്നറ്റിനെ പാര്‍ലമെന്റിലേക്ക് അയക്കുമെന്നതിന്റെ തെളിവുകൂടിയായി ഇത്. പിന്നീട് കോവളം നിയോജകമണ്ഡലം കണ്‍വന്‍ഷനിലെ ബഹുജനബാഹുല്യവും റെക്കോഡ് ഭൂരിപക്ഷം ഉറപ്പിക്കുന്ന വിളംബരമായി. വെങ്ങാനൂരിലെത്തിയ സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ മോട്ടോര്‍ത്തൊഴിലാളികളും കടയുടമകളും വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുമെല്ലാം തിങ്ങിനിറഞ്ഞിരുന്നു. മാര്‍ക്കറ്റിലെത്തിയപ്പോള്‍ അവിടമാകെ പ്രിയസാരഥിയെ കാണാന്‍ ജനങ്ങള്‍ ഓടിയെത്തി. തുടര്‍ന്ന് അയ്യന്‍കാളി സ്മൃതിമണ്ഡപമായ പാഞ്ചജന്യത്തിലും കാര്‍ഗില്‍ രക്തസാക്ഷി ജെറി പ്രേംരാജിന്റെ സ്മൃതിമണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തി. മണ്ഡലത്തിലെ എല്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ബെന്നറ്റിനെ അനുഗമിച്ചു. ഉച്ചയ്ക്കുശേഷം കഴക്കൂട്ടത്ത് ബെന്നറ്റിന് ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്. പ്രായഭേദമെന്യേ നഗരത്തിലുള്ളവരെല്ലാം ബെന്നറ്റിന് വിജയാശംസകള്‍ നേര്‍ന്ന് കൈകൊടുക്കാന്‍ തിരക്കുകൂട്ടി. ആധുനികലോകത്തിന്റെ സ്പന്ദനങ്ങളെല്ലാം മൗസ്ക്ലിക്കിലൂടെ തിരിച്ചറിയുന്ന ഐടി സ്ഥാപനങ്ങളിലെ യുവ എന്‍ജിനിയര്‍മാര്‍മുതല്‍ നഗരത്തിലെ തൊഴിലാളികള്‍വരെ തലസ്ഥാനത്തിന്റെ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ബെന്നറ്റിനെ ആശംസിക്കാനെത്തി. തുടര്‍ന്ന് മണ്ഡലം കണ്‍വന്‍ഷനിലും ബെന്നറ്റ് പങ്കെടുത്തു. വൈകിട്ട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പിന്തുണതേടിയെത്തിയ ബെന്നറ്റ്, രാജാജി നഗറിലെ മരണവീട്ടിലുമെത്തി അനുശോചനം അറിയിച്ചു.

deshabhimani

No comments:

Post a Comment