Monday, March 17, 2014

ഇത് നാട്ടില്‍ കാണാത്ത "വികസനം"

കണ്ണൂര്‍: വികസനത്തിന്റെ വായ്ത്താരിപാടിയ എംപിക്ക് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങളോട് നേരിട്ട് പറയാന്‍ ഒന്നുമില്ല. മണ്ഡലത്തില്‍ ഏതെങ്കിലും ഒരു പദ്ധതി കൊണ്ടുവന്നു, ഏതെങ്കിലും പ്രദേശത്ത് ഇന്ന വികസനം നടപ്പാക്കി എന്നു പറയാന്‍ കെ സുധാകരന് സാധിക്കുന്നില്ല. ആകെ പറയാനുള്ളത് എംപി ഫണ്ട് വിനിയോഗിച്ചു എന്നതാണ്. ഇന്ത്യയിലെ 540 എംപി മാര്‍ക്കും അവകാശപ്പെടാവുന്ന ഈനേട്ടം രണ്ടാംതവണ ജനങ്ങളെ നേരിടുന്ന സുധാകരനെ തിരിഞ്ഞുകുത്തുന്നു. വ്യക്തമായ പഠനമോ ആസൂത്രണമോ ഇല്ലാതെ കാലാവധി അവസാനിക്കാറായ ഘട്ടത്തിലാണ് എംപി ഫണ്ടിന്റെ ഭൂരിഭാഗവും വിനിയോഗിച്ചത്. കണക്കിലല്ലാതെ, ഫലത്തില്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെട്ടതല്ല ഈ ഫണ്ട് വിനിയോഗം. 184 പ്രവൃത്തി ഇനിയും പൂര്‍ത്തിയാകാനുണ്ടെന്ന് എംപിതന്നെ പറയുമ്പോള്‍ ചിത്രം വ്യക്തമാവും.

കണ്ണൂര്‍ വിമാനത്താവള പദ്ധതി രൂപപ്പെട്ട കാലംമുതല്‍ സുധാകരന്‍ എംഎല്‍എയോ എംപിയോ ആണ്. പദ്ധതിക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വരുത്തിയ കാലതാമസത്തെ മറികടക്കാന്‍ ജനപ്രതിനിധി എന്ന നിലയില്‍ ചെറുവിരല്‍ അനക്കാത്ത ആളാണ് ഇനിയും ജീവന്‍വെക്കാത്ത പ്രവൃത്തിയുടെ പിതൃത്വം അവകാശപ്പെടുന്നത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനാണ് മറ്റൊരു അവകാശവാദം. പ്രധാന നഗരത്തില്‍ ഇതുപോലെ പല്ലുകൊഴിഞ്ഞ റെയില്‍വേ സ്റ്റേഷന്‍ മതിയോ എന്ന ചോദ്യം എംപിയെ വിയര്‍പ്പിക്കും. പ്രധാന കവാടമായി വികസിപ്പിക്കേണ്ട കിഴക്കുഭാഗത്ത് ഒരു ചെറുകെട്ടിടമല്ലാതെ എന്തുണ്ട്. ഇതോട്ചേര്‍ന്നു നിര്‍മിക്കേണ്ട പ്ലാറ്റ്ഫോം യാഥാര്‍ഥ്യമാകണമെങ്കില്‍ ഈ എംപി മാറിയേ തീരു. കാരണം സ്റ്റേഷന്‍ റോഡിലെ ചിലരുടെ കച്ചവട താല്‍പര്യങ്ങളാണ് കിഴക്കുഭാഗത്തെ സ്റ്റേഷന്‍ വികസനം തടസ്സപ്പെടുത്തുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. കിഴക്കുഭാഗത്തെ റിസര്‍വേഷന്‍ കൗണ്ടര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ ഉദ്ഘാടനം "അജ്ഞാത" കാരണങ്ങളാല്‍ പലവട്ടം തടസ്സപ്പെട്ടത് ആരും മറന്നിട്ടില്ല. ഒടുവില്‍ യാഥാര്‍ഥ്യമാക്കാന്‍ ജനകീയ സമരം വേണ്ടിവന്നു.

മലബാറുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് ആരംഭിച്ച ചില ട്രെയിന്‍ സര്‍വീസുകള്‍ സ്വന്തം അക്കൗണ്ടില്‍ എഴുതിച്ചേര്‍ക്കാന്‍എംപിക്ക് നാണമില്ലേ എന്നാണ് ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുന്നവര്‍ ചോദിക്കുന്നത്. റെയില്‍വേ അവഗണനക്കെതിരെ ശബ്ദം ഉയര്‍ത്തിയതും ചെറുതല്ലാത്ത നേട്ടങ്ങള്‍ സ്വന്തമാക്കിയതും കാസര്‍കോട് എംപി പി കരുണാകരനാണ്്. പാര്‍ലമെന്റിലെ സ്ഥിരസാന്നിധ്യവും റെയില്‍വേ വിഷയങ്ങളില്‍ അതീവതല്‍പരനുമായ കരുണാകരന്‍ കൈവരിച്ച നേട്ടങ്ങള്‍ അവകാശപ്പെടാന്‍ ചില്ലറ തൊലക്കട്ടി പോര. പാര്‍ലമെന്റിലെ ദേശാടനപ്പക്ഷിയായ സുധാകരന്റെ മനസ്സറിവുപോലും ഇതിലൊന്നുമില്ലെന്നതാണ് യാഥാര്‍ഥ്യം. പോളിയില്‍ കോഴ്സ് തുടങ്ങിയതാണ് തന്റെ നേട്ടമെന്ന് അവകാശപ്പെടുന്ന എംപിയെ ഇനിയും താങ്ങണോ എന്ന് കഴിഞ്ഞ തവണ വോട്ട് ചെയ്തവര്‍ ആലോചിക്കാതിരിക്കില്ല. ഇഛാശക്തിയുള്ള ഒരു പാര്‍ലമെന്റംഗത്തിന്റെ സാന്നിധ്യമുണ്ടെങ്കിലേ അഴീക്കല്‍ തുറമുഖവികസനം സ്വപ്നം കാണാനാവൂ. അതിന് പ്രാപ്തിയില്ലെന്ന് സുധാകരന്‍ അഞ്ചുകൊല്ലംകൊണ്ട് തെളിയിച്ചു. കൊട്ടിഘോഷിക്കുന്ന തീരദേശ കപ്പല്‍ ഗതാഗതവും ഓയില്‍ ടെര്‍മിനലുമൊക്കെ എവിടെയാണെന്ന് ചോദിച്ചാല്‍ കള്ളി വെളിച്ചത്താകും.

deshabhimani

No comments:

Post a Comment