Thursday, March 20, 2014

സ്ഥാനാര്‍ഥികള്‍ക്ക് ഹൈക്കമാന്‍ഡ് വക രണ്ടരക്കോടി

കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ഹൈക്കമാന്‍ഡ് വക രണ്ടരക്കോടി രൂപയുടെ കിഴി. ഘടകകക്ഷി സ്ഥാനാര്‍ഥിക്കള്‍ക്ക് ഒന്നേകാല്‍ കോടിവീതമാണ് നല്‍കുക. ഇതിനുപുറമെ കെപിസിസിക്കും ഡിസിസികള്‍ക്കും പണം നല്‍കും. സ്ഥാനാര്‍ഥികള്‍ക്കുള്ള തുക കുഴല്‍പ്പണമായി കേരളത്തിലേക്ക് അയച്ചു. രണ്ടുദിവസത്തിനകം ഇത് കേരളത്തില്‍ എത്തും. വടകര സ്ഥാനാര്‍ഥിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് 2009ല്‍ ഹൈക്കമാന്‍ഡ് നല്‍കിയ തുകയില്‍ ഒരു പങ്ക് കാണാതായത് വിവാദമായിരുന്നു. ഒന്നേകാല്‍ കോടിയാണ് കഴിഞ്ഞ തവണ ഹൈക്കമാന്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ഗഡുക്കളായി അനുവദിച്ചത്. ഇതില്‍ മുല്ലപ്പള്ളിക്ക് കിട്ടേണ്ട അവസാന ഗഡുവാണ് ട്രെയിനില്‍ കാണാതായത്. കള്ളപ്പണമായതിനാല്‍ കോണ്‍ഗ്രസ് നേതൃത്വം പരാതിപ്പെട്ടില്ല. ഇത്തരം "അബദ്ധ"ങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം നല്‍കി. ഓരോ സ്ഥാനാര്‍ഥിക്കും പണം നേരിട്ട് കൈമാറും. സി വി പത്മരാജന്റെ നേതൃത്വത്തിലുള്ള പ്രചാരണ സമിതിക്കാണ് ചുമതല. എഐസിസി ട്രഷറര്‍ മോത്തിലാല്‍ വോറയാണ് ഓരോ സംസ്ഥാനത്തെയും സംഖ്യ തീരുമാനിച്ചത്. ശൂരനാട് രാജശേഖരന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ വോറയുമായി ചര്‍ച്ച നടത്തിയിരുന്നു.

ഓരോ സ്ഥാനാര്‍ഥിക്കും നാലുകോടിവീതം നല്‍കണമെന്നാണ് ആവശ്യപ്പെട്ടതെങ്കിലും ഇത് അംഗീകരിക്കപ്പെട്ടില്ല. മണ്ഡലത്തിന്റെ വിസ്തീര്‍ണവും വോട്ടര്‍മാരുടെ എണ്ണവും കണക്കാക്കി അനുവദിച്ചത് രണ്ടുമുതല്‍ രണ്ടരക്കോടി. സ്ഥാനാര്‍ഥികള്‍ക്ക് പരമാവധി 70 ലക്ഷം രൂപ ചെലവഴിക്കാനാണ് തെരഞ്ഞെടുപ്പു കമീഷന്റെ അനുമതി. എന്നാല്‍, കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ഹൈക്കമാന്‍ഡില്‍നിന്നുമാത്രം ലഭിക്കുക രണ്ടരക്കോടിയാണ്. പ്രാദേശികമായി സമാഹരിക്കുന്ന തുക ഇതിനു പുറമെയും. തെരഞ്ഞെടുപ്പില്‍ കോടികള്‍ പൊടിക്കുമെങ്കിലും കമീഷനു നല്‍കുന്ന കണക്കില്‍ ചെലവ് 70 ലക്ഷത്തില്‍ ഒതുക്കും. ഹൈക്കമാന്‍ഡ് നല്‍കുന്ന കള്ളപ്പണത്തിന്റെ നല്ലൊരു പങ്ക് സ്ഥാനാര്‍ഥികളുടെ പോക്കറ്റിലെത്തും.

deshabhimani

No comments:

Post a Comment