Thursday, March 20, 2014

കൊടിക്കുന്നിലിന്റെ ആസ്തിയില്‍ വര്‍ധന അരക്കോടി

ജനപ്രതിനിധിയായി കഴിഞ്ഞ അഞ്ചു വര്‍ഷം പിന്നിട്ടപ്പോള്‍ മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്റെ ആസ്തി അരക്കോടിയിലധികം വര്‍ധിച്ചു. കൈവശമുള്ള പണം 8,20,310 ആയി. കഴിഞ്ഞ തവണ മാവേലിക്കരയില്‍ മത്സരിക്കുമ്പോള്‍ കൈവശമുണ്ടായിരുന്നത് 10,000 രൂപ. ന്യൂഡല്‍ഹിയിലെ എസ്ബിഐയില്‍ 2000 രൂപയുള്ളിടത്ത് ഇന്നിപ്പോള്‍ 1,90,274 ആയി. കൊല്ലം എസ്ബിടിയിലെ അക്കൗണ്ടിലും തുക വര്‍ധിച്ചു. 2497ല്‍നിന്ന് 1,29,524ന്റെ വര്‍ധന. കൂടാതെ ഇത്തവണ തെരഞ്ഞെടുപ്പ് വരണാധികാരിയായ ആലപ്പുഴ കലക്ടര്‍ക്ക് നാമനിര്‍ദേശപത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പട്ടം എസ്ബിഐയില്‍ 5,000 രൂപയും കൊട്ടാരക്കരയിലെ ഇന്ത്യന്‍ ബാങ്കില്‍ 8,175 രൂപയും കെസിബിയില്‍ 10,351 രൂപയും സിന്‍ഡിക്കേറ്റ് ബാങ്കില്‍ 22,782 രൂപയും തെരഞ്ഞെടുപ്പ് ഇടപാടുകള്‍ക്കായി ഇവിടത്തന്നെ ഒരു ലക്ഷം രൂപയും നിക്ഷേപമുള്ളതായും എട്ടു ലക്ഷം വിലമതിക്കുന്ന ഇന്നോവ കാറും എട്ടു ഗ്രാം സ്വര്‍ണവും സ്വന്തം പേരില്‍ ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയുള്ളതായും പറഞ്ഞിട്ടുണ്ട്.

ഭാര്യ ബിന്ദുവിന്റെ കൈവശം ഇക്കുറി ലക്ഷങ്ങളാണുള്ളത്. കൃത്യമായി പറഞ്ഞാല്‍ 5,83,249 രൂപ. കേശവദാസപുരം എസ്ബിടിയില്‍ സ്ഥിരനിക്ഷേപമായി 13 ലക്ഷവും തിരുവനന്തപുരം യേസ് ബാങ്കില്‍ 1.07 ലക്ഷവും എസ്ബിടിയില്‍ തന്നെ 36000 രൂപയും നിക്ഷേപമുണ്ട്. എല്‍ഐസിയില്‍ കൊടിക്കുന്നിലിനും ഭാര്യയ്ക്കുമായി 2.5 ലക്ഷത്തിന്റെ ജോയിന്റ് പോളിസിയും റിക്കറിങ് ഡിപ്പോസിറ്റ് 1.80 ലക്ഷവുമാണുള്ളത്. ഭാര്യയുടെ പേരിലുള്ള 800സിസി മാരുതി കാറിന് കഴിഞ്ഞ തവണകാണിച്ചതില്‍നിന്നും 34,000 കുറഞ്ഞ് അരലക്ഷത്തിലെത്തി. 84 ഗ്രാമിന്റെ സ്വര്‍ണാഭരണം 184 ഗ്രാമായി വര്‍ധിച്ചു. മക്കള്‍ ഗായത്രിയുടെയും അരവിന്ദിന്റെയും പേരില്‍ പട്ടം എസ്ബിഐയില്‍ 5000 രൂപയുണ്ട്. ഇരുവരുടെയും പേരില്‍ 65,000 രൂപ വിലമതിക്കുന്ന 24 ഗ്രാമിന്റെ സ്വര്‍ണാഭരണങ്ങളുള്ളതായും പത്രികയില്‍ പറയുന്നു. കൊട്ടാരക്കര വില്ലേജില്‍ 10.45 ആര്‍ ഭൂമിയും 10 ലക്ഷം രൂപ വിലമതിക്കുന്ന വാര്‍ക്കകെട്ടിടവും മറ്റും സഹമന്ത്രിയുടെ ഭാര്യയുടെ പേരിലുണ്ട്.

deshabhimani

No comments:

Post a Comment