Friday, March 7, 2014

കേന്ദ്ര-സംസ്ഥാന സര്‍ക്കാരില്‍നിന്ന് ലത്തീന്‍ സമുദായത്തിന് നീതി ലഭിച്ചില്ല

തീരദേശവാസികളുടെ ജീവല്‍പ്രശ്നങ്ങളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിച്ചെന്ന് കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ രാഷ്ട്രീയകാര്യ സമിതി യോഗം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ യോഗത്തില്‍ രൂക്ഷവിമര്‍ശമുയര്‍ന്നു. സംസ്ഥാനത്തെ തീരദേശ മേഖലയിലെ ഭരണകക്ഷി എംപിമാര്‍ തീരദേശവാസികളെ പാടെ അവഗണിച്ചു. തീരവാസികള്‍ക്കെതിരെ നിലപാടെടുത്തവര്‍ക്കെതിരായ അമര്‍ഷം വോട്ടായി മാറുമെന്ന് യോഗത്തിനുശേഷം കെആര്‍എല്‍സിസി വക്താവ് ഷാജി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ.സൂസപാക്യത്തിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

കെആര്‍എല്‍സിസി ജനജാഗരണജാഥയില്‍ ലത്തീന്‍ കത്തോലിക്കാ സമുദായം ഉയര്‍ത്തിയ ജനകീയപ്രശ്നങ്ങളോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിഷ്ക്രിയത്വം പാലിച്ചു. 20 ഇന ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്രമന്ത്രിമാര്‍ക്കും നല്‍കി. എന്നാല്‍, ഈ ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ല. വര്‍ഷങ്ങളായി കോണ്‍ഗ്രസിനോട് ചേര്‍ന്ന് നില്‍ക്കുന്ന സമുദായമാണിത്. എന്നാല്‍, അവരില്‍നിന്ന് സമുദായത്തിന് നീതി കിട്ടിയില്ല. കഴിഞ്ഞ രണ്ട് ബജറ്റുകളിലും ധനമന്ത്രി കെ എം മാണി തീരമേഖലയെ അവഗണിച്ചു. കടലില്‍ വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. തീരപരിപാലന വിജ്ഞാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തേണ്ട കാതലായ കാര്യങ്ങളില്‍ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. തീരവാസികള്‍ക്ക് തങ്ങളുടെ സ്വന്തം സ്ഥലത്ത്പോലും വീട് വയ്ക്കാന്‍ സാധിക്കുന്നില്ല. ഈ വിഷയത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാനം തയ്യാറായില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയപാര്‍ടികളുടെ പ്രകടനപത്രികകള്‍ പരിശോധിക്കും. സമുദായത്തിന് സമദൂര പ്രശ്നാധിഷ്ഠിത നിലപാടാണുള്ളത്. എറണാകുളത്ത് കെ വി തോമസ് തങ്ങളുടെ സമുദായാംഗമാണെങ്കിലും അദ്ദേഹത്തിന്റെ ചില നിലപാടുകളോട് സമുദായത്തിന് വിയോജിപ്പുണ്ട്. തീരപരിപാലന നിയമം സംബന്ധിച്ചുള്ള കെ വി തോമസിന്റെ നിലപാടുകളോട് സമുദായം വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. എറണാകുളത്ത് കെ വി തോമസിന്റെ എതിര്‍ സ്ഥാനാര്‍ഥി ആരാണെന്നത്കൂടി പരിഗണിച്ചാകും പിന്തുണ തീരുമാനിക്കുകയെന്നും ഷാജി ജോര്‍ജ് വ്യക്തമാക്കി. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ തീര-കായല്‍ പ്രദേശങ്ങള്‍ ടൂറിസ്റ്റ്, ഹോട്ടല്‍ ലോബികള്‍ക്ക് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment