Friday, March 14, 2014

എം എ ബേബി: മികച്ച പാര്‍ലമെന്റേറിയന്‍

രാജ്യസഭയില്‍ ആദ്യപ്രസംഗം കേട്ടപ്പോള്‍, ഉപരാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ പറഞ്ഞു: "ബേബി അല്ല എന്ന് മനസ്സിലായി"". കൊല്ലം ജില്ലയില്‍ തൃക്കരുവയില്‍നിന്ന് ഇന്ത്യന്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിെന്‍റ സമുന്നത നേതൃത്വത്തിലേക്കുയര്‍ന്ന എം എ ബേബി ഓരോ ചുവടിലും വ്യക്തിമുദ്ര പതിപ്പിച്ചു. വിദ്യാര്‍ഥി-യുവജന നേതാവായും പാര്‍ലമെന്റേറിയനായും നിയമസഭാ സാമാജികനായും ഭരണാധികാരിയായും സാംസ്കാരിക പ്രവര്‍ത്തകനായും സമൂഹത്തില്‍ തല ഉയര്‍ത്തിനിന്നു. സിപിഐ എമ്മിെന്‍റ പൊളിറ്റ് ബ്യൂറോയില്‍നിന്ന് ലോക്സഭയിലേക്ക് ബേബിയാണ് മത്സരിക്കുന്നത്-ഇടതുപക്ഷ പ്രസ്ഥാനത്തിെന്‍റ ലോക്സഭയിലെ പോരാട്ടം നയിക്കാന്‍.

 പ്രാക്കുളം കുന്നത്തുവീട്ടില്‍ റിട്ട. ഹൈസ്കൂള്‍ പ്രധാനാധ്യാപകന്‍ പരേതനായ അലക്സാണ്ടറുടെയും ലില്ലിയുടെയും എട്ട്മക്കളില്‍ ഇളയ ആളാണ് ബേബി. കുണ്ടറ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ. പ്രാക്കുളം എന്‍എസ്എസ് ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍തന്നെ കെഎസ്എഫ് പ്രവര്‍ത്തനത്തിലും കലാ-കായികരംഗത്തും സജീവം. കൊല്ലം ശ്രീനാരായണ കോളേജിലെത്തിയപ്പോള്‍ വിദ്യാര്‍ഥിപ്രക്ഷോഭങ്ങളുടെ നേതാവായി. ഒട്ടേറെ തവണ പൊലീസ്-ഗുണ്ടാമര്‍ദനം; ആദ്യഅറസ്റ്റും ജയില്‍വാസവും. ബേബി യൂണിറ്റ് സെക്രട്ടറിയായിരിക്കെ എസ്എന്‍ കോളേജ് യൂണിയന്‍ ആദ്യമായി എസ്എഫ്ഐ പിടിച്ചെടുത്തു. എസ്എഫ്ഐ കൊല്ലം ജില്ലാസെക്രട്ടറി, സംസ്ഥാനപ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നിങ്ങനെ തുടര്‍ന്നുള്ള പ്രവര്‍ത്തനം. അടിയന്തരാവസ്ഥയ്ക്കെതിരെ തിരുവനന്തപുരത്ത് പ്രതിഷേധപ്രകടനം നയിച്ചതിന് ഡിഐആര്‍ പ്രകാരം അറസ്റ്റ്ചെയ്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലടച്ചു. അവിടെയും ഭീകരമര്‍ദനം.

1985ല്‍ സിപിഐ എം സംസ്ഥാനകമ്മിറ്റിയില്‍. തുടര്‍ന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്. 1989ല്‍ പാര്‍ടി കോണ്‍ഗ്രസ് കേന്ദ്രകമ്മിറ്റില്‍. 1995ല്‍ സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം. 1986ലും "92ലും രാജ്യസഭാ അംഗം. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ ജനവിരുദ്ധ നിയമനിര്‍മാണം ചെയറിലുണ്ടായിരുന്ന ബേബി കാസ്റ്റിങ് വോട്ടുചെയ്ത് പരാജയപ്പെടുത്തിയത് രാജ്യമാകെ ശ്രദ്ധിച്ചു. അന്താരാഷ്ട്ര കരാറുകള്‍ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം വേണമെന്ന ഭരണഘടനാ ഭേദഗതി ബില്‍ സഭയില്‍ കൊണ്ടുവന്നു. സ്ത്രീതുല്യ പദവിക്കായി മറ്റൊരു ബില്‍ അവതരിപ്പിച്ചു. രാജ്യസഭയുടെ സബോര്‍ഡിനേറ്റ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയില്‍ നടത്തിയ പ്രസംഗം ഏറെ പ്രശംസ പിടിച്ചുപറ്റി. ക്യൂബന്‍ ഐക്യദാര്‍ഢ്യസമിതിയുടെ സ്ഥാപക കണ്‍വീനര്‍, അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഢ്യസമിതി ജനറല്‍സെക്രട്ടറി എന്നിങ്ങനെ അനേകം പദവികള്‍. 2006ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കുണ്ടറ മണ്ഡലത്തില്‍നിന്ന് സംസ്ഥാന നിയമസഭയില്‍. എല്‍ഡിഎഫ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ-സാംസ്കാരിക മന്ത്രി. 2011ല്‍ കുണ്ടറയില്‍ വീണ്ടും വിജയം. "സ്വരലയ" സാംസ്കാരികസംഘടനയുടെ സ്ഥാപകന്‍. കലാ സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കും പൊതുപ്രവര്‍ത്തനത്തിലെ മികവിനും നിരവധി പുരസ്കാരങ്ങള്‍. നോം ചോംസ്കി: നൂറ്റാണ്ടിന്റെ മനഃസാക്ഷി, നൂറ്റാണ്ടുകളിലെ ലോക യുവജനപ്രസ്ഥാനം എന്നിങ്ങനെ നിരവധി പുസ്തകങ്ങര്‍ ബേബിയുടേതായുണ്ട്. ഡസനിലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ബെറ്റിയാണ് ഭാര്യ. ഏക മകന്‍ അശോക് നിയമബിരുദധാരിയും തൈക്കുടം ബ്രിഡ്ജ് എന്ന സംഗീതട്രൂപ്പിലെ ഗിത്താര്‍വാദകനുമാണ്.

No comments:

Post a Comment