Wednesday, March 19, 2014

"അഹമ്മദി" മാറ്റാനുറച്ച് മലപ്പുറം

മലപ്പുറം: ""അണികളെ വെല്ലുവിളിച്ച് തോല്‍ക്കാനുറച്ച് നേതൃത്വം. വെല്ലുവിളി ഏറ്റെടുത്ത് തോല്‍പ്പിക്കാന്‍ നമ്മളും""- കൊണ്ടോട്ടിക്കടുത്ത് വലിയൊരു ബാനര്‍. മണ്ഡലത്തില്‍ കാലുകുത്താത്ത വിദേശകാര്യ വിഐപിയെ ബഹിഷ്കരിക്കാനും ആഹ്വാനമുണ്ട്, മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ നീറാട് ഹരിതസംഘത്തിന്റെ ബാനറില്‍. കേന്ദ്ര സഹമന്ത്രി ഇ അഹമ്മദിനെതിരെ ലീഗ് കേന്ദ്രങ്ങളിലും നവമാധ്യമങ്ങളിലും നൂറുകണക്കിന് പോസ്റ്റുകള്‍ പ്രചരിക്കുന്നു.

പ്രവാസികാര്യമന്ത്രിയായിരുന്നിട്ടും പ്രവാസികള്‍ക്ക് എന്തുചെയ്തെന്ന് ഒരു ചോദ്യം. വിമാന യാത്രക്കൂലി, എയര്‍ ഇന്ത്യയുടെ അലംഭാവം, ഹജ്ജ് തുടങ്ങി വിവിധ വിഷയങ്ങളില്‍ ചോദ്യശരങ്ങള്‍. വോട്ടര്‍മാര്‍ക്ക് സിറ്റിങ് എംപിയോടുള്ള രോഷമാണ് ഇന്നു മലപ്പുറത്തിന്റെ വികാരം. തെരഞ്ഞെടുപ്പ് ജയിച്ചശേഷം മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. അങ്ങനെയൊരാളെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ആവശ്യപ്പെട്ടത് ലീഗിന്റെ പ്രാദേശിക നേതൃത്വമാണ്. മുസ്ലിംലീഗിലാകെയും മുന്നണിയിലും അതേഅഭിപ്രായം. ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റാണ് അഹമ്മദ്. ഒടുവില്‍, സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ കാലുപിടിച്ച്, നാണംകെടുത്തരുതെന്ന് യാചിച്ച് ദേശീയ പ്രസിഡന്റ് സീറ്റ് വാങ്ങി. ഇതോടെ അണികള്‍ തോറ്റു. തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിലെ കടുത്ത വെല്ലുവിളിയാണ് അഹമ്മദ് ഇക്കുറി നേരിടുന്നത്. മണ്ഡലത്തിലെ സ്ഥിരസാന്നിധ്യമായ പി കെ സൈനബയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ വീശിയടിച്ച എല്‍ഡിഎഫ് തരംഗത്തിനൊപ്പം മലപ്പുറത്ത് ചരിത്രത്തിലാദ്യമായി പാറിയ ചെങ്കൊടി അഹമ്മദിനെയും ലീഗിനെയും അസ്വസ്ഥമാക്കുന്നു. പാര്‍ലമെന്റിലേക്ക് കന്നിയങ്കമാണെങ്കിലും സാമൂഹ്യ- രാഷ്ട്രീയ രംഗത്ത് സജീവസാന്നിധ്യമാണ് സൈനബ. ജനാധിപത്യ മഹിളാ അസോസിയേഷന്‍, വനിതാ കമീഷന്‍ പ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ അംഗീകാരം നേടാനായി. വനിതാ കമീഷന്‍ അംഗം എന്നനിലയില്‍ എണ്ണായിരത്തി അറുനൂറിലധികം കേസുകള്‍ പരിഹരിച്ചു. മണ്ഡലത്തിലെ 12.5 ലക്ഷം വോട്ടര്‍മാരില്‍ 52 ശതമാനം സ്ത്രീകളാണെന്നതും സൈനബയ്ക്ക് കരുത്തേകുന്നു. അഹമ്മദിനെതിരെയുള്ള പ്രധാന പരാതി ജയിച്ചുപോയാല്‍ തിരിഞ്ഞുനോക്കില്ലെന്നതാണ്. കേന്ദ്ര സഹമന്ത്രിയായിട്ടും മണ്ഡലത്തിന് ഒന്നും നല്‍കിയില്ല. വിദേശസഹമന്ത്രി എന്നനിലയിലുള്ള അവഗണനയാണ് ഏറെ മുറിവേല്‍പ്പിച്ചത്. നിതാഖാത്തിനെതുടര്‍ന്ന് സൗദി അറേബ്യയില്‍നിന്ന് തിരിച്ചെത്തിയവര്‍ക്കായി മന്ത്രി ചെറുവിരല്‍ അനക്കിയില്ല. ഇവര്‍ക്ക് പ്രത്യേക പാക്കേജോ എന്തെങ്കിലും സഹായമോ നല്‍കിയില്ല. സൗജന്യ വിമാനടിക്കറ്റ് വാഗ്ദാനം 120 പേര്‍ക്കാണ് ലഭിച്ചത്. മതിയായ ഫണ്ടോ അടിസ്ഥാനസൗകര്യങ്ങളോ കോഴ്സോ ആരംഭിക്കാതെ അലിഗഡ് ക്യാമ്പസ് ഊര്‍ധ്വശ്വാസം വലിക്കുന്നത് മറ്റൊരു വശത്ത്. എംപി ഫണ്ടിലെ രണ്ടുകോടിയില്‍പ്പരം രൂപ പാഴാക്കിക്കളഞ്ഞതിന്റെ നാണക്കേട് വേറെ. യാഥാര്‍ഥ്യമാകാത്ത മലപ്പുറം കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ കോംപ്ലക്സ്, അംഗീകാരനഷ്ടത്തിന്റെ വക്കിലുള്ള മഞ്ചേരി മെഡിക്കല്‍ കോളേജ്, മലപ്പുറം നഗരത്തിലെ ജലവിതരണപ്രശ്നം, അങ്ങാടിപ്പുറം എഫ്സിഐ ഗോഡൗണ്‍ ശോച്യാവസ്ഥ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ക്കൊപ്പം മലപ്പുറം പാസ്പോര്‍ട്ട് ഓഫീസിലെ അഴിമതിയും ഹജ്ജ് ക്വോട്ടയിലെ തിരിമറിയും ചര്‍ച്ചയാകും.

