Saturday, March 1, 2014

തലമുറകളുടെ തലയൊരുക്കി അപ്പുവണ്ണന്‍ ഇപ്പോഴും സജീവം

തലയാണ് തലമുറകളെയും അപ്പുവണ്ണനെയും ബന്ധിപ്പിക്കുന്ന കണ്ണി. എഴുപത്തൊന്ന് വയസ്സുള്ള അപ്പുവണ്ണന്റെ കണ്‍മുന്നിലൂടെ തിരുവനന്തപുരം ശ്രീചിത്ര പുവര്‍ഹോമില്‍ നിന്ന് ഉയരങ്ങളിലേക്ക് നടന്നുകയറിയവര്‍ എണ്ണിയാലൊടുങ്ങാത്ത അത്രയുമുണ്ട്. വാത്സല്യം കിനിയുന്ന വിരലുകളാലും പഴകിയെങ്കിലും തുരുമ്പെടുത്ത കത്രികയാലും ബാല്യത്തില്‍ അനേകം പേരുടെ തലയൊരുക്കിയ അഗതിമന്ദിരത്തിന്റെ സ്വന്തം ബാര്‍ബറെ അവര്‍ എങ്ങനെ മറക്കും.

ഒരുമാസം മുമ്പാണ്. യുറോപ്പില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് ശ്രീചിത്ര ഹോമിലെത്തി. അഗതി മന്ദിരത്തിലെ ജീവനക്കാരാരെയും യുവാവ് ഓര്‍ക്കുന്നില്ല. പക്ഷേ, അപ്പുവണ്ണന്‍ തെളിമയുള്ള ചിത്രമായി അവന്റെ ഓര്‍മയിലുണ്ട്. സ്വീകരണ മുറിയില്‍ കാത്തിരുന്ന സന്ദര്‍ശകന്റെ മുന്നിലേക്ക് ചെന്നുനിന്നപ്പോഴും അണ്ണന്‍ ഓര്‍മകളില്‍ ആ മുഖം പരതുകയായിരുന്നു. ഐടി എന്‍ജിനിയറായ അവന്റെ പഴയകാലം തിരിച്ചറിയാന്‍ ആതിഥേയന്‍ പാടുപെട്ടു. ""എന്റെ അമ്മയുടെ മുടി അണ്ണന്‍ വെട്ടിയിട്ടുണ്ട്"" എന്ന് സൂചന വന്നമാത്രയില്‍ ആളെ അപ്പുവണ്ണന്‍ തിരിച്ചറിഞ്ഞു.

ശ്രീചിത്രാ ഹോമിലെ അനേകം തലമുറകളുടെ തലയൊരുക്കിയത് അപ്പുവണ്ണനാണ്. തസ്തികയില്‍, ക്ഷുരകന്‍ മാത്രമെങ്കിലും അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് അച്ഛനും മുത്തച്ഛനും അണ്ണനും ഒക്കെയായി മാറുന്നൊരാള്‍. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുള്ള മുടിവെട്ടുകാരനായി നന്നേ ചെറുപ്പത്തിലെ എത്തിയതാണ് അപ്പുവണ്ണന്‍. എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയുമായിരുന്നു മുടിവെട്ട്. 65 രൂപ മാസവേതനം. 1934ല്‍ സ്ഥാപിച്ച ശ്രീചിത്ര ഹോമില്‍ അഞ്ച് പതിറ്റാണ്ട് പിന്നിട്ട സേവനം. ശമ്പളം അധികമൊന്നും വര്‍ധിച്ചില്ലെങ്കിലും സേവനം തുടരുന്നു. ശ്രീചിത്ര ഹോമില്‍ വളര്‍ന്ന് വലുതാവുകയും പിന്നീട് ഇവിടേക്ക് ജോലി ലഭിച്ച് തിരികെ എത്തിയ പല ആയമാര്‍ക്കും കുഞ്ഞുന്നാളില്‍ മുടി വെട്ടിയത് അപ്പുവണ്ണനാണ്. പക്ഷേ, അവര്‍ക്കുള്ള തുച്ഛശമ്പളത്തിന്റെ പകുതിപോലും അപ്പുവണ്ണന് ഇപ്പോഴുമില്ലെന്നുമാത്രം. അടുത്തിടെ മുന്‍ അന്തേവാസിയായ സെക്രട്ടറിയറ്റ് ഉദ്യോഗസ്ഥന്റെ സന്ദര്‍ശനമാണ് ശമ്പളത്തില്‍ ചെറിയ വര്‍ധനയ്ക്ക് നിമിത്തമായത്.

ജീവനക്കാരനായി അംഗീകാരം കിട്ടിയില്ലെങ്കിലും പെന്‍ഷന്‍പ്രായം ബാധകമല്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. മരണംവരെയും ജോലിചെയ്യാം. ചെയ്യാനായില്ലെങ്കിലോ? ആ ചോദ്യത്തിന് ഉത്തരം തേടുകയാണ് 71 പിന്നിട്ട അപ്പുവണ്ണന്‍.

ഒരു നേരത്തെ ആഹാരത്തിനായി അലഞ്ഞുനടക്കുന്ന കാലത്താണ് അപ്പു ശ്രീചിത്രഹോമിലെത്തുന്നത്. നഗരത്തിലുള്ള അഗതികള്‍ക്ക് സൗജന്യ ഭക്ഷണം വിതരണം നടത്തിയിരുന്ന വഞ്ചി പുവര്‍ ഫണ്ടിലെത്തിയപ്പോഴാണ് ശ്രീചിത്ര ഹോമില്‍ ബാര്‍ബറെ ആവശ്യമുണ്ടെന്ന് കേട്ടത്. തൊഴില്‍രഹിതരായിരുന്ന അച്ഛനും അമ്മയും ഉള്‍പ്പെടുന്ന വീട്ടിലെ ആദ്യ "ജോലിക്കാരന്‍" ആയി അങ്ങനെ അപ്പു മാറി. തുടര്‍ന്നിങ്ങോട്ട് നിരാലംബര്‍ക്കായി പകുത്തു നല്‍കിയ ജീവിതം. മെഡിക്കല്‍കോളേജ് സെന്റ് ജോര്‍ജ് ലെയ്നിലെ കൊച്ചുവീട്ടില്‍നിന്ന് കുടുംബം അടുത്തകാലത്താണ് പുത്തന്‍പാലത്തേക്ക് മാറിയത്. കൂലിപ്പണിക്കാരായ രണ്ട് ആണ്‍മക്കളും ഭാര്യ സുശീലയുമടങ്ങിയതാണ് ഈ സന്തുഷ്ട കുടുംബം.

എം വി പ്രദീപ് deshabhimani

No comments:

Post a Comment