Saturday, March 8, 2014

ഇപ്പം വരും..ദാ വന്നു..വന്നില്ല..

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം ഇറങ്ങില്ലെന്ന് ഉറപ്പായിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേന നുണപ്രചാരണം. വിജ്ഞാപനം തയ്യാറായി, ഇതാ ഇറങ്ങി, എല്ലാം ശരിയായി... വ്യാജവാര്‍ത്തകള്‍ ബ്രേക്കിങ് ന്യൂസായി ചാനലുകള്‍വഴി പ്രവഹിച്ചു. ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍നിന്ന് വിളിച്ചുനല്‍കുന്ന വിവരങ്ങള്‍ അതേപടി വിഴുങ്ങി പല ചാനലുകളും പുലിവാല് പിടിച്ചു. ഏറ്റവും ഒടുവില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വിജ്ഞാപനം ഇറങ്ങുമെന്നായി. പിന്നീടത് നാലിന് ഇറങ്ങുമെന്ന് ചാനലുകള്‍ വഴി പ്രചരിപ്പിച്ചു. സമയം പിന്നീട് അഞ്ചായി.

കേരള കോണ്‍ഗ്രസ് എമ്മിനെ തണുപ്പിക്കാന്‍ അവരുടെ യോഗത്തിന് തൊട്ടുമുമ്പ് വീരേന്ദ്രകുമാറിന്റെ ഉടമസ്ഥതയിലുള്ള മാതൃഭൂമി ചാനലില്‍ കേരളത്തിനുമാത്രമായുള്ള കരട് വിജ്ഞാപനം തയ്യാറായി എന്ന് ബ്രേക്കിങ് ന്യൂസ്. അസാധാരണ ഗസറ്റായി ഇതാ ഇറങ്ങാന്‍ പോകുന്നു എന്ന് ദീര്‍ഘദര്‍ശനം. ചീഫ് വിപ്പ് പി സി ജോര്‍ജിനെയടക്കം നിരത്തി ചര്‍ച്ചയും തുടങ്ങി. ഇത് തട്ടിപ്പാണെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി വക്താവ് ചര്‍ച്ചയിലിടപെട്ട് പറഞ്ഞത് വാര്‍ത്താ അവതാരകനെ ക്ഷുഭിതനാക്കി. എട്ടു പേജുള്ള വിജ്ഞാപനം കൈയില്‍ കിട്ടിയ മട്ടിലായിരുന്നു തിരുവനന്തപുരത്തുനിന്നുള്ള ലേഖകന്റെ വിവരണം. സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ മേമ്പൊടിയായി ലേഖകന്റെയും അവതരകന്റെയും വ്യാഖ്യാനങ്ങളും. എന്നാല്‍, ഗ്രീന്‍ ട്രിബ്യൂണലിന്റെ വിധിക്ക് വിധേയമായാകും വിജ്ഞാപനം എന്നും അവര്‍ പറയാതെ പറയുകയും ചെയ്തു. മറ്റു ചാനലുകള്‍ ഈ "എട്ടു പേജ്" തിരക്കഥ ഏറ്റുപിടിക്കാന്‍ തയ്യാറാകാത്തതോടെ മാതൃഭൂമി ചാനല്‍ നാണംകെട്ട് പതുക്കെ പിന്‍വാങ്ങി. "ബ്രേക്കിങ് ചര്‍ച്ച"യും അവസാനിപ്പിച്ചു.

മലയോര ജനതയുടെ പ്രതിഷേധം ഇല്ലാതാക്കാനും കബളിപ്പിച്ച് വോട്ട് തട്ടാനുമുള്ള മുഖ്യമന്ത്രിയുടെ ഒഫീസിന്റെ നീക്കം തുടരുകയാണ്. ചില യുഡിഎഫ് അനുകൂല മാധ്യമപ്രവര്‍ത്തകരാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ആറ് സംസ്ഥാനങ്ങള്‍ക്ക് ബാധകമായ വിഷയത്തില്‍ കേരളത്തിനുമാത്രമായി പ്രത്യേക വിജ്ഞാപനം എന്ന മട്ടിലുള്ള തുടര്‍ച്ചയായ പ്രചാരണം ഇവരുടെ "ബുദ്ധി"യില്‍ ഉദിച്ചതാണ്. തട്ടിക്കൂട്ട് വിജ്ഞാപനം ഇറക്കിയാലും നിയമസാധുതയില്ലെന്നും കസ്തൂരി രംഗന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കിക്കൊണ്ടുള്ള 2013 നവംബര്‍ 13ന്റെ ഉത്തരവ് റദ്ദാകില്ലെന്നും വ്യക്തമായിട്ടും നുണപ്രവാഹം തുടരുകയാണ്.

deshabhimani

No comments:

Post a Comment