Monday, March 17, 2014

ഓര്‍മകളില്‍ കൈപൊക്കി വോട്ടും കളര്‍ പെട്ടിയും

കാസര്‍കോട്: നാട്ടുകാരെല്ലാം ഒരു കേന്ദ്രത്തില്‍ ഒത്തുകൂടും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ രണ്ടോ മൂന്നോ പേരു വായിക്കും. ഓരോ പേര് വായിക്കുമ്പോഴും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ കൈ പൊക്കും. കൂടുതല്‍ പേര്‍ അംഗീകരിക്കുന്നയാള്‍ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. 1950-കളില്‍ നമ്മുടെ നാട്ടില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ചിത്രം ഓര്‍ത്തെടുക്കുകയാണ് ജില്ലയിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ മടിക്കൈയിലെ കെ എം കുഞ്ഞിക്കണ്ണന്‍. കൈ പൊക്കിയുള്ള വോട്ടെടുപ്പ് മുതല്‍ ഇലക്ട്രോണിക് യന്ത്രംവരെ തെരഞ്ഞെടുപ്പ് രംഗത്ത് ഏഴു പതിറ്റാണ്ടിനിടയിലുണ്ടായ എല്ലാ പരിഷ്കാരങ്ങള്‍ക്കും സാക്ഷിയാണ് തൊണ്ണൂറ്റേഴുകാരനായ കെ എം. നികുതിദായകര്‍ക്ക് മാത്രമായിരുന്നു ആദ്യകാലത്ത് വോട്ടവകാശം. പിന്നീട് എഴുത്തും വായനയും അറിയാവുന്നവര്‍ക്ക് വോട്ടവകാശം ലഭിച്ചു.

മടിക്കൈ പഞ്ചായത്തില്‍ 1950-ല്‍ ജനകീയ ഭരണ സമിതി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത് എഴുത്തും വായനയും അറിയുന്നവര്‍ക്ക് വോട്ടവകാശം ലഭിച്ചതോടെയാണ്. ഏച്ചിക്കാനം ജന്മിയുടെ കൈകളിലായിരുന്ന ഭരണം കര്‍ഷകസംഘത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും നേതൃത്വത്തില്‍ നാട്ടുകാര്‍ പിടിച്ചെടുത്തത് അക്കാലത്തെ പ്രധാന സംഭവമായിരുന്നെന്ന് കെ എം പറയുന്നു. കോളിക്കുന്നിലെ വായനശാലയില്‍ ഇരുന്നൂറിലേറെ പേരെ കര്‍ഷകസംഘം നേതൃത്വത്തില്‍ എഴുത്തും വായനയും പഠിപ്പിച്ചാണ് ഭരണം പിടിച്ചെടുത്തത്. ഏച്ചിക്കാനം തറവാടായ കല്യാണം വീട്ടിലാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്. നികുതിദായകര്‍ക്ക് മാത്രമാണ് വോട്ടവകാശം. അതിനാല്‍ ജന്മി തന്നെയാണ് എല്ലാ കാലത്തും ഭരണം നടത്തുക. ജന്മി പറയുന്നവരെ ഉദ്യോഗസ്ഥര്‍ അംഗീകരിക്കുകയായിരുന്നു പതിവ്. റിസര്‍വ് പൊലീസ് കാവലിലായിരുന്നു തെരഞ്ഞെടുപ്പ്. നാട്ടുകാരാരും തെരഞ്ഞെടുപ്പിന് വരില്ല എന്ന് കരുതിയ ജന്മിക്ക് തെറ്റി. 1950 ലെ തെരഞ്ഞെടുപ്പ് ദിവസം എഴുത്തും വായനയും പഠിച്ച ഇരുന്നൂറോളം പേര്‍ കല്യാണം വീട്ടിലെത്തി. സ്ഥാനാര്‍ഥി പട്ടികയും അവര്‍ കരുതിയിരുന്നു. അന്ന് ഒളിവിലായിരുന്ന കെ മാധവനും താനും ചേര്‍ന്നാണ് വോട്ടര്‍മാരെ ചേര്‍പ്പിക്കാന്‍ നേതൃത്വം നല്‍കിയത്. കെ എം പറഞ്ഞു. വോട്ടെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ സ്ഥാനാര്‍ഥി പട്ടിക ആവശ്യപ്പെട്ടപ്പോള്‍ നാട്ടുകാര്‍ 13 പേരുടെ പട്ടിക എഴുതി നല്‍കി. നാട്ടുകാര്‍ സ്ഥാനാര്‍ഥി പട്ടികയുമായി വരുമെന്ന് ജന്മി കരുതിയില്ല. അതിനാല്‍ ജന്മി മറ്റൊരു പട്ടിക കരുതിയതുമില്ല. അങ്ങനെ നാട്ടുകാരുടെ പട്ടിക ഏകകണ്ഠമായി അംഗീകരിക്കപ്പെട്ടു.

കനിംകുണ്ടില്‍ അപ്പുക്കാരണവര്‍ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റുമായി. ആദ്യ ജനകീയ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയത്തിന്റെ അറുപതാം വാര്‍ഷികം 2010-ല്‍ കല്യാണം വീട്ടില്‍തന്നെ ആഘോഷിച്ചിരുന്നു. 1937-ല്‍ മദിരാശി അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് മുതല്‍ കെ എം പ്രചാരണ രംഗത്തുണ്ട്. 1946-ല്‍ മദിരാശി അസംബ്ലിയിലേക്ക് കോണ്‍ഗ്രസിലെ ഇടതുപക്ഷ വിഭാഗം നേതാവായിരുന്ന കെ ആര്‍ കാരന്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കാലത്ത് കളര്‍ പെട്ടികളിലായിരുന്നു വോട്ട് ചെയ്യേണ്ടത്. പോളിങ് ബൂത്തില്‍ സ്ഥാനാര്‍ഥിയുടെ എണ്ണമനുസരിച്ച് അത്രയും കളര്‍ പെട്ടി സജ്ജീകരിക്കും. ചുവപ്പ്, മഞ്ഞ, പച്ച തുടങ്ങിയ നിറങ്ങളിലായിരിക്കും പെട്ടികള്‍. കാരന്തിന്റേത് മഞ്ഞപ്പെട്ടിയായിരുന്നെന്ന് കെ എം ഓര്‍ക്കുന്നു. സര്‍ക്കാരിന്റെ സീല്‍ പതിച്ച കടലാസ് ഇഷ്ടമുള്ള പെട്ടിയില്‍ നിക്ഷേപിക്കണം. കാരന്ത് അന്ന് വന്‍ ഭൂരിപക്ഷത്തിന് വിജയിച്ചു. 1952-ലെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ കളര്‍ പെട്ടി മാറി പകരം സ്ഥാനാര്‍ഥിയുടെ ചിഹ്നം പെട്ടികളില്‍ പതിക്കാന്‍ തുടങ്ങി. അങ്ങനെയാണ് കാളപ്പെട്ടിയും കടുവാപ്പെട്ടിയും മറ്റും വന്നത്- കെ എം പറഞ്ഞു.

deshabhimani

No comments:

Post a Comment