Sunday, March 16, 2014

നാട് വരവേല്‍ക്കുന്നു ഈ ജനകീയനെ

തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ബെന്നറ്റ് എബ്രഹാം നാടിന്റെ സ്നേഹാദരങ്ങളേറ്റുവാങ്ങി പ്രയാണം തുടങ്ങി. പിന്നിട്ട ജീവിതവഴികളില്‍ നേട്ടങ്ങളുടെ നെറുകയിലേക്കുയരാന്‍ താങ്ങും തണലുമായി നിന്ന നാടിന്റെ വഴിത്താരകളിലൂടെ വോട്ടഭ്യര്‍ഥിച്ച് പ്രയാണം തുടങ്ങിയ ഡോ. ബെന്നറ്റിനെ രാഷ്ട്രീയവ്യത്യാസം മറന്ന് ഒരോ കേന്ദ്രത്തിലും ജനം ഒന്നായാണ് ശനിയാഴ്ച വരവേറ്റത്. രാവിലെ പേരൂര്‍ക്കടയില്‍നിന്നായിരുന്നു പര്യടനതുടക്കം. വഴിയാത്രക്കാരോടും വാഹനയാത്രികരോടും തൊഴിലാളികളോടും വോട്ടഭ്യര്‍ഥിച്ച് നടന്നുനീങ്ങുന്ന സാധാരണക്കാരന്‍ നാടിന് കൗതുകമായി. ഇന്നലെകളിലെ പച്ചക്കറി കര്‍ഷകനും ഇന്നത്തെ ആതുരസേവകനുമായ ബെന്നറ്റ് നാട് നയിക്കേണ്ടവനാണെന്ന് ജനത ഉറപ്പിക്കുന്ന വികാരവായ്പുകളുടെ തെളിമ സ്വീകരണകേന്ദ്രങ്ങളിലെല്ലാം ദൃശ്യമായി. എല്‍ഡിഎഫ് പ്രവര്‍ത്തകരും വര്‍ഗ ബഹുജനസംഘടനാ നേതാക്കളും ഒപ്പമുണ്ടായി. സ്വീകരണയോഗങ്ങളോ പൊതുയോഗങ്ങളോ ആരംഭിച്ചിട്ടില്ലെങ്കിലും പലയിടങ്ങളിലും വരവേല്‍ക്കാന്‍ വലിയ ആള്‍ക്കൂട്ടംതന്നെ എത്തി. സാധാരണക്കാരില്‍ സാധാരണക്കാരനായ സ്ഥാനാര്‍ഥിയെ ആഹ്ലാദാരവങ്ങളോടെയാണ് പലയിടത്തും വരവേറ്റത്. മുന്‍കൂട്ടി അറിയിക്കാതിരുന്നിട്ടും തൊഴിലിടങ്ങളില്‍ ഹാരമണിയിച്ചാണ് സ്വീകരിച്ചത്. വഴിയോരങ്ങളില്‍ ബസ് കാത്തുനിന്ന പ്രായമായ അമ്മമാരില്‍ ചിലര്‍ പ്രിയപുത്രന്റെ നെറുകയില്‍ ചുംബിച്ചാണ് വിജയാശംസ നേര്‍ന്നത്. ഫ്ളക്സ് ബോര്‍ഡുകളില്‍ മാത്രം കണ്ട് മടുത്ത സ്ഥലം എംപിയ്ക്കെതിരെയുള്ള ജനവികാരം എല്ലായിടത്തും പ്രകടമായിരുന്നു.

"മോനേ നീ ജയിക്കും. നാടിന് സാധാരണക്കാരനെയാണ് വേണ്ടത്. ഞങ്ങളുടെ വിഷമങ്ങള്‍ നേരില്‍കണ്ട് പറയാനെങ്കിലുമാകുമല്ലോ."ഈ വികാരമായിരുന്നു എല്ലാവരിലും. പേരൂര്‍ക്കടയില്‍നിന്ന് അമ്പലമുക്കിലെത്തിയ ബെന്നറ്റ് അവിടെനിന്ന് കുറവന്‍കോണം, കേശവദാസപുരം, പേട്ട, അധ്യാപകഭവന്‍, ചാല എന്നിവിടങ്ങളിലെത്തി ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുടെ സഹകരണം അഭ്യര്‍ഥിച്ചു. ഇതിനിടെ ജനകീയസ്ഥാനാര്‍ഥിയുടെ അഭിമുഖത്തിനായി വാര്‍ത്താചാനലുകളും പിന്തുടര്‍ന്നിരുന്നു. അവര്‍ക്കും സമയം നീക്കിവച്ച ബെന്നറ്റ് വൈകിട്ട് ചാനല്‍ ചര്‍ച്ചകളിലും പങ്കെടുത്ത് ഒന്നാമനായി. മലയാളത്തിന്റെ പ്രിയകവി ഒ എന്‍ വിയെയും സന്ദര്‍ശിച്ചു. വൈകിട്ട് വള്ളക്കടവില്‍ പാലം നവീകരണം ആവശ്യപ്പെട്ട് നടന്ന ജനകീയധര്‍ണയിലും പങ്കെടുത്തു.

deshabhimani

No comments:

Post a Comment