അതിനിടെ ലീഗ്- ആര്യാടന്‍ പോരും നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലയും തിരിച്ചടിയായി. ബിജെപിക്കുവേണ്ടി കളത്തിലിറങ്ങുന്ന ജില്ലാ സെക്രട്ടറി അഡ്വ. എന്‍ ശ്രീപ്രകാശ് പാര്‍ടിവോട്ട് നിലനിര്‍ത്താനുള്ള മത്സരത്തിലാണ്. എസ്ഡിപിഐക്കുവേണ്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി നാസറുദീന്‍ എളമരവും വെല്‍ഫെയര്‍ പാര്‍ടിക്കുവേണ്ടി പി ഇസ്മയിലും രംഗത്തുണ്ട്. സൈനബയിലൂടെ മലപ്പുറത്തിന് ജനങ്ങള്‍ക്കൊപ്പമുള്ള പ്രതിനിധിയെ ലഭിക്കുമെന്ന ഉറപ്പുമായി ആയിരക്കണക്കിന് ചെറുപ്പക്കാര്‍ രംഗത്തിറങ്ങുകയാണ്. നവമാധ്യമങ്ങളില്‍ അവര്‍ സ്വയം സന്നദ്ധരായി സൈനബയ്ക്കുവേണ്ടി വോട്ട് തേടുന്നു; ഇ അഹമ്മദിന്റെ നിഷ്ക്രിയത്വം സോദ്ദാഹരണം ചൂണ്ടിക്കാട്ടുന്നു. മലപ്പുറത്ത് പതുക്കെ ഒരു മാറ്റക്കാറ്റ് രൂപംകൊള്ളുകയാണ്.

പി സി പ്രശോഭ് deshabhimani

No comments:

Post a Comment