Saturday, March 8, 2014

വഞ്ചനയ്ക്കെതിരെ ജനം വിധിയെഴുതും

കല്‍പ്പറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍നയങ്ങള്‍ക്കെതിരായ ജനവിധിയായിരിക്കും തെരഞ്ഞെടുപ്പില്‍ ഉണ്ടാവുകയെന്ന് യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസനാധിപന്‍ സക്കറിയാസ് മാര്‍ പോളി കാര്‍പ്പോസ് മെത്രാപ്പൊലീത്ത പറഞ്ഞു.ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ബിഷപ്പ് നിലപാട് വ്യക്തമാക്കിയത്.

ജനങ്ങളെ പാടേ മറന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. വിലക്കയറ്റം തടയുന്നതടക്കം ഒരു കാര്യത്തിലും നടപടിയെടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. വന്‍കിട കുത്തകകമ്പനികളാണ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്. ഇവരുടെ താല്‍പര്യം സംരക്ഷിക്കുന്ന നയങ്ങളാണ് നടപ്പാക്കുന്നത്. പാചകവാതക-പെട്രോള്‍-ഡീസല്‍ വില വര്‍ധന സാധാരണക്കാരെ പ്രയാസത്തിലാക്കി. വിലക്കയറ്റം ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ആ വികാരം മനസ്സിലാക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് നയമില്ലാത്ത പാര്‍ടിയായി അധഃപതിച്ചു. മുഖ്യമന്ത്രിയും ജനപ്രതിനിധികളും പറയുന്നതൊന്നും നടപ്പായിവരുന്നില്ല. അതിന്റെ അര്‍ഥം ഭരണം നിയന്ത്രിക്കുന്നത് ബാഹ്യശക്തികളാണെന്നാണ്. കോണ്‍ഗസിന്റെ കൈയില്‍ മതേതരത്വം സുരക്ഷിതമാണെന്ന് കരുതുന്നില്ല. എല്ലാവരെയും തുല്യമായി കരുതേണ്ടതിന് പകരം ചിലര്‍ക്ക് ഭരണസ്വാധീനത്തില്‍ കൂടുതല്‍ ആനുകൂല്യം നല്‍കുന്നു. സഭയോട് മൃദുസമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതേസമയം ഈ സര്‍ക്കാരിന്റെ കാലത്ത് ചരിത്രത്തിലാദ്യമായി വൈദികരെയും വിശ്വാസികളെയും പൊലീസ് തല്ലിച്ചതച്ചു. പഴന്തോട്ടം പള്ളിയില്‍ കോടതിവിധി സഭക്ക് അനുകൂലമായിട്ടും ഒരു വിഭാഗത്തിന്റെ പക്ഷം ചേര്‍ന്നാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ബാവയുടെ മുമ്പിലിട്ടാണ്് വിശ്വാസികളെയും വൈദികരെയും പൊലീസ് മൃഗീയമായി തല്ലിച്ചതച്ചത്. ന്യായത്തിന് വേണ്ടി നിലകൊണ്ട ആര്‍ഡിഒയെയും പൊലീസിനെയും സ്ഥലം മാറ്റി. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഇതെല്ലാം ചെയ്യിച്ചത്. ആരാധനാലയങ്ങള്‍ എല്ലാ വിശ്വാസികള്‍ക്കും വേണ്ടിയുള്ളതാണ്. പൂട്ടിയിടാന്‍ വേണ്ടിയുള്ളതല്ല. പഴന്തോട്ടം, കായംകുളം, ആലുവ, മാമലശേരി, കടമറ്റം, ഞാറക്കാട്, കോലഞ്ചേരി എന്നിവിടങ്ങളിലും സമാന അനുഭവങ്ങളാണുണ്ടായത്. ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്നുണ്ട്.

