Saturday, March 8, 2014

പീലിപ്പോസ് തോമസ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു

പത്തനംതിട്ട: കോണ്‍ഗ്രസിലെ പ്രാഥമികാംഗത്വം ഉള്‍പ്പെടെ എല്ലാ സ്ഥാനങ്ങളും രാജിവച്ചതായി എഐസിസി അംഗം പീലിപ്പോസ് തോമസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജി കെപിസിസി പ്രസിഡന്റ് വി എം സുധീരന് ഫാക്സ് മുഖാന്തരം അയച്ചതായി അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സിപിഐ എം ആവശ്യപ്പെട്ടിട്ടുണ്ട്. താന്‍ അതിന് സമ്മതിച്ചിട്ടുണ്ട്. ജില്ലയിലെ കോണ്‍ഗ്രസുകാരുടെ മനഃസാക്ഷി തന്നോടൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആറന്മുള വിമാനത്താവള പദ്ധതിയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ അമിതാവേശത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും കടുത്ത എതിര്‍പ്പുണ്ട്. സ്വകാര്യ കമ്പനിക്കായി സര്‍ക്കാര്‍ സംവിധാനങ്ങളും സ്വാധീനവും ഉപയോഗിക്കുകയാണ്. വിയര്‍പ്പ് ഓഹരിയായി പത്തു ശതമാനം വാങ്ങി കമ്പനിയെ വെള്ളപൂശുന്നു. വിമാനത്താവള പ്രദേശം വ്യാവസായിക മേഖലയാക്കിയുള്ള പ്രഖ്യാപനം പിന്‍വലിക്കണമെന്ന് 2011 ഡിസംബറില്‍ കലക്ടറുടെ അധ്യക്ഷതയില്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ടികളും പങ്കെടുത്ത യോഗം തീരുമാനിച്ചിരുന്നു. പ്രഖ്യാപനം പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയും പിന്‍വലിക്കല്‍ പ്രഖ്യാപനം ആവര്‍ത്തിച്ചു. മൂന്നു വര്‍ഷം പഴക്കമുള്ള പ്രഖ്യാപനം ഇനിയും പിന്‍വലിച്ചിട്ടില്ല. വ്യാവസായിക മേഖലയില്‍നിന്ന് ആറന്മുള, കിടങ്ങന്നൂര്‍, മല്ലപ്പുഴശ്ശേരി വില്ലേജുകളിലെ 1500 ഏക്കര്‍ ഒഴിവാക്കാത്തത് സംബന്ധിച്ച് സര്‍ക്കാരും പദ്ധതിയുടെ വക്താക്കളായ ജനപ്രതിനിധികളും മൗനം പാലിക്കുന്നു. വിഭാഗീയതയ്ക്ക് ഇടയാക്കുന്ന പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ പുനരാലോചിക്കണം. വിമാനത്താവളത്തിനു പിന്നില്‍ ടൂജി സ്പെക്ട്രം കുംഭകോണത്തിലെ പണമാണുള്ളത്. ഈ പണം തമിഴ്നാട്ടില്‍ ചെലവഴിച്ചാല്‍ ജയലളിത പിടികൂടുമെന്നതിനാല്‍ കേരളത്തില്‍ ഇറക്കുകയാണ്. പത്തനംതിട്ട ജില്ലയില്‍ രാജയുടെ സ്വകാര്യ മെഡിക്കല്‍ കോളേജിന് അടുത്തിടെ തറക്കല്ലിട്ടു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് മലയോര ജനതയുടെ ആശങ്ക അകറ്റാന്‍ ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടില്ല. കോണ്‍ഗ്രസുകാരനായി ഇതിനു കൂട്ടുനില്‍ക്കാന്‍ കഴിയാത്തതിനാലാണ് രാജിയെന്ന് പീലിപ്പോസ് തോമസ് പറഞ്ഞു. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജെറി ഈശോ ഉമ്മനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

