Thursday, March 20, 2014

തൊഴിലാളിവിരുദ്ധരെ നമുക്ക് വേണോ

പാലക്കാട്: സാധാരണക്കാരായ തൊഴിലാളികളെ ന്യായമായ ആവശ്യങ്ങളുടെ പേരില്‍ മാനസികമായി പീഡിപ്പിക്കുന്ന വീരേന്ദ്രകുമാറിനെയാണോ ജനങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്. കഴിഞ്ഞ ഒമ്പതുവര്‍ഷം മാതൃഭൂമി ദിനപ്പത്രത്തില്‍ സബ് എഡിറ്ററായി ജോലി ചെയ്യുന്ന ശ്രീജിത്തിന്റെതാണ് ഈ ചോദ്യം. മാതൃഭൂമി എംഡിയായിരുന്ന വീരേന്ദ്രകുമാറിന്റെ തൊഴില്‍പീഡനത്തിനിരയായി അസമിലേക്കു നാട് കടത്തപ്പെട്ട കെ ശ്രീജിത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായാണ് ജോലി രാജിവച്ച് പാലക്കാട്ടെത്തിയത്.

ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാത്രി വെസ്റ്റ്കോസ്റ്റ് എക്സ്പ്രസില്‍ ഇവിടെയെത്തിയ ശ്രീജിത്തിന് സുഹൃത്തുക്കള്‍ സ്വീകരണം നല്‍കി. ജനങ്ങള്‍ക്കുമുന്നില്‍ സോഷ്യലിസ്റ്റും ജനാധിപത്യവാദിയും സാംസ്കാരികനായകനും ബുദ്ധിജീവിയുമൊക്കെയായി നടിക്കുന്ന മാതൃഭൂമി എം ഡി, തനി ഫ്യൂഡല്‍ മാടമ്പിയുടെ നിലപാടാണ് തൊഴിലാളികളോട് സ്വീകരിക്കുന്നത്. ഇതു തുറന്നുകാണിക്കാന്‍ മാത്രമാണ് താന്‍ മത്സരിക്കുന്നത്. അതിനാണ് ജോലിപോലും ഉപേക്ഷിച്ച് ഇവിടേക്കു വന്നത്. സ്വദേശാഭമാനി രാമകൃഷ്ണപ്പിള്ളയെ നാട് കടത്തിയ ബ്രിട്ടീഷ് വാഴ്ചയെ അനുസ്മരിപ്പിക്കുംവിധം മുപ്പതോളം ജീവനക്കാരെ കൊഹിമ, അഗര്‍ത്തല, ഇംഫാല്‍ തുടങ്ങിയ വിദൂരദേശങ്ങളില്‍ അപ്രധാന തസ്തികകള്‍ സൃഷ്ടിച്ച് നാട് കടത്തി. താനടക്കമുള്ളവര്‍ അവിടങ്ങളില്‍ നരകയാതന അനുഭവിക്കുകയാണ്.

സംസ്ഥാനത്തെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും അവകാശപ്പെട്ട മജീദിയ വേജ് ബോര്‍ഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യൂജെ) നടത്തിയ ധര്‍ണാസമരത്തില്‍ മാതൃഭൂമി ജീവനക്കാരും പങ്കെടുത്തുവെന്നുള്ളതാണ് തങ്ങള്‍ക്കെതിരെ തിരിയാന്‍ കാരണം. മജീദിയ വേജ് ബോര്‍ഡ് സുപ്രീംകോടതി അംഗീകരിച്ചിരിക്കുകയാണ്. എന്നിട്ടുപോലും നടപ്പാക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം തയ്യാറല്ല. അദ്ദേഹം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ കേരളത്തിലെ തൊഴിലാളികളുടെ അവസ്ഥ എന്തായിരിക്കും. തൊഴിലാളി സമരത്തെ ഇത്തരത്തില്‍ അടിച്ചമര്‍ത്താന്‍ നേതൃത്വം നല്‍കുന്നവരെ ജനായകരായി നമുക്ക് ആവശ്യമുണ്ടോ എന്ന് ജനങ്ങള്‍ ചിന്തിക്കണം. വേജ് ബോര്‍ഡ് സമരത്തിന്റെ തുടര്‍ച്ചയായ സമരമാണിത്. തനിക്ക് ധാര്‍മികപിന്തുണ നല്‍കേണ്ട ബാധ്യത കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടെന്നാണ് കരുതുന്നത്-ശ്രീജിത്ത് പറഞ്ഞു.

deshabhimani

No comments:

Post a Comment