Thursday, March 13, 2014

ആര്‍എസ്പിയെ കാലുമാറ്റിയത് എംഎല്‍എമാരെ ചാക്കിലാക്കാന്‍

ആര്‍എസ്പി സംസ്ഥാനഘടകം യുഡിഎഫില്‍ ചേക്കേറിയതിനു പിന്നില്‍ നേതാക്കളെയും എംഎല്‍എമാരെയും പണമൊഴുക്കി ചാക്കില്‍ കയറ്റുന്ന യുഡിഎഫിന്റെ കുതികാല്‍വെട്ട് രാഷ്ട്രീയം. രണ്ട് എംഎല്‍എമാര്‍ക്ക് പകരം ഒരു സീറ്റ് എന്നാണ് ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന് ഇടനിലക്കാര്‍ നല്‍കിയ വാഗ്ദാനം. കൂടാതെ കാലുമാറ്റത്തിന ചരട് വലിച്ച ഉന്നതര്‍, കാല് മാറുന്നവരുടെ പേരില്‍ കോടികളുടെ ഇടപാടും നടത്തി. ആര്‍ സെല്‍വരാജിനെ എംഎല്‍എസ്ഥാനം രാജിവയ്പിച്ച് വീണ്ടും മത്സരിപ്പിച്ചതിന് സമാനമായ കോടികളുടെ കച്ചവടമാണ് ആര്‍എസ്പി ഇടപാടിലും നടന്നത്. രണ്ട് എംഎല്‍എമാരുള്ള ഒരു പാര്‍ടി അപ്പാടെ യുഡിഎഫില്‍ എത്തുമെന്ന് അന്ന് സെല്‍വരാജിന്റെ കാലുമാറ്റത്തിന് ചുക്കാന്‍ പിടിച്ച സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സെല്‍വരാജിന്റെ കാലുമാറ്റത്തിന് പിന്നിലെ ഇടപാട് വിവാദമായതോടെ തല്‍ക്കാലം നീക്കം ഉപേക്ഷിച്ചു. പി സി ജോര്‍ജ് തെളിച്ച വഴിയിലൂടെ മാസങ്ങള്‍ക്ക് ശേഷം ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നടത്തിയ നീക്കമാണ് ആര്‍എസ്പിയുടെ കൂടുമാറ്റത്തിലെത്തിച്ചത്. ഇതിനുള്ള അണിയറനീക്കങ്ങള്‍ക്ക് വി പി രാമകൃഷ്ണപിള്ളയും എന്‍ കെ പ്രേമചന്ദ്രനും എ എ അസീസും ആര്‍എസ്പിയില്‍ ചരട് വലിച്ചു.

കൊല്ലം ലോക്സഭാ സീറ്റ് കിട്ടാത്തതിന്റെ പേരില്‍ പെട്ടെന്നുണ്ടായ പ്രകോപനമല്ല കാലുമാറ്റത്തിന് പിന്നിലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രസ്താവനകള്‍ സാക്ഷ്യം. ഏതാനും ആഴ്ചകളായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് ആര്‍എസ്പി യുഡിഎഫില്‍ എത്തിയതെന്നാണ് തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അപ്പോഴും ആര്‍എസ്പിക്ക് കൊല്ലം സീറ്റ് നല്‍കില്ലെന്ന് എല്‍ഡിഎഫ് പറഞ്ഞിട്ടില്ല. ഉഭയകക്ഷി ചര്‍ച്ച നടക്കുന്നതിനിടയിലാണ് ആര്‍എസ്പി സംസ്ഥാന കമ്മിറ്റി നാടകീയമായി യോഗം ചേര്‍ന്ന് എല്‍ഡിഎഫ് വിടാന്‍ തീരുമാനിച്ചത്. ഇനി കൊല്ലം സീറ്റ് നല്‍കിയാലും എല്‍ഡിഎഫിലേക്കില്ലെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചതും ഈ ഒത്തുകളിയുടെ തെളിവാണ്.

