Wednesday, March 19, 2014

ആര്‍വൈഎഫ് സംസ്ഥാന നേതാവ് എം എ ബേബിക്കായി പ്രചാരണത്തിന്

കൊല്ലം ലോക്സഭാമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എ ബേബിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് ആര്‍വൈഎഫ് സംസ്ഥാന വൈസ്പ്രസിഡന്റും കേന്ദ്രകമ്മിറ്റി അംഗവുമായ പ്രേംസുധ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആര്‍എസ്പിയുടെ 75-ാം ജന്മദിനമായ ബുധനാഴ്ച ബേബിക്കുവേണ്ടി പ്രചാരണം തുടങ്ങും. ആര്‍എസ്പിയുടെ സീറ്റ് സിപിഐ എം തട്ടിയെടുത്തുവെന്ന് ആരോപിക്കുന്നത് അടിസ്ഥാനരഹിതമാണ്. മുമ്പു രണ്ടു ലോക്സഭാ മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്ന പാര്‍ടിയാണ് ആര്‍എസ്പി. അതിലൊന്ന് ആലപ്പുഴയാണ്. 1977ല്‍ ഇന്നത്തെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആലപ്പുഴ മണ്ഡലം തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞ 35വര്‍ഷം എല്‍ഡിഎഫില്‍ നിന്നതുകൊണ്ട് ആര്‍എസ്പിക്കു വലിയനഷ്ടം ഉണ്ടായി എന്നാണ് ഇപ്പോഴത്തെ ആരോപണം. ഇതു കള്ളപ്രചാരണമാണ്. ആര്‍എസ്പിക്കു കോണ്‍ഗ്രസ് ബന്ധമുണ്ടായിരുന്ന കാലത്ത് ഒമ്പത് എംഎല്‍എമാരും രണ്ടു ലോക്സഭാംഗങ്ങളും ഒരു രാജ്യസഭാംഗവും ഉണ്ടായിരുന്നു. അന്നത്തെ ശക്തി പാര്‍ടിക്കുണ്ടോ എന്ന് എ എ അസീസും എന്‍ കെ പ്രേമചന്ദ്രനും വിശദീകരിക്കണം. ആര്‍എസ്പി ഭരണഘടനയ്ക്കും സംഘടനാതത്വങ്ങള്‍ക്കും എതിരാണ് യുഡിഎഫില്‍ ചേരാനുള്ള സംസ്ഥാനസമിതിയുടെ തീരുമാനം. ആര്‍എസ്പിയുടെ ഭരണഘടനപ്രകാരം ദേശീയസമ്മേളനം, കേന്ദ്രസെക്രട്ടറിയറ്റ്, കേന്ദ്രകമ്മിറ്റി എന്നിവ രൂപപ്പെടുത്തുന്ന സംഘടനാതത്വങ്ങള്‍ പ്രകാരമാണ് സംസ്ഥാനസമിതി പ്രവര്‍ത്തിക്കേണ്ടത്. ഇപ്പോള്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേരാന്‍ സംസ്ഥാനസമിതി എടുത്ത തീരുമാനത്തിനു മേല്‍ഘടകങ്ങളടെ അംഗീകാരമില്ല.

