പശ്ചിമബംഗാളില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നീതിപൂര്‍വം നടന്നാല്‍ ഇടതുപക്ഷമുന്നണിക്ക് സീറ്റ് വര്‍ധിക്കുമെന്ന് പ്രതിപക്ഷനേതാവും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവുമായ സൂര്യകാന്ത്മിശ്ര പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന്റെ നേതൃത്വത്തിലായിരുന്നു നിയമസഭ-പഞ്ചായത്ത് തെരഞ്ഞെടുപ്പ്. ലോക്സഭാ തെരഞ്ഞെടുപ്പ് കൂടുതല്‍ ഭരണഘടനാ അധികാരങ്ങളുള്ള തെരഞ്ഞെടുപ്പു കമീഷന്റെ നേതൃത്വത്തിലായതിനാല്‍ നീതിപൂര്‍വമായി നടക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാല്‍ ഇടതുമുന്നണി കൂടുതല്‍ സീറ്റ് നേടി വിജയിക്കുമെന്നുറപ്പ്- സിപിഐ എം കേന്ദ്രകമ്മിറ്റി യോഗത്തിനെത്തിയ സൂര്യകാന്ത്മിശ്ര പറഞ്ഞു.
കടുത്ത ജനാധിപത്യധ്വംസനമാണ് പശ്ചിമബംഗാളില്‍. മമത അധികാരത്തില്‍ വന്നശേഷം 145 സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. മുന്‍ എംഎല്‍എമാര്‍ മുതല്‍ പഞ്ചായത്ത് അംഗങ്ങള്‍വരെ കൊല്ലപ്പെട്ടു. പഞ്ചായത്ത് ഭരണം പിടിക്കാന്‍ അഞ്ച് സിപിഐ എം അംഗങ്ങളെ കൊന്നു. ആക്രമണങ്ങളില്‍ 43,000 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൊത്തം 77,000 പേര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയും ആക്രമണം നടക്കുന്നു. ഒരു കൊലപാതകക്കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. കൂട്ടംചേരാനും പൊതുയോഗം നടത്താനും പ്രകടനം നടത്താനുമുള്ള അവകാശം ചവിട്ടിമെതിക്കപ്പെടുകയാണ്. പൊലീസുകാര്‍ പോലും കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പു കമീഷനും മനുഷ്യാവകാശ കമീഷനും ഭരണകക്ഷിയുടെ ആക്രമണത്തിനിരയായി. 1970കളിലെ അര്‍ധഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ പൊരുതി ജയിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഈ ആക്രമണത്തെയും അതിജീവിക്കാനാവും- സൂര്യകാന്ത്മിശ്ര വിശ്വാസം പ്രകടിപ്പിച്ചു.
മമതയുടെ ഭരണത്തിന്‍കീഴില്‍ അഴിമതിയും വര്‍ധിച്ചു. അനധികൃതമാര്‍ഗത്തിലൂടെ സ്വരൂപിച്ച പണമാണ് ജനാധിപത്യത്തെ അട്ടിമറിക്കാനും കൃത്രിമ ഭൂരിപക്ഷം സൃഷ്ടിക്കാനും ഉപയോഗിക്കപ്പെടുന്നത്. ബജറ്റ് സമ്മേളനത്തില്‍ "അഴിമതി" എന്ന് ഗവര്‍ണര്‍ പരാമര്‍ശിച്ചത് ഭരണകക്ഷിക്ക് ക്ഷീണമായി. നിക്ഷേപകരുടെ 7000 കോടി രൂപയാണ് ശാരദാ ചിട്ടി ഫണ്ടുകാര്‍ വെട്ടിച്ചത്. ഈ അഴിമതി തടയാന്‍ തൃണമൂല്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല. ശാരദാ ചിട്ടി ഫണ്ട് ചെയര്‍മാന്‍ ബംഗാളില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ്. നേരത്തെ ജാര്‍ഖണ്ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇയാള്‍ പണം നല്‍കി വോട്ട് പിടിച്ചെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതൊന്നും കാണാതെയാണോ അണ്ണ ഹസാരെ മമതയെ പിന്തുണയ്ക്കുന്നത്? ചിട്ടി അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് പറയാനെങ്കിലും തയ്യാറാകണം. മാത്രമല്ല, ലോക്പാല്‍ ബില്ലിന് വേണ്ടി സത്യഗ്രഹം നടത്തിയ അണ്ണ ഹസാരെ മറ്റൊന്നു കൂടി അറിയണം. ഇടതുപക്ഷ സര്‍ക്കാര്‍ പാസാക്കിയ ലോകായുക്തയ്ക്ക് അധ്യക്ഷനെ നിയമിക്കാന്‍ മമത എന്തുകൊണ്ട് ഇടപെടുന്നില്ലെന്ന് ചോദിക്കാനും ഹസാരെ തയ്യാറാകണം- മിശ്ര പറഞ്ഞു.
വി ബി പരമേശ്വരന്‍ deshabhimani
No comments:
Post a Comment