നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ ഒരു പാവപ്പെട്ട യുവതിയെ ഭീകരമായി ബലാല്‍സംഗം ചെയത് കൊലപ്പെടുത്തിയ കേസിലെ പൊലീസ് അന്വേഷണം പോലും മരവിപ്പിച്ച കോണ്‍ഗ്രസിന് ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എം നടത്തിയതുപോലെ ഒരു അന്വേഷണം നടത്താന്‍ ധൈര്യമുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ചോദിച്ചു.
ടി പി ചന്ദ്രശേഖരന്റെ വധത്തില്‍ പാര്‍ടിക്കാര്‍ക്ക് ബന്ധമുണ്ടെങ്കില്‍ അവര്‍ ഈ പാര്‍ടിയില്‍ ഉണ്ടാവില്ല എന്ന പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രസ്താവന പാര്‍ടി നടപ്പിലാക്കിയിരിക്കുകയാണെന്ന് വി എസ് പ്രസ്താവനയില്‍ പറഞ്ഞു.
ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സി.പി.ഐ(എം) കേന്ദ്ര കമ്മിറ്റി ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ആ അന്വേഷണ കമ്മീഷന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ സി. രാമചന്ദ്രനെ പാര്‍ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരിക്കുകയാണ്. ടി.പി ചന്ദ്രശേഖരന്‍ കൊലപാതകവുമായി പാര്‍ടിക്കാര്‍ക്ക് ബന്ധമുണ്ടെങ്കില്‍ അവര്‍ ഈ പാര്‍ടിയില്‍ ഉണ്ടാവില്ല എന്ന ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ പാര്‍ടി നടപ്പാക്കിയിരിക്കുകയാണ്. ഇത്തരമൊരു കൊലപാതക കേസില്‍ ഉള്‍പ്പെട്ട ഒരു പാര്‍ടി ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഉത്തരവാദിത്തം പുറത്തുകൊണ്ടുവരുന്നതിനും, പാര്‍ടിയില്‍ നിന്ന് പുറത്താക്കുന്നതിനും അഖിലേന്ത്യാ നേതൃത്വമുള്‍പ്പെടെ എടുത്ത ധീരമായ നടപടികള്‍ ഇന്ത്യയിലെ മറ്റ് ഏതൊരു രാഷ്ട്രീയപാര്‍ടിക്ക് അവകാശപ്പെടാന്‍ കഴിയും? നിലമ്പൂരില്‍ കോണ്‍ഗ്രസ് പാര്‍ടി ഓഫീസില്‍ ഒരു പാവപ്പെട്ട യുവതിയെ ഭഭീകരമായി ബലാല്‍സംഗം ചെയ്യുകയും അതിനീചമായി കൊലപ്പെടുത്തി കുണ്ടുകുളത്തില്‍ മുക്കിത്താഴ്ത്തുകയും ചെയ്തിട്ട് ഇതുപോലെ ഒരു അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് പാര്‍ടിക്ക് കഴിഞ്ഞോ? ഈ സ്ത്രീ ആര്യാടന്റെ പ്രാദേശിക ഓഫീസിലും ആര്യാടന്റെ മകന്റെയും മരുമകന്റെയും ഓഫീസിലും തൂപ്പുകാരിയായിരുന്നു. ഈ ഹീനമായ നടപടിക്കെതിരെ പോലീസ് അന്വേഷണം പോലും മരവിപ്പിച്ചവര്‍ക്ക് ഞങ്ങളുടെ പാര്‍ടിയുടെ ഈ തീരുമാനം മാതൃകയാവട്ടെ.
തൃശൂരില്‍ ഗ്രൂപ്പുവഴക്കിന്റെ പേരില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ലേ അതിനീചമായി കൊലചെയ്യപ്പെട്ടത്? എന്ത് അന്വേഷണമാണ് കോണ്‍ഗ്രസ് നടത്തിയത്? ഞങ്ങളുടെ പാര്‍ടി നടത്തിയതുപോലെ ഒരന്വേഷണം പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് തയ്യാറുണ്ടോ? അന്വേഷണത്തിനുവേണ്ടി പോരാട്ടം നടത്താന്‍ സുധീരനടക്കമുള്ള ഏതെങ്കിലുമൊരു കോണ്‍ഗ്രസ് നേതാവിന് ധൈര്യമുണ്ടോ?
രാജ്യത്തെ മുസ്ലീം ജനവിഭാഗങ്ങളുടെ നെഞ്ചിലെ അണയാത്ത തീയാണ് ബാബ്റിമസ്ജിദ് തകര്‍ത്ത സംഭവം. ഇതിനുത്തരവാദികളായ ആളുകളെപ്പറ്റി എന്തെങ്കിലും ഒരന്വേഷണം നടത്താന്‍ ബി.ജെ.പിക്കാര്‍ക്കോ, കോണ്‍ഗ്രസുകാര്‍ക്ക് ധൈര്യമുണ്ടായിട്ടുണ്ടോ? ബാബ്റിമസ്ജിദ് തകര്‍ത്തതുവഴി ഉണ്ടാക്കിയ സാമുദായികസ്പര്‍ധ മുതലെടുത്തല്ലേ പിന്നീട് ബി.ജെ.പി നേതാവ് വാജ്പേയി പ്രധാനമന്ത്രിയായത്? സമാനമായ രീതിയില്‍ ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കിയ 2002-ലെ ഗുജറാത്ത് വംശഹത്യക്കേസില്‍ ഒന്നാംപ്രതിയായ നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയാക്കാന്‍ ഗുജറാത്ത്മോഡല്‍ പറഞ്ഞ് കോപ്പുകൂട്ടുകയല്ലേ ബി.ജെ.പി ചെയ്യുന്നത്? ഏത് ഗുജറാത്ത് മോഡല്‍? കൂട്ടക്കൊലയുടെ ഗുജറാത്ത് മോഡലോ? ഞങ്ങളുടെ പാര്‍ടി കാണിക്കുന്നതുപോലുള്ള ആര്‍ജ്ജവം മറ്റൊരു പാര്‍ടികള്‍ക്കും ഇല്ലെന്നല്ലേ ഇത് തെളിയിക്കുന്നത്?
രാജ്യത്തെ മൂലധനതാല്‍പര്യങ്ങളെയും കോര്‍പ്പറേറ്റ് ശക്തികളെയും സംരക്ഷിക്കുന്ന കോണ്‍ഗ്രസും ബി.ജെ.പിയും ഒരുപോലെ സി.പി.ഐ എംനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണം- വിഎസ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
deshabhimani
No comments:
Post a Comment