എന്നെ പുകച്ച് പുറത്ത് ചാടിച്ചു

പത്തനംതിട്ട: ജില്ലയിലെ കോണ്‍ഗ്രസില്‍ ഭരണഘടനാതീതമായ അധികാര കേന്ദ്രം നിലനില്‍ക്കുന്നെന്നും ഈ അധികാരകേന്ദ്രം തന്നെ പുകച്ച് പുറത്തു ചാടിക്കുകയായിരുന്നെന്നും കോണ്‍ഗസില്‍നിന്ന് രാജിവച്ച പീലിപ്പോസ് തോമസ് പറഞ്ഞു. അമ്പതു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസില്‍ തനിക്ക് ഇടം ഇല്ലാതായിരിക്കയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ശ്വവല്‍ക്കരിക്കുന്ന ഇത്തരം നടപടി ഏറെക്കാലം സഹിക്കാന്‍ ആത്മാഭിമാനമുള്ള പാര്‍ടി പ്രവര്‍ത്തകന് കഴിയില്ല. അപമാനവും നിന്ദയും സഹിച്ച് നിശബ്ദനായി തുടരുന്നതിന് പരിധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1964ല്‍ കോഴഞ്ചേരി സെന്റ് തോമസ് കോളേജില്‍ കെഎസ്യു പ്രവര്‍ത്തകനായി കോണ്‍ഗ്രസ് അംഗമായ ആളാണ് ഞാന്‍. ഖദര്‍ ധരിച്ച് ക്ലാസില്‍ ചെല്ലുന്നതിന്റെ പേരില്‍ "ഓഫീസ് കോണ്‍ഗ്രസ്" എന്ന വിളിയും കൂക്കൂവിളിയും അന്ന് ധാരാളം ലഭിച്ചു. 67ല്‍ കോഴിക്കോട്ട് നടന്ന പത്താം സംസ്ഥാന സമ്മേളനത്തില്‍ കെഎസ്യു സംസ്ഥാന കമ്മിറ്റിയംഗമായി. 1978ല്‍ ആലപ്പുഴ ഡിസിസി സെക്രട്ടറിയായി. ജില്ലാ രൂപീകരണത്തെ തുടര്‍ന്ന് പത്തനംതിട്ടയിലും സെക്രട്ടറിയായി തുടര്‍ന്നു. 1992ല്‍ തെരഞ്ഞെടുപ്പിലൂടെ ഡിസിസി പ്രസിഡന്റായി. 92ലെ തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് വിജയിച്ച രണ്ട് ഡിസിസികളില്‍ ഒന്ന് 85 ശതമാനം വോട്ടോടെ വിജയിച്ച പത്തനംതിട്ടയാണ്. 91 മുതല്‍ കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ആയിരുന്ന തന്നെ ഇപ്പോള്‍ 118 അംഗ എക്സിക്യൂട്ടീവ് രൂപീകരിച്ചപ്പോള്‍ ഒഴിവാക്കി. ഡല്‍ഹിയിലെത്തിയ ലിസ്റ്റില്‍ പേരുണ്ടായിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കപ്പെട്ട നാലു പേരില്‍ ഒന്നായിരുന്നു എന്റേത്.

2001ല്‍ ആറന്മുളയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മാലേത്ത് സരളാദേവിയെ തോല്‍പ്പിക്കണമെന്ന ചില ഉന്നത കോണ്‍ഗ്രസ് നേതാക്കന്മാരുടെ തീരുമാനം നടപ്പിലാക്കാന്‍ അന്ന് ഡിസിസി പ്രസിഡന്റായിരുന്ന താന്‍ കൂട്ടുനിന്നില്ല. മാവേലിക്കരയില്‍ മത്സരിച്ച രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനം ഏറ്റെടുത്തത് തന്റെ പേരിലുള്ള മറ്റൊരു കുറ്റമായി. 2004ല്‍ മാവേലിക്കരയില്‍ രമേശ് ചെന്നിത്തല വീണ്ടും മത്സരിച്ചപ്പോള്‍ അദേഹത്തിന്റെ പരാജയം ഉറപ്പാക്കാനും ഇതേ നേതാക്കന്മാര്‍ക്കായെന്നും രാജി വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പീലിപ്പോസ് തോമസ് പറഞ്ഞു.

deshabhimani

No comments:

Post a Comment