മതേതര സ്വഭാവമുള്ള മൂന്നാംമുന്നണി അധികാരത്തില്‍ വരുമെന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. ഈ മുന്നണി ശക്തമായി വന്നാല്‍ അത് രാജ്യതാല്‍പര്യങ്ങള്‍ക്കും ജനങ്ങള്‍ക്കും ഏറെ ഗുണകരമാകും. രാഷ്ട്രീയത്തില്‍ മതം ഇടപെടേണ്ട കാര്യമില്ല. എന്നാല്‍ രാഷ്ട്രീയത്തില്‍ ഉണ്ടാവേണ്ട നന്മ നഷ്ടമായതിനാലാണ് ഇതേപ്പറ്റി തുറന്ന് സംസാരിക്കേണ്ടിവരുന്നതെന്നും ബിഷപ് വ്യക്തമാക്കി.

പി ഒ ഷീജ deshabhimani

സമരത്തിന് പിന്തുണ തുടരും: സിറോ മലബാര്‍ സഭ

കൊച്ചി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടം അപര്യാപ്തമാണെന്ന് സിറോ മലബാര്‍ സഭ പബ്ലിക് അഫയേഴ്സ് കമ്മിറ്റി വിലയിരുത്തി. ജനങ്ങളുടെ ആശങ്കകള്‍ ശാശ്വതമായി പരിഹരിക്കുന്ന അന്തിമവിജ്ഞാപനം ഉണ്ടാകുന്നതുവരെ ഇതുമായി ബന്ധപ്പെട്ട സമരത്തോട് കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇടുക്കിയിലെ ഹൈറേഞ്ച് സംരക്ഷണസമിതിയും താമരശേരിയിലെ പശ്ചിമഘട്ട ജനസംരക്ഷണ സമിതിയും നടത്തുന്ന ജനകീയ മുന്നേറ്റങ്ങളെ യോഗം അഭിനന്ദിച്ചു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മലയോര നിവാസികള്‍ നേരിടുന്ന പ്രതിസന്ധി അവലോകനം ചെയ്യാനാണ് യോഗം ചേര്‍ന്നത്. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതു സംബന്ധിച്ച് സര്‍ക്കാരുകള്‍ വേണ്ടത്ര ജാഗ്രതയോടെയും മലയോര ജനതയെ സംരക്ഷിക്കാനുള്ള താല്‍പ്പര്യത്തോടെയും പ്രവര്‍ത്തിച്ചില്ലെന്നു യോഗം വിലയിരുത്തി. ഗുരുതരമായ അനീതി തിരിച്ചറിഞ്ഞാണ് കത്തോലിക്കസഭ പ്രശ്നത്തില്‍ ഇടപെട്ടതും പ്രതിഷേധത്തെ പിന്താങ്ങിയതും. ജനങ്ങള്‍ക്ക് നീതി ലഭിക്കേണ്ടതോടൊപ്പം പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷിക്കപ്പെടണം. ജനങ്ങളെ മാറ്റിനിര്‍ത്തിയല്ല പരിസ്ഥിതി സംരക്ഷിക്കേണ്ടത്. കര്‍ഷകര്‍ക്ക് നീതി ലഭിക്കുന്നതുവരെ കക്ഷിരാഷ്ട്രീയത്തിനതീതമായി സമരം തുടരാന്‍ സഭ പ്രതിജ്ഞാബദ്ധമാണ്. കേരളത്തില്‍ ഉമ്മന്‍ വി ഉമ്മന്‍ സമിതി നിര്‍ദേശിച്ച് സര്‍ക്കാര്‍ നടപ്പാക്കിയ നിജസ്ഥിതിപരിശോധന പശ്ചിമഘട്ടത്തിലെ എല്ലാ വില്ലേജിലും നടത്തണം. ഇത് പശ്ചിമഘട്ടത്തെ സ്ഥാപിത താല്‍പ്പര്യക്കാരില്‍നിന്നു സംരക്ഷിക്കാന്‍ സഹായകമാവുമെന്നു പ്രതീക്ഷിക്കുന്നതായും യോഗത്തിനുശേഷം പുറത്തിറക്കിയ പ്രസ്താവന ചൂണ്ടിക്കാട്ടി. മലയോര കര്‍ഷകരുടെ പട്ടയപ്രശ്നങ്ങളും തീരദേശ ജനത അനുഭവിക്കുന്ന പ്രതിസന്ധിയും പരിഹരിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു. സിറോ മലബാര്‍ സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷനായി. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.

No comments:

Post a Comment