Friday, March 14, 2014

കരുത്തോടെ കണ്ണൂരില്‍ ഇടതുപക്ഷം

കണ്ണൂര്‍: വികസനമുരടിപ്പും അവഗണനയും നിറഞ്ഞ അഞ്ചുവര്‍ഷത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് കണ്ണൂര്‍ മണ്ഡലം. കെ സുധാകരന്റെ മുന്‍കൈയില്‍ കേന്ദ്രപദ്ധതിയൊന്നും കൊണ്ടുവരാനായില്ലെന്ന തിരിച്ചറിവ് വോട്ടര്‍മാരെ ഇരുത്തിച്ചിന്തിപ്പിക്കും. എല്‍ഡിഎഫിന് അനുകൂല രാഷ്ട്രീയ സാഹചര്യമാണ് മണ്ഡലത്തില്‍ രൂപപ്പെട്ടിരിക്കുന്നത്. ഇത് യുഡിഎഫ് നേതൃത്വത്തിന്റെ ഉറക്കം കെടുത്തുകയാണ്. ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയനിലപാടുകള്‍ ഉപേക്ഷിച്ച് ആയിരങ്ങളാണ് ജില്ലയില്‍ സിപിഐ എമ്മുമായി സഹകരിക്കുന്നത്. കണ്ണൂരിന്റെ റെയില്‍വേ വികസനം, ഗതാഗതക്കുരുക്ക് എന്നിവ പരിഹരിക്കാനും എംപിക്ക് സമയമുണ്ടായില്ല. അഴീക്കല്‍ തുറമുഖത്തിനുവേണ്ടിയും നാവനക്കിയില്ല. നാടിനെ നടുക്കിയ ചാലദുരന്ത സമയത്തും എംപിയുടെ സാന്നിധ്യമുണ്ടായില്ല. അഞ്ചുവര്‍ഷത്തിനിടെ എംപി 13 തവണയേ പാര്‍ലമെന്റില്‍ ശബ്ദിച്ചുള്ളൂ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ആശങ്കയിലായ മലയോരജനതയെ ആശ്വസിപ്പിക്കാന്‍ എംപി എത്താത്തതിന്റെ പ്രതിഷേധവും ശക്തമാണ്. കണ്ണൂര്‍ എംഎല്‍എ എ പി അബ്ദുള്ളക്കുട്ടിയുടെ സദാചാരവിരുദ്ധ പ്രവര്‍ത്തനവും യുഡിഎഫിന് ആഘാതമാകും.

രാജ്യത്തെ ആദ്യ പ്രതിപക്ഷ നേതാവ് എ കെ ജിയെ വിജയിപ്പിച്ച മണ്ഡലമാണ് കണ്ണൂര്‍. "51ലെ ഒന്നാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി പ്രസിഡന്റ് സി കെ ഗോവിന്ദന്‍നായരെ എ കെ ജി തറപറ്റിച്ചത് 87,027 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. എ കെ ജിയുടെ ഭൂരിപക്ഷത്തിലും കുറവായിരുന്നു സി കെ ഗോവിന്ദന്‍നായര്‍ക്ക് ലഭിച്ച വോട്ട്. "57ലെ പുനര്‍നിര്‍ണയത്തിന്റെ ഫലമായി മണ്ഡലം തലശേരിയുടെ ഭാഗമായി. 1977ലാണ് വീണ്ടും കണ്ണൂര്‍ മണ്ഡലം രൂപപ്പെടുന്നത്. പിന്നീട് ഏഴുതവണ യുഡിഎഫിനെയും മൂന്നുതവണ എല്‍ഡിഎഫിനെയും തുണച്ചു. ഇരിക്കൂര്‍, പേരാവൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മടം, തളിപ്പറമ്പ്, മട്ടന്നൂര്‍ നിയമസഭാ മണ്ഡലങ്ങളാണ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലുള്‍പ്പെടുന്നത്. 2009ല്‍ കോണ്‍ഗ്രസിലെ കെ സുധാകരന് 4,32,878 വോട്ടും സിപിഐ എമ്മിലെ രാഗേഷിന് 3,89,727 വോട്ടുമാണ് ലഭിച്ചത്. ഭൂരിപക്ഷം 43,151. ബിജെപി 27,123 വോട്ട് നേടി. യുഡിഎഫുമായി കച്ചവടം നടത്തിയതിനാലാണ് ബിജെപി വോട്ട് ഇടിഞ്ഞത്. മുന്‍ ജില്ലാപ്രസിഡന്റ് ഒ കെ വാസുവും നൂറുകണക്കിനു പ്രവര്‍ത്തകരും സിപിഐ എമ്മിലേക്ക് വന്നത് എല്‍ഡിഎഫിന് അനുകൂലമാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടു. ഏഴു നിയമസഭാ മണ്ഡലത്തിലായി 51,402 വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ട്. ഇത്തവണ മണ്ഡലത്തില്‍ 11,66,721 വോട്ടര്‍മാരാണ് വിധിയെഴുതുക. 2009ല്‍ 10,57,658 വോട്ടര്‍മാരാണുണ്ടായിരുന്നത്.

deshabhimani

No comments:

Post a Comment