Saturday, March 15, 2014

"മീറ്റ് ദി ക്രിസ്റ്റി": ആദരവുണര്‍ത്തി കന്നിമുഖാമുഖം

എപ്പോഴും ചിരിക്കുന്നതിന്റെ രഹസ്യംമുതല്‍ മുതലാളിയുടെ സ്ഥാനാര്‍ഥിയാണോ എന്ന പ്രകോപനം സൃഷ്ടിക്കുന്ന ചോദ്യംവരെ ക്രിസ്റ്റി ഫെര്‍ണാണ്ടസിനു നേരെ ഉയര്‍ന്നു. മോഡിയുടെ ആളാണോ എന്ന ആരോപണവും ചോദ്യമായി എത്തി. പതിവു ചിരി മായാതെ, സമചിത്തതയോടെ അദ്ദേഹം മറുപടി നല്‍കി. പ്രശ്നങ്ങളെ ആഴത്തില്‍ അപഗ്രഥിച്ച നിലപാടുകള്‍. സദസ്യരില്‍ ആദരവുണര്‍ത്തി കന്നിമുഖാമുഖംതന്നെ ക്രിസ്റ്റി ഫെര്‍ണാണ്ടസ് അവിസ്മരണീയമാക്കി. "മീറ്റ് ദി ക്രിസ്റ്റി" എന്ന പേരില്‍ എറണാകുളം ഇ എം എസ് ടൗണ്‍ഹാളിലായിരുന്നു മുഖാമുഖം. ഉന്നത ഉദ്യോഗസ്ഥന്റെ പരിവേഷം പ്രതീക്ഷിച്ചവര്‍ക്ക് ജനമനസ്സറിഞ്ഞ പൊതുപ്രവര്‍ത്തകന്റെ പ്രകടനമാണ് കാണാനായത്.

കൊച്ചി തുറമുഖം ഉള്‍പ്പെടെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍മുതല്‍ കൊച്ചിയിലെ അയല്‍സംസ്ഥാനക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കുവരെയുള്ള പ്രതിവിധികള്‍ അദ്ദേഹം മറുപടിയായി നല്‍കി. മുന്‍ എംപി, മുന്‍ മേയര്‍, സാമ്പത്തിക വിദഗ്ധര്‍, തൊഴിലാളി നേതാക്കള്‍, അഭിഭാഷകര്‍, അധ്യാപകര്‍, വ്യാപാരികള്‍, വ്യവസായികള്‍, ചുമട്ടുതൊഴിലാളികള്‍ തുടങ്ങി നാടിന്റെ പരിച്ഛേദമാണ് പരിപാടിയില്‍ എത്തിയത്. ഒന്നരമണിക്കൂറിലേറെ നീണ്ട പരിപാടിയില്‍ 25 ലേറെ ചോദ്യങ്ങള്‍ തുരുതുരെ എത്തി. എല്ലാറ്റിനും കൃത്യതയോടെയുള്ള മറുപടിയുണ്ടായിരുന്നു.

കൊച്ചിയുടെ വികസനം, തീരദേശ സംരക്ഷണ നിയമം എന്നിവയെക്കുറിച്ചുള്ള ചോദ്യത്തോടെ സാമ്പത്തിക വിദഗ്ധനായ ഡോ. മാര്‍ട്ടിന്‍ പാട്രിക്കാണ് തുടക്കംകുറിച്ചത്. വികേന്ദ്രീകൃത വികസനമാണ് തന്റെ ലക്ഷ്യമെന്നു വ്യക്തമാക്കി. തീരദേശനിയമത്തിന്റെ പാളിച്ചകളും അദ്ദേഹം ചൂണ്ടിക്കാട്ടി. മുതലാളിയുടെ സ്ഥാനാര്‍ഥിയാണോ എന്ന ചോദ്യത്തിന് മുതലാളിമാര്‍ പറഞ്ഞാല്‍ സ്ഥാനാര്‍ഥിയാക്കുന്നവരാണോ എല്‍ഡിഎഫ് നേതാക്കള്‍ എന്ന മറുചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. ഒരു മുതലാളിയുടെയും പിറകെ പോയിട്ടില്ല. എല്‍ഡിഎഫ് നേതാക്കള്‍ സമീപിച്ചു. ജനസേവനത്തിനുള്ള അവസരമെന്ന നിലയില്‍ ഏറ്റെടുത്തു.

മോഡിയുടെ അടുത്തയാളാണോ എന്നതായിരുന്നു മറ്റൊരു ചോദ്യം. ഗുജറാത്തില്‍ വംശഹത്യ നടക്കുമ്പോള്‍ കേരളത്തില്‍ കയര്‍ബോര്‍ഡ് ചെയര്‍മാനായിരുന്നു. 2004 ജനുവരിയിലാണ് ഗുജറാത്തില്‍ പോകുന്നത്. മുഖ്യമന്ത്രിയുടെ സ്റ്റാഫ് ആയിരുന്നില്ല. നഗരവികസന പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. നവംബര്‍വരെ ആ ചുമതലയില്‍ ഉണ്ടായിരുന്നെങ്കിലും മോഡിയുടെ ആശയങ്ങളില്‍ ഏറെ ഹൃദയവേദനയോടെയാണ് താന്‍ അവിടെ കഴിഞ്ഞതെന്നും വ്യക്തമാക്കി. പി രാജീവ് എംപി സംസാരിച്ചു. സിനിമാ സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ കെ ബി വേണു മോഡറേറ്ററായി.

deshabhimani

No comments:

Post a Comment