Friday, March 7, 2014

ധന്വന്തരി ഡയാലിസിസ് നിധി: വിവാദങ്ങള്‍ ഉയര്‍ത്തി മഹത്തായ യജ്ഞം തകര്‍ക്കരുത്- സിപിഐ എം

വടകര: മഹത്തായ ധന്വന്തരി ഡയാലിസിസ് നിധി ശേഖരണ യജ്ഞത്തെ വിവാദങ്ങള്‍ ഉയര്‍ത്തി തകര്‍ക്കരുതെന്ന് സിപിഐ എം ആവശ്യപ്പെട്ടു. ധന്വന്തരി ട്രസ്റ്റ് രൂപീകരണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പൂര്‍ണമായും അസത്യമാണ്. എല്ലാ രാഷ്ട്രീയ പാര്‍ടികളുടെയും പ്രതിനിധികള്‍ അടങ്ങുന്ന ആശുപത്രി മാനേജ്മെന്റ കമ്മിറ്റി മൂന്ന് തവണ യോഗം ചേര്‍ന്നാണ് ട്രസ്റ്റ് രൂപീകരിക്കാന്‍ തീരുമാനിച്ചത്. ധന്വന്തരി നിധി സമാഹരിക്കുന്നത്ഒക്ടോബര്‍ 27നാണ്. എന്നാല്‍ ഒക്ടോബര്‍ രണ്ടിന് ചേര്‍ന്ന ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി ട്രസ്റ്റ് രൂപീകരിക്കാന്‍ തീരുമാനിക്കുന്നുണ്ട്. നിധിയിലേക്ക് പിരിഞ്ഞ് കിട്ടുന്ന മൂന്ന് കോടി രൂപയില്‍ ഒരു കോടിയോളം രുപ ആദായ നികുതിയായി അടക്കേണ്ടി വരുമെന്നും ആദായ നികുതിയില്‍ നിന്ന് മുക്തമാകാന്‍ ട്രസ്റ്റ് രൂപീകരിക്കണമെന്നുമുള്ള ആദായ നികുതി വിദഗധരുടെ നിര്‍ദേശം ആശുപത്രി സൂപ്രണ്ട് ഡോ. പിയൂഷ് നമ്പൂതിരിപ്പാടാണ് ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയില്‍ അവതരിപ്പിക്കുന്നത്.

നവംബര്‍ എട്ടിന് ചേര്‍ന്ന ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയില്‍ നിധി ശേഖരണത്തിന്റെ വരവ് ചെലവ് കണക്ക് അംഗീകരിച്ചത് രേഖയാണ്. സിപിഐ പ്രതിനിധിയായ വിനോദ് കായക്കണ്ടിയും കോണ്‍ഗ്രസ് നേതാവും എംപിയുടെ പ്രതിനിധിയുമായ ശശിധരന്‍ കരിമ്പനപ്പാലവും ആശുപത്രിയിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം രണ്ട് ദിവസം കണക്ക് ഓഡിറ്റ് ചെയ്ത ശേഷം അംഗീകരിച്ചതും രേഖയുണ്ട്. ട്രസ്റ്റ് അംഗങ്ങള്‍ ആജീവനാന്ത അംഗങ്ങളാണെന്ന പ്രചാരണവും ശരിയല്ല. ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് ട്രസ്റ്റ് അംഗങ്ങളെ മാറ്റാന്‍ കഴിയുമെന്നും കോട്ടപ്പറമ്പില്‍ സിപിഐ എം നേതൃത്വത്തില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ നേതാക്കള്‍ വ്യക്തമാക്കി. ഏരിയാ സെക്രട്ടറി കെ ശ്രീധരന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗവും ഡയാലിസിസ്നിധി ചെയര്‍മാനുമായ സി ഭാസ്കരന്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം ടി കെ കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു.

ധന്വന്തരി ട്രസ്റ്റ് തുടരാന്‍ സര്‍വകക്ഷി തീരുമാനം

വടകര: ജില്ലാ ആശുപത്രിയില്‍ വൃക്കരോഗികളെ സഹായിക്കാന്‍ സ്വരൂപിച്ച ധന്വന്തരി ഡയാലിസിസ് നിധി ഫലപ്രദമായി വിനിയോഗിക്കാന്‍ ട്രസ്റ്റ് തുടരാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിളിച്ച ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ തിരുമാനമായി. ട്രസ്റ്റ് നിയമാവലിയില്‍ ആവശ്യമായ നിയമാവലി വരുത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ വി പി കുഞ്ഞികൃഷ്ണന്‍, പി ജി ജോര്‍ജ് എന്നിവര്‍ അടങ്ങിയ മൂന്നംഗ സമിതിയെ ഇതിനായി ചുമതലപ്പെടുത്തി. 11ന് സര്‍വകക്ഷി യോഗം വീണ്ടും ചേര്‍ന്ന് സമിതി ഭേദഗതി നിര്‍ദേശിക്കും. പിന്നീട് നടക്കുന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്യും. ഇരിങ്ങല്‍ സര്‍ഗാലയയില്‍ ചേര്‍ന്ന യോഗത്തില്‍ സി കെ നാണു എംഎല്‍എ അധ്യക്ഷനായി. കാനത്തില്‍ ജമീല, വി പി കുഞ്ഞികൃഷ്ണന്‍, പി ജി ജോര്‍ജ്, സി ഭാസ്കരന്‍, കെ ശ്രീധരന്‍, പ്രൊഫ. കെ മഹമൂദ്, പി ജയരാജന്‍, സോമന്‍ മുതുവന, അച്യുതന്‍ പുതിയടത്ത്, സി കുമാരന്‍, അഡ്വ. എം രഘുനാഥ്, അഡ്വ. ലതികാ ശ്രീനിവാസ്, വടയക്കണ്ടി നാരായണന്‍, സി വി ബാലകൃഷ്ണന്‍, ടി ബാലക്കുറുപ്പ്, എന്‍ വേണു, വി ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment