Thursday, March 20, 2014

ഭരണമികവില്‍ ക്രിസ്റ്റി സ്നേഹവായ്പോടെ നാട്ടുകാര്‍

രാഷ്ട്രപതിയുടെ സെക്രട്ടറിയെന്ന ഉന്നത പദവി വഹിച്ച ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ ഭരണമികവില്‍ കെ വി തോമസിന് സംശയങ്ങളില്ല. ആ ഭരണമികവ് എതിരാളിയായി വന്നതോടെ ഉണ്ടായ അമ്പരപ്പിലാണ് എറണാകുളത്ത് കെ വി തോമസും യുഡിഎഫും. ആശങ്കയിലായ യുഡിഎഫ് തുടക്കത്തിലേ ആരോപണങ്ങളുടെ കെട്ടഴിച്ചുവിട്ടു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്തനാള്‍ നടന്ന "മീറ്റ് ക്രിസ്റ്റി\' മുഖാമുഖം പരിപാടിയില്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ് നുണപ്രചാരണങ്ങളെ പൊളിച്ചടുക്കി. പരിപാടിയില്‍ പങ്കെടുത്ത വിവിധ മേഖലയില്‍നിന്നുള്ളവരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടി കൊച്ചിയുടെയും രാജ്യത്തിന്റെയും പ്രശ്നങ്ങള്‍ ആഴത്തില്‍ അപഗ്രഥിച്ചുള്ളതായിരുന്നു.

പ്രചാരണം തുടങ്ങിയതോടെ യുഡിഎഫ് ആരോപിച്ച അപരിചിതത്വവും വഴിമാറി. ഔദ്യോഗികപദവിയില്‍ നിര്‍വഹിച്ച ജനക്ഷേമപദ്ധതികള്‍ ക്രിസ്റ്റി എന്ന ഐഎഎസുകാരന്റെ സ്വീകാര്യത മെട്രോനഗരത്തില്‍ വര്‍ധിപ്പിച്ചു. രാഷ്ട്രീയപോരാട്ടത്തില്‍ പുതുമുഖമെങ്കിലും നാലു പതിറ്റാണ്ടായി ഔദ്യോഗികജീവിതത്തില്‍ സാധാരണക്കാരനൊപ്പംനിന്നതാണ് എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ വേറിട്ടതാക്കുന്നത്. കയര്‍ബോര്‍ഡ് ചെയര്‍മാനായിരിക്കെ തൊഴിലാളികള്‍ക്ക് രാജ്യത്ത് ആദ്യമായി നടപ്പാക്കിയ ഇന്‍ഷുറന്‍സ് പദ്ധതി, ക്ലസ്റ്റര്‍ പദ്ധതി, റാട്ടുകളുടെ യന്ത്രവല്‍ക്കരണം, ഡല്‍ഹിയില്‍ സ്വര്‍ണമയൂരം പുരസ്കാരത്തിന് അര്‍ഹമായ ജനപങ്കാളിത്ത മാലിന്യമുക്തപദ്ധതി തുടങ്ങിയവ ആ നേട്ടങ്ങളില്‍ ചിലതുമാത്രം.

സംസ്ഥാന നേതൃത്വത്തെ മറികടന്ന് നേടിയ സീറ്റുമായാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ വി തോമസ് എത്തിയത്. സ്വന്തം പാളയത്തിലെ പടയ്ക്കൊപ്പം മണ്ഡലത്തിലുടനീളം ക്രിസ്റ്റിക്കു ലഭിക്കുന്ന സ്വീകാര്യത തോമസിനെ അസ്വസ്ഥനാക്കുന്നു. കഴിഞ്ഞതവണ ജയിച്ച് കേന്ദ്രമന്ത്രിയായശേഷം മണ്ഡലത്തെ അനാഥമാക്കിയെന്ന ആരോപണവും തോമസിനെ അലട്ടുന്നു. കേരളത്തിലെ റേഷന്‍കടകള്‍ ശൂന്യമാണെന്ന് തുറന്നുപറയേണ്ടിവന്ന കേന്ദ്ര ഭക്ഷ്യമന്ത്രി കെ വി തോമസ് ഇതിനിടയാക്കിയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പേരിലാണ് വോട്ട് നേടുന്നത്. അരി നാമമാത്രമാക്കിയ, ഗോതമ്പും മണ്ണെണ്ണയും അത്രപോലും ഇല്ലാതാക്കിയ തോമസിന്റെ ഭക്ഷ്യസുരക്ഷയുടെ അനുഭവവെളിച്ചത്തിനുമുന്നില്‍ ഈ നിയമത്തെ വാഴ്ത്തുന്നവര്‍ക്ക് ഉത്തരംമുട്ടുന്നു. ഫ്രഞ്ച് ചാരക്കേസില്‍ ആരോപണവിധേയനായ അഞ്ചുവര്‍ഷമൊഴികെ, 1989 മുതല്‍ എംപി, എംഎല്‍എ, കേന്ദ്ര- സംസ്ഥാന മന്ത്രിപദവികള്‍ വഹിച്ച കെ വി തോമസിന്റെ വഴി കോണ്‍ഗ്രസില്‍ മറ്റൊരു നേതാവിനും വശമില്ല. കരുണാകരഭക്തനായിരുന്ന തോമസ് ഇപ്പോള്‍ സോണിയഭക്തനാണ്. 2009ല്‍ ഹൈബി ഈഡന്‍ ചുവരെഴുത്തു തുടങ്ങിയിട്ടും എറണാകുളം തട്ടിയെടുത്തത് ഈ വഴിക്കാണ്.

ഇപ്പോള്‍ സ്വയം സ്ഥാനാര്‍ഥിയായി രംഗത്തുവരാനും ഈ ബന്ധം തോമസിനെ സഹായിക്കുന്നു. കണക്കുകൂട്ടലുകള്‍ അട്ടിമറിച്ച പാരമ്പര്യമാണ് മണ്ഡലത്തിന്. യുഡിഎഫ് കോട്ടയെന്ന് അറിയപ്പെട്ട ഇവിടെ 1967ല്‍ സിപിഐ എം സ്ഥാനാര്‍ഥി വി വിശ്വനാഥമേനോന്‍ വിജയിച്ചപ്പോള്‍ ചരിത്രം വഴിമാറി. 1997ലെ ഉപതെരഞ്ഞെടുപ്പിലും \'98ലും സെബാസ്റ്റ്യന്‍ പോളിലൂടെ എല്‍ഡിഎഫ് വിജയം ആവര്‍ത്തിച്ചു. \'99ല്‍ വലതുപക്ഷത്തിനൊപ്പംനിന്ന മണ്ഡലം 2004ല്‍ ഇടതുപക്ഷത്തിന് ചരിത്രവിജയം സമ്മാനിച്ചു. എഴുപതിനായിരത്തിലേറെ വോട്ടിനാണ് എല്‍ഡിഎഫ് സ്വതന്ത്രന്‍ ഡോ. സെബാസ്റ്റ്യന്‍പോള്‍ മണ്ഡലം പിടിച്ചത്. 2009ല്‍ കെ വി തോമസ് പതിനായിരത്തോളം വോട്ടിന് കഷ്ടിച്ചാണ് കടന്നുകൂടിയത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ഇക്കുറിയും മത്സരരംഗത്തുണ്ട്. 1989, 2009 വര്‍ഷങ്ങളിലും ഇദ്ദേഹമായിരുന്നു ബിജെപി സ്ഥാനാര്‍ഥി. മാധ്യമപ്രവര്‍ത്തക അനിതാ പ്രതാപ് ആം ആദ്മി പാര്‍ടി സ്ഥാനാര്‍ഥിയായും മത്സരിക്കുന്നു.

അഞ്ജുനാഥ്

1 comment:

 1. കൊലയാളികളേ ...പേടിക്കേണ്ട
  വധശിക്ഷ ഞങ്ങൾ നിർത്തലാക്കും
  ആ അധികാരം സര്ക്കാരിനില്ല
  ആ അധികാരം പാര്ട്ടിക്കു മാത്രം
  ചെങ്കൊടി പാറിപ്പറക്കട്ടെ
  കൊടിസുനീ നീണാൾ വാഴട്ടെ

  ReplyDelete