Saturday, March 15, 2014

യുഡിഎഫ് കൂടെനിര്‍ത്തും; എന്നിട്ട് പാലംവലിക്കും: ഗൗരിയമ്മ

ജനപക്ഷ മനസുകള്‍ക്ക് യുഡിഎഫില്‍ സ്ഥാനമില്ലെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെട്ടതായി ജനാധിപത്യ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ പറഞ്ഞു. അതൊരു മുന്നണിയേയല്ല- ചാത്തനാട്ടെ വീട്ടില്‍ ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഗൗരിയമ്മ പറഞ്ഞു. കൂടെ നിര്‍ത്തി പിന്നില്‍നിന്ന് പാലം വലിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയാണ് കോണ്‍ഗ്രസ് രീതി. വല്ലാത്തൊരു ശ്വാസം മുട്ടല്‍ ഒഴിവായ സന്തോഷത്തിലാണിപ്പോള്‍.

സര്‍ക്കാരിന്റെ നയമോ മുന്നണിയുടെ പരിപാടികളോ മുന്നണിയില്‍ ചര്‍ച്ചചെയ്യാറില്ല. യോഗം വിളിച്ചാല്‍ ഘടകകക്ഷി നേതാക്കള്‍ കാത്തിരിക്കണം. കുറെ കഴിയുമ്പോള്‍ ഉമ്മന്‍ചാണ്ടിയും മറ്റും കയറി വരും. കുറെ പ്രഖ്യാപനങ്ങള്‍ വായിക്കും. എല്ലാവരും കൈയടിച്ച് അംഗീകരിക്കും. ചര്‍ച്ചയുമില്ല; അഭിപ്രായവുമില്ല. രണ്ട് യോഗങ്ങള്‍ക്ക് ശേഷം ആ വഴിയേ പോയിട്ടില്ല. ഭരണത്തിലും ഉമ്മന്‍ചാണ്ടി ഇങ്ങനെ തന്നെയാണ്. എന്റെ മണ്ഡലമായിരുന്ന അരൂരിലെ അന്ധകാരനഴിയില്‍ സുനാമി ദുരന്തത്തില്‍ മൂന്നു പേര്‍ മരിച്ചു. ഉമ്മന്‍ചാണ്ടി റിപ്പോര്‍ട്ടില്‍ അതുപോലും ഉള്‍പ്പെടുത്തിയില്ല. പിന്നെ ഞാന്‍ ശരത് പവാറിനെ കണ്ട് പ്രത്യേക സഹായം അനുവദിപ്പിക്കുകയായിരുന്നു. ഇത്ര മോശം സര്‍ക്കാര്‍ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. മുന്‍ സര്‍ക്കാരുകള്‍ സമര്‍പ്പിച്ച് കിട്ടിയ പദ്ധതികള്‍ അല്ലാതെ ഇവരുടെ നേട്ടമായി എന്തെങ്കിലും പറയാനുണ്ടോ. ഭരിക്കാന്‍ നേരമുണ്ടായിട്ടു വേണ്ടേ?

ആറു മാസം ഭരണസംവിധാനമൊന്നാകെ സരിതയുടെ പിന്നാലെയായിരുന്നു. പിന്നെ സലിംരാജിന്റെ ഭൂമി കച്ചവടം. ജനങ്ങളുടെ ദുരിതങ്ങള്‍ കാണാന്‍ ആര്‍ക്കുനേരം. ആലപ്പുഴയിലാണെങ്കില്‍ ചകിരി കിട്ടാതെ കയര്‍ വ്യവസായം തകര്‍ന്നു. പതിനായിരങ്ങളാണ് ദുരിതത്തില്‍. കേരകര്‍ഷകരുടെ സ്ഥിതി അതിലും ദയനീയം. ഈ സര്‍ക്കാര്‍ വന്നശേഷം ഉണ്ടായ സ്ത്രീ പീഡനങ്ങളുടെ എണ്ണം മാത്രം എടുത്താല്‍ പോരേ ഇവരുടെ സ്വഭാവമറിയാന്‍ . കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിലും എന്നെ നിര്‍ത്തി തോല്‍പ്പിച്ചു. ഞാന്‍ മന്ത്രിയായിരിക്കെ കയര്‍ഫെഡിന്റെയും കയര്‍ കോര്‍പറേഷന്റെയും ചെയര്‍മാനാക്കിയ കോണ്‍ഗ്രസുകാര്‍ തന്നെയാണ് ആദ്യം പാരവെച്ചത്. ചേര്‍ത്തലയില്‍ വയലാര്‍ രവി തമ്പടിച്ച് തോല്‍പ്പിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ജെഎസ്എസിന് സീറ്റ് തന്നശേഷം അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തി. ഇതാണ് അവരുടെ സ്വഭാവം. അതുകൊണ്ടുതന്നെ ആലോചിച്ച് ചര്‍ച്ച ചെയ്തുതന്നെയാണ് യുഡിഎഫ് വിട്ടതെന്നും ഗൗരിയമ്മ പറഞ്ഞു.

അഭിമുഖത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സി വേണുഗോപാല്‍ കാണാനെത്തി. വന്ന പാടെ ഗൗരിയമ്മ നയം വ്യക്തമാക്കി- ഞാന്‍ എല്‍ഡിഎഫിനൊപ്പമാണ്. കുശലപ്രശ്നം നടത്തിയെന്ന് വരുത്തി വേണുഗോപാല്‍ എഴുന്നേറ്റതോടെ അടുത്ത കമന്റ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനും വന്ന് അനുഗ്രഹം വാങ്ങി. പിന്നെ ഇപ്പോഴാ വരുന്നെ. അതിനിടയ്ക്ക് ഞാന്‍ ചേര്‍ത്തലയില്‍ മത്സരിച്ചപ്പോള്‍ തിരിഞ്ഞുപോലും നോക്കിയില്ല.- ഗൗരിയമ്മ പറഞ്ഞു നിര്‍ത്തി.

ഡി ദിലീപ് deshabhimani

No comments:

Post a Comment