Friday, March 7, 2014

വിജയകുമാര്‍ ചോദിക്കുന്നു; കോണ്‍ഗ്രസിനും മുഖ്യമന്ത്രിക്കും കണ്ണില്ലേ...?

അഞ്ചാലുംമൂട്: പീതാംബരക്കുറുപ്പെന്നും മുഖ്യമന്ത്രിയെന്നുമൊക്കെ കേട്ടാല്‍ കോണ്‍ഗ്രസുകാരനായ വിജയകുമാറിന്റെ കണ്ണുകളില്‍ തീപാറും. പേശികള്‍ വലിഞ്ഞുമുറുകും. മുറിച്ചുമാറ്റിയ കാലുകളുടെ തുന്നിക്കൂടിയ മുറിവില്‍നിന്ന് ഇപ്പോഴും ചോരകിനിയും. പാവപ്പെട്ടവന്റെ വേദനയറിയാത്ത, വാക്കിന് വിലയില്ലാത്ത മുഖ്യമന്ത്രിയെയും പീതാംബരക്കുറുപ്പ് എംപിയെയും ഞാന്‍ വെറുക്കുന്നു. കോണ്‍ഗ്രസുകാരെല്ലം വഞ്ചകന്മാരാണ്. വിശ്വസിക്കാന്‍ കൊള്ളരുതാത്തവര്‍... അയാള്‍ അലറി. നാല്‍പ്പത്തിയൊമ്പതാമത്തെ വയസ്സില്‍ കടുത്ത പ്രമേഹരോഗ ബാധയില്‍ ഇരുകാലുകളും മുറിച്ചുമാറ്റേണ്ടിവന്ന വെള്ളിമണ്‍ വെസ്റ്റ് സുജാതാഭവനില്‍ വിജയകുമാറിന് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തപ്പോഴുണ്ടായ ദുരന്താനുഭവങ്ങളും അവഹേളനങ്ങളുമാണ് വല്ലാതെ വികാര വിക്ഷുബ്ധനാക്കുന്നത്.

ജനസമ്പര്‍ക്ക പരിപാടിയില്‍ സഹായം പ്രതീക്ഷിച്ചെത്തിയ അശരണരായ നൂറുകണക്കിനാളുകള്‍ തിക്കിതിരക്കുന്നതിനിടയില്‍ ഇരുകാലുകളുമില്ലാതെ ക്രച്ചസിന്റെയും ഭാര്യയുടെയും സഹായത്തില്‍ തിങ്ങിയും നിരങ്ങിയുമാണ് വിജയകുമാര്‍ കയറിപ്പറ്റിയത്. ഒരു പകല്‍മൊത്തം വെയില്‍കൊണ്ടത് വെറുതെയായി. കഴിഞ്ഞ മൂന്നുമാസം കോണ്‍ഗ്രസുകാരില്‍നിന്നും ഉദ്യോഗസ്ഥരില്‍നിന്നും അനുഭവിച്ച അവഹേളനങ്ങളുടെ മനോവ്യഥയില്‍ വിജയകുമാര്‍ കടുത്ത പ്രതിഷേധത്തിലാണ്. മുച്ചക്രവാഹനം തരും, എപിഎല്‍ കാര്‍ഡ് മാറ്റി ബിപിഎല്‍ ആക്കും എന്നൊക്കെ പറഞ്ഞ് ചിരിച്ച് തലോടിവിട്ട പീതാംബരക്കുറുപ്പ് എംപിയെ വെറുപ്പോടെ മാത്രമേ ഓര്‍ക്കാനാകുന്നുള്ളൂ. ഇത്തരക്കാര്‍ രാഷ്ട്രീയക്കാര്‍ക്ക് അപമാനമാണ്. താമസിക്കുന്ന കൊച്ചുകൂരയും അഞ്ചരസെന്റ് ഭൂമിയും നല്‍കി രോഗപീഡകള്‍ക്കിടയിലും ഏക മകളുടെ വിവാഹം നടത്തി. തന്നെ ശുശ്രുഷിക്കുന്നതിനിടയില്‍ തന്നെ ഭാര്യ വല്ലപ്പോഴുമൊക്കെ കശുവണ്ടി ഫാക്ടറിയില്‍ പോകുന്നതുമൂലം ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് ഏക മാര്‍ഗം. വികലാംഗ പെന്‍ഷനും സ്ഥിരമായി കിട്ടുന്നില്ല.

നാട്ടുകാരെല്ലാവരുംകൂടി പറഞ്ഞ് കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സഹായത്തിനായി നേരിട്ടാണ് അപേക്ഷ നല്‍കിയത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് കിട്ടിയ നിര്‍ദേശപ്രകാരമാണ് ജനസമ്പര്‍ക്ക പരിപാടിക്ക് എത്തിയത്. ഇരുകാലുകളുമില്ലാതെ ഇഴഞ്ഞെത്തിയ തന്നോട് ഒരു പകല്‍ മുഴുവന്‍ കാട്ടിയ അവഗണനയ്ക്കൊടുവില്‍ പീതാംബരക്കുറുപ്പ് എംപി വന്ന് മുഖ്യമന്ത്രി മുച്ചക്രവാഹനം അനുവദിക്കുകയും കാര്‍ഡ് ബിപിഎല്‍ ആക്കാന്‍ ഉത്തരവിട്ടതായും അറിയിച്ചു. അടുത്ത ആഴ്ചമുതല്‍ ഭാര്യയുടെ പണിയും മുടക്കി വണ്ടിക്കൂലി കടം വാങ്ങിച്ച് കലക്ടറേറ്റിലെ സാമൂഹ്യക്ഷേമനീതി ഓഫീസിലും എംപി ഓഫീസിലും കയറിയിറങ്ങുന്നു. എങ്ങും അവഗണന മാത്രം. കടവൂര്‍ ശിവദാസന്‍ കുണ്ടറയില്‍ മത്സരിച്ചപ്പോള്‍ ഏക വരുമാനമായ കൂലിപ്പണി ഉപേക്ഷിച്ച് രാവും പകലും അദ്ദേഹത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. കടവൂര്‍ ജയിച്ച് മന്ത്രിയായി മൂന്നു മാസം കഴിഞ്ഞപ്പോള്‍ വിജയകുമാര്‍ കിടപ്പിലായതാണ്. പ്രമേഹം കടുത്തതോടെ ആദ്യം ഒരു കാല്‍ മുറിച്ചു. പിന്നീട് അടുത്തകാലും മുറിച്ചു മാറ്റി. ചികിത്സിക്കാന്‍ മാര്‍ഗമില്ലാതായപ്പോള്‍ വിശ്വസിച്ച പാര്‍ടിക്കാരോട് കൈനീട്ടി. ഒന്നും തന്നില്ല. ഒടുവില്‍ കൊട്ടിഘോഷിച്ചു നടത്തിയ ജനസമ്പര്‍ക്കപരിപാടിയിലും തഴഞ്ഞു. ഇനി കോണ്‍ഗ്രസുകാരുടെ സഹായം വേണ്ട. കശുവണ്ടിത്തൊഴിലാളിയായ ഭാര്യയുടെ തുച്ഛവരുമാനം മതി. ഇരുകാലുകളുമില്ലാതെ കിടക്കയില്‍ കിടന്ന് നരകിക്കുന്ന തന്റെ റേഷന്‍കാര്‍ഡ് എപിഎല്‍ ആക്കിയതെന്തിനെന്ന് മനസ്സിലാകുന്നില്ല- വിജയകുമാര്‍ പറഞ്ഞു.

കെ ബി ജോയി deshabhimani

No comments:

Post a Comment