Saturday, March 15, 2014

മഹിളാ പ്രധാന്‍ ഏജന്റുമാര്‍ക്ക് 12 മാസത്തെ അലവന്‍സില്ല

ആറുമാസമായി ചെയ്യുന്ന ജോലിക്ക് പ്രതിഫലമില്ല, ജോലിഭാരമാകട്ടെ ഇരട്ടിയുമായി. കേരളത്തിലെ പതിനേഴായിരത്തോളം ദേശീയ സമ്പാദ്യപദ്ധതി മഹിളാ പ്രധാന്‍ ഏജന്റുമാര്‍ക്ക് ധനമന്ത്രി കെ എം മാണി സമ്മാനിച്ചതാണ് ഈ ദുരിതം. രണ്ടുഘട്ടങ്ങളിലായി 12 മാസത്തെ അലവന്‍സ് നല്‍കാതെ ഇവരെ സര്‍ക്കാര്‍ നരകിപ്പിക്കുകയാണ്. സഹികെട്ട് സമരത്തിന് തുനിഞ്ഞപ്പോള്‍ "ഇപ്പം ശര്യാക്കിത്തരാ"മെന്ന് വാഗ്ദാനവുമായി പറഞ്ഞുപറ്റിക്കുന്നു. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കുടിശ്ശിക കിട്ടുമെന്ന പ്രതീക്ഷ മങ്ങുകയാണ്.

നാലുശതമാനം അലവന്‍സും ഒന്നേകാല്‍ ശതമാനം ബോണസുമാണ് ഇവര്‍ക്ക് നല്‍കിയിരുന്നത്. ഈ ആനുകൂല്യങ്ങള്‍ 2012 ജൂണ്‍ 13നാണ് സംസ്ഥാനസര്‍ക്കാര്‍ നിര്‍ത്തിയത്. ദേശീയ സമ്പാദ്യപദ്ധതി നിക്ഷേപവും പലിശനിരക്കും പ്രവര്‍ത്തനവും വിലയിരുത്താന്‍ നിയോഗിച്ച ശ്യാമളാ ഗോപിനാഥ് കമീഷന്‍ റിപ്പോര്‍ട്ടിന്റെ മറപിടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യം നിഷേധിച്ചത്. നിക്ഷേപസമാഹരണത്തിന് പുറമെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പണി കൂടി ഇപ്പോള്‍ ഇവര്‍ ചെയ്യണം. പ്രയത്നത്തിന്റെ തോതനുസരിച്ച് അഞ്ചേകാല്‍ ശതമാനം പ്രതിഫലമാണ് നിശ്ചയിച്ചത്. ഇതോടെ ആനുകൂല്യങ്ങള്‍ അധികവും നഷ്ടമായി. നിക്ഷേപ തുകയുടെ നാലുശതമാനം പോസ്റ്റ്ഓഫീസില്‍ പണം അടയ്ക്കുമ്പോള്‍ തന്നെ കമീഷനായി ലഭിക്കുന്നുണ്ട്. ഇതിനു പുറമെ മൂന്നുമാസം കൂടുമ്പോള്‍ നാലുശതമാനം അലവന്‍സും ഒന്നേകാല്‍ ശതമാനം ബോണസും ലഭിച്ചിരുന്നു. ഈ ആനുകൂല്യങ്ങളാണ് ഇല്ലാതായത്. ഗൃഹസന്ദര്‍ശനത്തിലൂടെ വൈദ്യുതി ഉപഭോഗ-ശുചീകരണ ബോധവല്‍ക്കരണം, സാമ്പത്തിക സെന്‍സസ് തയാറാക്കല്‍ തുടങ്ങി സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഏതു ജോലിയും ചെയ്യണമെന്നാണ് പുതിയ ഉത്തരവ്. ഇതിനാണ് അഞ്ചേകാല്‍ ശതമാനം പ്രതിഫലം. എന്നാല്‍, എല്ലാം ചെയ്തിട്ടും പ്രതിഫലം കിട്ടാക്കനിയായി.

യുഡിഎഫ് സര്‍ക്കാര്‍ 2011 ഡിസംബര്‍ മുതല്‍ 2012 മെയ് വരെയുള്ള ആറുമാസത്തെ അലവന്‍സ് തടഞ്ഞു. പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ 2012 ജൂണ്‍ അഞ്ചിന് കെ എം മാണി കൊച്ചിയില്‍ മഹിളാപ്രധാന്‍ ഏജന്റുമാരുടെ യോഗം വിളിച്ചു. ആനുകൂല്യങ്ങള്‍ നല്‍കുമെന്നായിരുന്നു മാണിയുടെ വാഗ്ദാനം. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ആനുകൂല്യങ്ങള്‍ തടഞ്ഞ് മന്ത്രിസസഭായോഗം ഉത്തരവിറക്കി. ഏജന്റുമാരുടെ പ്രശ്നങ്ങള്‍ ടി എന്‍ സീമ എംപി രാജ്യസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. സംസ്ഥാന സര്‍ക്കാരിന് വേണമെങ്കില്‍ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് കേന്ദ്രധനമന്ത്രി പറഞ്ഞിരുന്നു. തമിഴ്നാടും പോണ്ടിച്ചേരിയും ഏജന്റുമാര്‍ക്ക് സുരക്ഷ ഉറപ്പാക്കി. എന്നാല്‍ കേരളത്തില്‍ ഈ മാതൃക പിന്തുടര്‍ന്നില്ല. നേരത്തെയുള്ള ആറുമാസത്തെ കുടിശ്ശികയ്ക്ക് പുറമെ 2013 സെപ്തംബര്‍ മുതല്‍ 2014 ഫെബ്രുവരി വരെയുള്ള ആറുമാസത്തെ ആനുകൂല്യവും ഇപ്പോള്‍ കുടിശ്ശികയാണ്. ഈ സാമ്പത്തികവര്‍ഷം ഒരു പൈസ പോലും നല്‍കിയിട്ടില്ല

കെ എസ് ഷൈജു deshabhimani

No comments:

Post a Comment