Wednesday, March 19, 2014

കരട് വിജ്ഞാപനവും സ്വാഭാവിക അന്ത്യത്തിലേക്ക്

പശ്ചിമഘട്ടസംരക്ഷണം സംബന്ധിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മലയോരജനങ്ങളെ കബളിപ്പിക്കാന്‍ തട്ടിക്കൂട്ടിയ കരട് വിജ്ഞാപനം സ്വാഭാവിക അന്ത്യത്തിലേക്ക്. കരട് വിജ്ഞാപനത്തിനെതിരെയുള്ള കേസ് ദേശീയ ഹരിതട്രിബ്യൂണല്‍ പരിഗണിക്കുന്നതോടെ ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ തട്ടിപ്പ് പുറത്താകും. ഗോവ ഫൗണ്ടേഷന്‍ നല്‍കിയ കേസ് 24ന് ട്രിബ്യൂണല്‍ പരിഗണിക്കും. ഏഴ് സംസ്ഥാനങ്ങള്‍ക്ക് ബാധകമായ നിര്‍ദേശങ്ങളില്‍ കേരളത്തിന് മാത്രമായി ധൃതിപിടിച്ച് വിജ്ഞാപനമിറക്കിയതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ മറുപടി പറയേണ്ടിവരും. മറ്റ് സംസ്ഥാനങ്ങളുടെ അഭിപ്രായംപോലും തേടാതെ ഏകപക്ഷീയമായി ഇറക്കിയ വിജ്ഞാപനത്തിന് നിയമപരമായി നിലനില്‍പ്പുമില്ല. ട്രിബ്യൂണലിന് മുമ്പില്‍ കേസ് പരിഗണനയ്ക്ക് വരുന്നതോടെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കരട് വിജ്ഞാപനത്തെ തള്ളിപ്പറയേണ്ടിവരും.

കരട് വിജ്ഞാപനം ഇറക്കുന്നതിനെ കേന്ദ്രപരിസ്ഥിതി മന്ത്രാലയം നേരത്തെ എതിര്‍ത്തിരുന്നു. എന്നാല്‍, ജനരോഷം അടക്കാന്‍ എന്തെങ്കിലും തട്ടിക്കൂട്ടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനമിറക്കിയത്. ഇതോടെ എല്ലാം ശരിയായെന്ന മട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതാക്കളും രംഗത്തെത്തുകയായിരുന്നു. കരട് വിജ്ഞാപനത്തെ അന്തിമ വിജ്ഞാപനമായി പ്രചരിപ്പിച്ചു. പരിസ്ഥിതിലോല പ്രദേശങ്ങളുടെ എണ്ണം കുറച്ചെന്നും നിയന്ത്രണങ്ങളും മറ്റും ഒഴിവാക്കിയെന്നും മറ്റുമുള്ള പ്രചാരണവും ഉണ്ടായി. എന്നാല്‍, പരിസ്ഥിതിലോല മേഖല നിര്‍ണയിക്കുന്നതില്‍ ഒരു സംസ്ഥാനത്തിന് മാത്രമായി ഇളവ് നല്‍കാന്‍ കേന്ദ്രത്തിന് അവകാശമില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട് എന്ത് തീരുമാനിച്ചാലും പശ്ചിമഘട്ടത്തിലെ ആറ് സംസ്ഥാനങ്ങള്‍ക്കും അത് ബാധകമാണ്. ഇതെല്ലാം മറച്ചുവച്ചുള്ള പ്രചാരണമാണ് സര്‍ക്കാരും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളും ഇപ്പോഴും നടത്തുന്നത്. കരട് വിജ്ഞാപനം ഇറക്കിയിട്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നവംബര്‍ 13ലെ ഉത്തരവ് നിലനില്‍ക്കുകയാണ്. ഈ ഉത്തരവില്‍ കേരളത്തിലെ 123 വില്ലേജുകളും പരിസ്ഥിതിലോല മേഖലയാണ്. ഹരിത ട്രിബ്യൂണലില്‍ കേസ് വരുമ്പോള്‍ പഴയ നിലപാടുകളില്‍നിന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മാറാന്‍ സാധ്യതയില്ല. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും കേരളത്തിന്റെ ആവശ്യം അംഗീകരിച്ചിട്ടില്ലെന്നും കേന്ദ്രം വാദിക്കും. കരട് വിജ്ഞാപനത്തെ പൂര്‍ണമായി തള്ളുന്ന നിലപാടായിരിക്കും കേന്ദ്രം സ്വീകരിക്കുക.

ദിലീപ് മലയാലപ്പുഴ deshabhimani

No comments:

Post a Comment