എന്നാല്‍, എല്‍ഡിഎഫ് വിടാന്‍ തീരുമാനിച്ച് നിമിഷങ്ങള്‍ക്കകം ആര്‍എസ്പി ബി നേതാവും മന്ത്രിയുമായ ഷിബു ബേബിജോണ്‍ ആര്‍എസ്പി ഓഫീസിലെത്തി. കൊല്ലം സീറ്റില്‍ പ്രേമചന്ദ്രന്‍ മത്സരിക്കുമെന്നേ അപ്പോള്‍ പറഞ്ഞിരുന്നുള്ളൂ. യുഡിഎഫില്‍ എടുക്കുന്ന കാര്യം ചര്‍ച്ചചെയ്തിട്ടു പോലുമില്ല. യുഡിഎഫ് സര്‍ക്കാരിലെ ഒരു മന്ത്രിതന്നെ നേരിട്ടെത്തി പിന്തുണ വാഗ്ദാനംചെയ്യുന്നത് യാദൃച്ഛികമല്ലെന്നര്‍ഥം. യുഡിഎഫ് നേതൃത്വത്തില്‍നിന്ന് നേരത്തെ ഉറപ്പ് കിട്ടിയെന്നാണ് ഇത് വ്യക്തമാക്കുന്നത്.

കൂടാതെ സിറ്റിങ് സീറ്റ് ഘടകകക്ഷികള്‍ക്ക് നല്‍കരുതെന്ന് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും കൊല്ലം സിറ്റിങ് സീറ്റ് കുറുമാറി വന്ന പാര്‍ടിക്ക് നല്‍കാന്‍ അനുവദിച്ചു. ഇത് ഹൈക്കമാന്‍ഡില്‍ നിന്ന് ആഴ്ചകള്‍ക്കുമുമ്പേ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അനുവാദം വാങ്ങിയെന്നതിന്റെ തെളിവാണ്. ആര്‍എസ്പിയുടെ ഒരു പ്രമുഖ നേതാവിനെ ഡല്‍ഹിയില്‍ചെന്ന് കണ്ടും "കരാറി"നെക്കുറിച്ച് യുഡിഎഫ് നേതാക്കള്‍ സംസാരിച്ചു. പ്രമുഖ നേതാവിന്റെ ഇപ്പോഴത്തെ മൗനത്തിനു പിന്നിലും ഈ ചര്‍ച്ചയാണ് അടിസ്ഥാനം. ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന പാര്‍ടിയുടെ സംസ്ഥാന ഘടകം കൂടുമാറുന്നതിന് ഈ നേതാവ് മൗനപിന്തുണ നല്‍കിയതും ഡല്‍ഹിയിലെ ഇടപെടലുകളുടെ തുടര്‍ച്ചയാണ്.

എം രഘുനാഥ് deshabhimani

2 comments:

 1. Hello Friend, What is your problem, if congress wins the election Marksist Part will support again for Congress.

  It is better to merge with Congress instead of conducting this election as seperate parties.

  ReplyDelete
 2. സ്നേഹം നിറഞ്ഞ CPI(M) സുഹൃത്തുക്കളേ, ഈ ല്‍ കാണുന്ന ആളുകളെ (Cristty Fernandez - Ernakulam, Peelipose Thomas - Pathannam Thitta, Innocent - Chalakudy, P.K. Harikumar - Kottayam) ഇതിനു മുന്പ് നിങ്ങളുടെ പാര്‍ട്ടിയുടെ ഏതെങ്കിലും ഒരു പരിപാടിയിലോ,സമ്മേളനത്തിലോ, ഒരു സായാഹ്ന ധര്‍ണ്ണയിലോ, രാപ്പകല്‍ സമരത്തിലോ, ഏതെങ്കിലും പന്തംകൊളുത്തിപ്രകടനത്തിലോ,എവിടെയെങ്കിലും കണ്ടിട്ടുണ്ടോ ..???
  അപ്പോൾ രാത്രിയും പകലും പാർട്ടിക്ക് വേണ്ടി കഷ്ടപെട്ട നിങ്ങൾ വീണ്ടും ശശികലായി...
  സീറെല്ലാം പണമുല്ലാവരും, മതപിന്തുനയുല്ലാവരും കൊണ്ട് പോയി ...
  ഇപ്പോഴാ ഒരു പഴംചൊല്ല് ഓര്മ വരുന്നത് (തല്ലു ചെണ്ടെയ്ക്കും പണമെല്ലാം മാരര്ക്കും )
  യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌കാർ ഇവര്ക്ക് വോട്ട് ചെയ്യുമോ ....???
  എങ്കിൽ വീണ്ടും ശശി യാവാൻ കാത്തുനില്ക്കൂ ...

  ReplyDelete