Thursday, March 20, 2014

ഖജനാവിന് വന്‍ ബാധ്യത

എ കെ ആന്റണിയുടെ "പ്രതിച്ഛായ" സംരക്ഷിക്കാന്‍ രാജ്യം കനത്ത വില നല്‍കുന്നു. പ്രതിരോധ ഇടപാടുകളിലെ ക്രമക്കേടും കോഴയും തടയാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലായ്മയാണ് ആന്റണിയുടെ പ്രധാന ദൗര്‍ബല്യം. ആയുധവ്യാപാരത്തില്‍ ഇടപെടുന്ന ഇടനിലക്കാരെ അമര്‍ച്ചചെയ്യാന്‍ രാഷ്ട്രീയവും ഭരണപരവുമായ കരുത്തു വേണം. എ കെ ആന്റണി പ്രതിരോധ മന്ത്രിയായ എട്ടുകൊല്ലം പ്രകടമായത് ഈ കരുത്തില്ലായ്മ. പ്രതിരോധ സംഭരണ ചട്ടപ്രകാരം ഇടനിലക്കാരെയും ദല്ലാള്‍മാരെയും നിരോധിച്ചിട്ടുണ്ട്. കരാറിന് കോഴ നല്‍കിയതായി തെളിഞ്ഞാല്‍ ആയുധ ഇടപാട് ഏതു ഘട്ടത്തിലും റദ്ദാക്കാം. എന്നാല്‍,ആറുവര്‍ഷത്തിനിടെ പല പ്രധാന ഇടപാടുകളിലും അഴിമതി കണ്ടെത്തി. ഇതുതന്നെ കണ്ടെത്താന്‍ ഏറെ വൈകി. അഗസ്ത വെസ്റ്റ്ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍, റോള്‍സ്റോയ്സ് യുദ്ധവിമാന എന്‍ജിന്‍ ഇടപാടുകളില്‍ വിദേശരാജ്യങ്ങളില്‍ നിയമനടപടി ആരംഭിച്ചശേഷമാണ് പ്രതിരോധമന്ത്രാലയം ഉണര്‍ന്നത്.

ഇതിന്റെ ദോഷം രണ്ടാണ്- ആയുധസംഭരണ പദ്ധതികള്‍ പൊളിഞ്ഞ് രാജ്യത്തിന്റെ പ്രതിരോധശേഷി ദുര്‍ബലമായതാണ് ആദ്യത്തേത്. ഖജനാവിനുണ്ടാകുന്ന നഷ്ടം രണ്ടാമത്തെ പ്രശ്നം. ആയുധസംഭരണത്തിലെ കാലതാമസത്തിന്റെ കെടുതി രാജ്യം നേരിടുകയാണ്. നാവികസേന യാനങ്ങളില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്നു. ഒരു വര്‍ഷത്തിനിടെ 20ല്‍പരം നാവികസേനാംഗങ്ങള്‍ അപകടങ്ങളില്‍ മരിച്ചു. വ്യോമ-കരസേനകളുടെ സ്ഥിതിയും പരിതാപകരമെന്ന് സേനാമേധാവികള്‍തന്നെ പരസ്യമായി പറയുന്നു. സംഭരണപദ്ധതി നീണ്ടുപോകുകയും റദ്ദാക്കുകയും ചെയ്യുമ്പോള്‍ ഖജനാവിനും ഭീമമായ ചോര്‍ച്ചയുണ്ടാവുന്നു. അഗസ്ത വെസ്റ്റ്ലാന്‍ഡ് ഇടപാടിന് തുടക്കമിട്ടത് 2007ലാണ്. ആംഗ്ലോ-ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡില്‍നിന്ന് 3726 കോടി രൂപയ്ക്ക് 12 കോപ്റ്റര്‍ വാങ്ങാനുള്ള ഇടപാടില്‍ 360 കോടി രൂപയാണ് കോഴ കൈമറിഞ്ഞത്. മൊത്തം കരാര്‍തുകയുടെ മൂന്നിലൊന്ന് നല്‍കിയശേഷമാണ് ഇടപാട് റദ്ദാക്കിയത്. ഈ പണം തിരികെ നല്‍കാനാവില്ലെന്നാണ് ഇറ്റലിയുടെ നിലപാട്. റോള്‍സ്റോയിസ് യുദ്ധവിമാന എന്‍ജിന്‍ ഇടപാടിലും സമാന പ്രശ്നങ്ങളാണ്. യുദ്ധവിമാനങ്ങള്‍ക്കായി ബ്രിട്ടീഷ്കമ്പനി റോള്‍സ്റോയിസില്‍നിന്ന് പതിനായിരം കോടി രൂപയ്ക്ക് എന്‍ജിനുകള്‍ വാങ്ങാന്‍ 2007ലാണ് തീരുമാനിച്ചത്. 2011നകം കരാര്‍ നടപ്പാക്കാനായിരുന്നു പദ്ധതി. നടപടികള്‍ നീണ്ടതോടെ യുദ്ധവിമാനങ്ങളുടെ സംഭരണത്തില്‍ കാലതാമസം നേരിട്ടു. ഒടുവില്‍ കോഴയ്ക്കെതിരെ ബ്രിട്ടനില്‍ നിയമനടപടി ആരംഭിച്ചതോടെ ഇടപാട് മരവിപ്പിച്ചു. ഇക്കാര്യങ്ങളില്‍ തനിക്കൊന്നും അറിയില്ലെന്നതാണ് ആന്റണിയുടെ വിശദീകരണം

deshabhimani

No comments:

Post a Comment