Friday, March 7, 2014

തെരഞ്ഞെടുപ്പു ചൂടിനെ വരവേറ്റ് എറണാകുളം

രാജ്യത്തിന്റെ വ്യവസായ ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്ന എറണാകുളം ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിലേക്കിറങ്ങിക്കഴിഞ്ഞു. പുറമേയ്ക്കുള്ള പ്രചാരണ, പ്രവര്‍ത്തനങ്ങള്‍ ആയില്ലെങ്കിലും രാഷ്ട്രീയ പാര്‍ടികളും തെരഞ്ഞെടുപ്പുദ്യോഗസ്ഥരും കളത്തിലിറങ്ങിയിട്ട് ദിവസങ്ങളായി. കൊച്ചി കോര്‍പറേഷനും പറവൂര്‍, കളമശേരി, ഏലൂര്‍, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികളും 22 പഞ്ചായത്തുകളുമാണ് എറണാകുളം ലോക്സഭാ മണ്ഡലത്തിലുള്ളത്. പറവൂര്‍, വൈപ്പിന്‍, എറണാകുളം, കൊച്ചി, തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശേരി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ എറണാകുളം ലോക്സഭമണ്ഡലത്തില്‍ ഉള്‍പ്പെടുന്നു.

പട്ടാളത്തെ പുല്ലായി കരുതിയ മട്ടാഞ്ചേരിയുടെയും അവര്‍ണര്‍ക്ക് വഴിനടക്കാന്‍ സ്വാതന്ത്യത്തിനുവേണ്ടിയുള്ള പാലിയം സത്യഗ്രഹത്തിന്റെയും ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റെയുമൊക്കെ സ്മരണകള്‍ ഇരമ്പുന്ന ഈ മണ്ണിലെ തെരഞ്ഞെടുപ്പു പോരാട്ടം എന്നും വ്യത്യസ്തമായിരുന്നു. കായലും കടലുമെല്ലാം കയറിയിറങ്ങുന്ന ഭൂപ്രദേശം. മത്സ്യത്തൊഴിലാളികള്‍, പരമ്പരാഗത വ്യവസായ തൊഴിലാളികള്‍, ആധുനിക വ്യവസായ തൊഴിലാളികള്‍, ഇടത്തരക്കാര്‍ എന്നിവരാണ് മണ്ഡലത്തിലെ വോട്ടര്‍മാരില്‍ ഏറെയും.

നേരത്തെ എറണാകുളത്തിന്റെ ഭാഗമായിരുന്ന ആലുവ നിയമസഭാ മണ്ഡലം ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ടശേഷം നടക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പാണിത്. എന്നാല്‍ പഴയ ആലുവ മണ്ഡലത്തിലെ ചില ഭാഗങ്ങള്‍ പുതിയ കളമശേരി നിയമസഭാ മണ്ഡലത്തിലൂടെ എറണാകുളം ലോക്സഭാ മണ്ഡലത്തിലുണ്ട്. ഇന്ത്യയുടെ വാണിജ്യ-വ്യവസായ മേഖലയില്‍ കേരളത്തെ ഉയര്‍ത്തിക്കാട്ടാന്‍ പ്രമുഖ പങ്കുവഹിക്കുന്നത് എറണാകുളമാണ്. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍, എല്‍എന്‍ജി ടെര്‍മിനല്‍, സ്മാര്‍ട്ട്സിറ്റി, ഇന്‍ഫോ പാര്‍ക്ക്, കൊച്ചി മെട്രോ തുടങ്ങിയ വികസനത്തിന്റെ പുതിയ ദിശാസൂചിയാവുന്ന പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ ലോക്സഭാ മണ്ഡലം.

കേന്ദ്ര സഹമന്ത്രികൂടിയായ കെ വി തോമസാണ് നിലവില്‍ എറണാകുളം എംപി. വ്യവസായമേഖല അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്നങ്ങളും ഇവയ്ക്ക് പരിഹാരം കാണാതെ ഒളിച്ചോട്ടം നടത്തുന്ന എംപിയുടെ നടപടികളും തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചാവിഷയമാകും. എല്‍എന്‍ജി ടെര്‍മിനല്‍ കമീഷന്‍ചെയ്തെങ്കിലും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. രാസവളം ഉല്‍പ്പാദനരംഗത്ത് രാജ്യത്തെതന്നെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായ ഫാക്ട് തകര്‍ച്ചയുടെ വക്കിലാണ്. ഫാക്ടിനുവേണ്ടിയുള്ള സാമ്പത്തിക പാക്കേജ് ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. സ്ഥാപനത്തിനുവേണ്ടി ജീവനക്കാരുടെ സംഘടനകള്‍ ഒറ്റക്കെട്ടായി പ്രക്ഷോഭത്തിലാണ്. കൊച്ചി തുറമുഖം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. തീരദേശ പരിപാലന നിയമം മത്സ്യത്തൊഴിലാളികളെ ഒന്നടങ്കം ദുരിതത്തിലാഴ്ത്തിയിരിക്കുന്നു. ഇവയ്ക്കൊന്നും പരിഹാരം കാണാന്‍ കഴിയാതെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങളുമായി "ഫ്ളക്സുകളിലും" പരസ്യങ്ങളിലും മാത്രം നിറഞ്ഞുനില്‍ക്കുന്ന എംപിയുടെ നടപടികള്‍ തെരഞ്ഞെടുപ്പില്‍ ചൂടുള്ള പ്രചാരണങ്ങള്‍ക്ക് വഴിയൊരുക്കും.

കേരളപ്പിറവിക്കുശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എ എം തോമസ് എറണാകുളത്തുനിന്നുള്ള എംപിയായി. 1962ലും അദ്ദേഹം വിജയിച്ചു. 1967ല്‍ സിപിഐ എമ്മിലെ വി വിശ്വനാഥമേനോന്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1971, 1977 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിലെ ഹെന്‍റി ഓസ്റ്റിന്‍ എംപിയായി. 1980ല്‍ കോണ്‍ഗ്രസിലെ സേവ്യര്‍ അറയ്ക്കല്‍ വിജയിച്ചു. 1984 മുതല്‍ 1991 വരെ തുടര്‍ച്ചയായി മൂന്നുവട്ടം വിജയിച്ച കെ വി തോമസിന് 1996ല്‍ ഇടതുപക്ഷ സ്വതന്ത്രന്‍ സേവ്യര്‍ അറയ്ക്കലിനു മുന്നില്‍ അടിയറവു പറയേണ്ടിവന്നു. 1997 ലെ ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എം സ്വതന്ത്രന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ വിജയിച്ചു. 1998, 1999 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിലെ ജോര്‍ജ് ഈഡന്‍ വിജയിച്ചു. 2003ലെ ഉപതെരഞ്ഞെടുപ്പിലും 2004ലും സിപിഐ എം സ്വതന്ത്രന്‍ ഡോ. സെബാസ്റ്റ്യന്‍ പോളാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്.

അഞ്ജുനാഥ് deshabhimani

No comments:

Post a Comment