കൊല്ലം ലോക്സഭാ സീറ്റാണ് ആര്‍എസ്പിയുടെ അഭിമാനവും അസ്തിത്വവും നിര്‍ണയിക്കുന്നത് എന്നാണ് സംസ്ഥാനഘടകം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനോടു യോജിക്കാനാവില്ല. അതിനാല്‍ ഈ ഏകപക്ഷീയനിലപാടു തിരുത്താന്‍ ആര്‍എസ്പിയിലും ആര്‍വൈഎഫിലും നിന്നുകൊണ്ടുതന്നെ പോരാടുമെന്നും പ്രേംസുധ പറഞ്ഞു. കൊല്ലം ലോക്സഭാസീറ്റ് 1999ലാണ് ആര്‍എസ്പിയില്‍നിന്നു സിപിഐ എം എടുത്തത്. കഴിഞ്ഞ മുന്നുതെരഞ്ഞെടുപ്പിലും സിപിഐ എം ഇവിടെ മത്സരിച്ചു. അന്നൊന്നും ഉണ്ടാകാത്ത പ്രതിഷേധം ഇപ്പോള്‍ ഉണ്ടായത് ദുരൂഹമാണ്. എല്ലാം സിപിഐ എം കൊണ്ടുപോയി എന്നു വിലപിക്കുന്ന ആര്‍എസ്പി സംസ്ഥാനനേതൃത്വം പലതിനും ഉത്തരം പറയേണ്ടിവരുമെന്നും പ്രേംസുധ പറഞ്ഞു. കേവലമൊരു ലോക്സഭാ സീറ്റിന്റെ പ്രശ്നത്തില്‍ യുഡിഎഫില്‍ ചേക്കേറിയ ആര്‍എസ്പിയുടെ തീരുമാനം രാഷ്ട്രീയത്തിലെ ധാര്‍മികതയുമായി ബന്ധപ്പെട്ട് ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുമെന്ന് പ്രേംസുധ പിന്നീട് ദേശാഭിമാനിയോടു പറഞ്ഞു. കൊല്ലം ലോക്സഭാ സീറ്റിന്റെ കാര്യത്തില്‍ 15 വര്‍ഷം ഉണ്ടാകാതിരുന്ന ധാര്‍മികതയും മര്യാദയുടെ പ്രശ്നവുമൊക്കെ ഇപ്പോള്‍ ആര്‍എസ്പി ഉന്നയിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും ചോദിച്ചു.

കേരള കോണ്‍ഗ്രസ് എം സംസ്ഥാനകമ്മിറ്റി അംഗവും 250 പ്രവര്‍ത്തകരും രാജിവച്ചു

കൊല്ലം: കോണ്‍ഗ്രസിന്റെ സമ്മര്‍ദത്തിനു വഴങ്ങി പാര്‍ടി താല്‍പ്പര്യം ബലികഴിക്കുന്ന കേരള കോണ്‍ഗ്രസ് എം നിലപാടില്‍ പ്രതിഷേധിച്ച് സംസ്ഥാന കമ്മിറ്റിയംഗവും കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഓയൂര്‍ നസീറിന്റെ നേതൃത്വത്തില്‍ 250ഓളം പ്രവര്‍ത്തകര്‍ രാജിവച്ചു. സിപിഐ എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കൊല്ലം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എ ബേബിയുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നും നസീറും കൂട്ടരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആര്‍എസ്പിയ്ക്ക് സീറ്റ് നല്‍കാന്‍ കാണിച്ച ഇച്ഛാശക്തി കേരള കോണ്‍ഗ്രസിന് ഇടുക്കി സീറ്റ് നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് കാണിച്ചില്ല. ഇടുക്കി സീറ്റ് നേടിയെടുക്കാന്‍ ആവശ്യമായ സമ്മര്‍ദം പാര്‍ടി നേതൃത്വം കോണ്‍ഗ്രസിനുമേല്‍ ചെലുത്തിയില്ല. ഈ സാഹചര്യത്തിലാണ് രാജിയെന്നും നസീര്‍ പറഞ്ഞു. കെടിയുസി എം ജില്ലാസെക്രട്ടറി, കേരള പ്രൈവറ്റ് മോട്ടോര്‍ തൊഴിലാളി കോണ്‍ഗ്രസ്, റേഷന്‍ ഡീലേഴ്സ് വര്‍ക്കേഴ്സ് ഫെഡറേഷന്‍, കെടിയുസി എം നോമിനിയായി ലഭിച്ച ഫുഡ്സേഫ്റ്റി വിജിലന്‍സ് കമ്മിറ്റി സ്ഥാനവും മറ്റെല്ലാ സ്ഥാനവും രാജിവച്ചിട്ടുണ്ട്. കേരളാകോണ്‍ഗ്രസ് എം പൂയപ്പള്ളി മണ്ഡലം പ്രസിഡന്റ് സുമന്‍മാത്യു, മണ്ഡലം ജനറല്‍ സെക്രട്ടറി ഹുസൈന്‍, വൈസ്പ്രസിഡന്റുമാരായ റഹീം, റക്കീബ്, ട്രഷറര്‍ സുരേഷ്ബാബു, കെടിയുസി എം പൂയപ്പള്ളി മണ്ഡലം പ്രസിഡന്റ് തുളസി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment