Friday, March 7, 2014

പാഴായ ജനവിധി തിരുത്താനൊരുങ്ങി കണ്ണൂര്‍

വികസനം പാഴ്വാക്കായ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നഷ്ടമായത് വിലപ്പെട്ട അഞ്ചുവര്‍ഷം. തൊട്ടടുത്ത മണ്ഡലമായ കാസര്‍കോടുമായി താരതമ്യം ചെയ്താല്‍ വ്യക്തമാവും കണ്ണൂരിന്റെ വികസനവും ഇവിടുത്തെ എംപിയുടെ നേട്ടപ്പട്ടികയുടെ പൊള്ളത്തരവും. ഒരു പദ്ധതിയും നടപ്പാക്കിയില്ലെങ്കിലും പാര്‍ലമെന്റിലും സ്വന്തം മണ്ഡലത്തിലും സജീവ സാന്നിധ്യമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ജനങ്ങള്‍ സഹിക്കുമായിരുന്നു. ഏതാനും റോഡുകളുടെ ടാറിങ് വികസനമായി അവതരിപ്പിക്കുന്നവര്‍ എംപിയുടെ വിലകുറയ്ക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം സുധാകരന് ബോധ്യമായത്. വികസനവഴിയില്‍ ഉറക്കം നടിച്ചിരുന്ന എംപി ഇപ്പോള്‍ സടകുടഞ്ഞെഴുന്നേറ്റ് കല്ലിടാനും നിവേദനം സ്വീകരിക്കാനും തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള നാടകമാണിതെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

അഴീക്കോട് തുറമുഖത്തിനും കണ്ണൂരിന്റെ റെയില്‍വേ വികസനത്തിനും എംപിയുടെ സംഭാവന എന്തെന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. മറ്റ് എംപിമാര്‍ മണ്ഡലത്തിലെ ഓരോ പ്രവര്‍ത്തനങ്ങളിലും ഭാഗഭാക്കായപ്പോള്‍ എംപി എവിടെയായിരുന്നുവെന്ന ചോദ്യവുമുയരുന്നുണ്ട്. വിമാനത്താവളമാണ് യുഡിഎഫിന്റെ നേട്ടപ്പട്ടികയില്‍ ഒന്നാമതുള്ളത്. ഇതിനായി എംപി ചെയ്ത കാര്യങ്ങളെന്തെന്ന് വ്യക്തമാക്കണം. എല്‍ഡിഎഫ് സര്‍ക്കാറാണ് മികച്ച പുനരധിവാസ പാക്കേജിലൂടെ സ്ഥലമേറ്റെടുത്തത്. വിമാനത്താവളത്തിന്റെ ശിലാസ്ഥാപനവും ഇക്കാലത്താണ് നടന്നത്. ഇതിന്റെ പ്രവൃത്തി ഉദ്ഘാടനമേ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് നിര്‍വഹിച്ചുള്ളൂ. അടിസ്ഥാന സൗകര്യമൊന്നുമൊരുക്കാതെ കണ്ണൂര്‍ സര്‍വകലാശാലയുടെ ആസ്ഥാനം താവക്കരയിലേക്ക് മാറ്റിയതും എംപിയുടെ വികസന നേട്ടത്തില്‍ ചേര്‍ത്തുവയ്ക്കുന്നുണ്ട്. ഫയലുകളെല്ലാം ചാക്കില്‍ കുത്തിനിറച്ച്, മറ്റ് സംവിധാനങ്ങളൊന്നും ഒരുക്കാതെയുള്ള ആസ്ഥാനമാറ്റത്തിന്റെ പ്രയോജനം ആര്‍ക്കാണ്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മലയോര ജനതയുടെ ജീവിതം പ്രതിസന്ധിയിലാണെന്നറിഞ്ഞിട്ടും അവര്‍ക്കൊപ്പം നില്‍ക്കാന്‍ കണ്ണൂര്‍ എംപിക്ക് കഴിഞ്ഞോ? പ്രതിഷേധം കത്തിപ്പടര്‍ന്നപ്പോള്‍ പാര്‍ലമെന്റ് അംഗത്തെ ബന്ദിയാക്കുന്നിടംവരെ കാര്യങ്ങളെത്തി. എന്നും ജനങ്ങള്‍ക്കൊപ്പമെന്ന് വീമ്പിളക്കുന്നയാള്‍ പൂര്‍ണമായി ഒറ്റപ്പെടുന്ന കാഴ്ചയാണ് കൊട്ടിയൂരിലും മറ്റും കണ്ടത്. മലയോരത്ത് മാത്രമല്ല തീരദേശങ്ങളിലും ഈ എംപി വെറുക്കപ്പെട്ടവനാണ്. ഇവരുടെ ജീവല്‍പ്രശ്നങ്ങളിലും ഒപ്പം നില്‍ക്കാന്‍ സുധാകരന് കഴിഞ്ഞില്ല. മണ്ഡലത്തിലെ പ്രശനങ്ങളോട് മുഖംതിരിച്ച എംപിക്കെതിരെ പ്രതികരിക്കാനുള്ള ഊഴം കാത്തിരിക്കുകയാണ് വോട്ടര്‍മാര്‍.

അങ്കത്തട്ട് ഉണര്‍ന്നു

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന് തിയതി പ്രഖ്യാപിച്ചതോടെ കാസര്‍കോട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ചൂടുപിടിക്കുന്നു. ഇരു മുന്നണിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പലയിടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനുള്ള പ്രചാരണ പ്രവര്‍ത്തനം ആരംഭിച്ചു. വേനല്‍ചൂടിനെ അതിജീവിച്ച് തെരഞ്ഞെടുപ്പ് ചൂടില്‍ മണ്ഡലം ഇളകിമറിയുമെന്ന സൂചനയാണ് തുടക്കത്തിലുള്ളത്. കോണ്‍ഗ്രസ്എഴുതിത്തള്ളിയ മണ്ഡലത്തില്‍ എല്‍ഡിഎഫിന് ചരിത്ര ഭൂരിപക്ഷം നേടിക്കൊടുക്കാനുള്ള ആവേശത്തിലാണ് പ്രവര്‍ത്തകര്‍. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ പി കരുണാകരന്‍ എംപി കഴിഞ്ഞ പത്തുവര്‍ഷം മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ മികവിലാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ചുരുങ്ങിയ കാലയളവില്‍ മികച്ച പാര്‍ലമെന്റേറിയന്‍ എന്ന് പേരെടുത്ത പി കരുണാകരന്‍ മണ്ഡലത്തിനുണ്ടാക്കിയ നേട്ടങ്ങളുടെ പട്ടിക നീണ്ടതാണ്. എംപി ഫണ്ട് വിനിയോഗത്തിന്റെ കാര്യത്തിലായാലും പാര്‍ലമെന്റില്‍ വിവിധ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിലായാലും മറ്റ് എംപിമാരില്‍നിന്ന് ഏറെ മുന്നിലാണ് പി കരുണാകരന്‍. റെയില്‍വേ രംഗത്ത് കാഞ്ഞങ്ങാട്- കാണിയൂര്‍ പാതയും എട്ട് റെയില്‍വേ സ്റ്റേഷനുകളെ ആദര്‍ശ് സ്റ്റേഷനാക്കിയതും കാസര്‍കോട് സ്റ്റേഷന്റെ വികസന പദ്ധതികള്‍ അംഗീകരിപ്പിച്ചതുമെല്ലാം പി കരുണാകരന്റെ ഇടപെടലിലാണ്. മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതികള്‍ സമര്‍പിച്ചെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള പൊതുവായ അവഗണനയുടെ ഭാഗമായി പലതും അംഗീകരിക്കപ്പെടുന്നില്ല. എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ എംപി നടത്തിയ ഇടപെടലില്‍ നാബാര്‍ഡ് അനുവദിച്ച 200 കോടിയുടെ പദ്ധതി, മറാഠികളെ പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം എംപിയുടെ നേട്ടങ്ങളാണ്. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.

കഴിഞ്ഞ അഞ്ചുവര്‍ഷമായി യുപിഎ സര്‍ക്കാരും മൂന്നുവര്‍ഷമായി യുഡിഎഫ് സര്‍ക്കാരും തുടരുന്ന ജനദ്രോഹ- അഴിമതി ഭരണത്തിനെതിരെ ജനങ്ങളിലുയരുന്ന പ്രതിഷേധവും വോട്ടര്‍മാര്‍ തിരിച്ചറിയും. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്- ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശക്തമായ പിന്തുണ കാസര്‍കോട് മണ്ഡലത്തില്‍നിന്ന് നല്‍കാനുള്ള ഒരുക്കത്തിലാണ് ജനങ്ങള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ചരിത്രമാണ് കാസര്‍കോടിനുള്ളത്. 1957 മുതല്‍ ഇടതുപക്ഷത്തിന്റെ ശബ്ദം മുഴങ്ങിയത് കാസര്‍കോട് തെരഞ്ഞെടുത്ത് അയച്ചവരിലൂടെയാണ്. ആദ്യ പ്രതിപക്ഷ നേതാവായ പാവങ്ങളുടെ പടത്തലവന്‍ എ കെ ജിയാണ് ആദ്യ മൂന്നു തെരഞ്ഞെടുപ്പില്‍ കാസര്‍കോടിനെ പ്രതിനിധീകരിച്ചത്. 1971, 1977, 1984 തെരഞ്ഞെടുപ്പുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഇവിടെ ജയിക്കാനായത്. തുടര്‍ന്നിങ്ങോട്ട് സിപിഐ എം സ്ഥാനാര്‍ഥികളാണ് ഇവിടെ ജയിക്കുന്നത്. എം രാമണ്ണറൈയും ടി ഗോവിന്ദനും മൂന്നുതവണ കാസര്‍കോടിനെ പ്രതിനിധീകരിച്ചു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും എ കെ ജിയുടെ മരുമകനുമായ പി കരുണാകരനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2004ല്‍ 1,08,256 വോട്ടിന്റെയും 2009ല്‍ 64,427 വോട്ടിന്റെയും ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

deshabhimani

No comments:

Post a Comment