Friday, March 7, 2014

പൊലീസും സമാന്തരസര്‍വീസുകാരും കെഎസ്ആര്‍ടിസി ജീവനക്കാരെ തല്ലിച്ചതച്ചു

കരുനാഗപ്പള്ളി: സമാന്തര സര്‍വീസുകാരും പൊലീസും കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അതിക്രമിച്ചു കയറി വനിതകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ തല്ലിച്ചതച്ചു. ഓഫീസും ഉപകരണങ്ങളും അടിച്ചു തകര്‍ത്തു. ഗുരുതരമായി പരിക്കേറ്റ 12 വനിതാ കണ്ടക്ടര്‍മാര്‍ ഉള്‍പ്പെടെ 15പേരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രതിയെന്ന് ആരോപിച്ചു പിടിച്ചു കൊണ്ടുപോയ കെഎസ്ആര്‍ടിസി ജീവനക്കാരനെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചു. കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ ട്രഷററും യൂണിറ്റ് പ്രസിഡന്റുമായ പി വി രവീന്ദ്രന്‍, വനിതാ കണ്ടക്ടര്‍മാരായ മേഴ്സി, സ്വപ്ന, ശ്രീജ, ജയ, സോഫിയ, ബേബി, നിസ, ഗായത്രി, ശാലിനി, അനീഷാകുമാരി, ബീനാ ജയന്‍, പ്രകാശിനി, കണ്ടക്ടര്‍മാരായ സന്തോഷ്, പ്രവീണ്‍ബാബു എന്നിവരാണ് ചികിത്സയിലുള്ളത്.

വ്യാഴാഴ്ച രാവിലെയാണ് സംഭവങ്ങള്‍ക്കു തുടക്കം. ഡിപ്പോ കവാടത്തില്‍ ഗതാഗതം തടസ്സപ്പെടുത്തി സമാന്തരസര്‍വീസുകാര്‍ ആളെ കയറ്റിയത് ഡിപ്പോ അധികൃതര്‍ ചോദ്യംചെയ്തതോടെ സമാന്തര സര്‍വീസുകാര്‍ ആക്രമണം അഴിച്ചുവിട്ടു. തുടര്‍ന്ന്, സിഐയുടെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം ഡിപ്പോയില്‍ കയറി ഓഫീസ്മുറിയുടെ ഗ്ലാസ് അടിച്ചുതകര്‍ക്കുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. വനിതാ കണ്ടക്ടര്‍മാരെ അവരുടെ മുറിയില്‍ കയറിയാണ് ആക്രമിച്ചത്. പി വി രവീന്ദ്രനെ സമാന്തരസര്‍വീസുകാര്‍ ക്രൂരമായി തല്ലിച്ചതച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടര്‍മാരായ മുഹമ്മദ് റഫീഖ്, സുനില്‍കുമാര്‍ എന്നിവരെ എടിഒയുടെ അനുവാദമില്ലാതെ പൊലീസ് പിടിച്ചുകൊണ്ടുപോയി. ആരോ സിഐയെ പിടിച്ചുതള്ളിയെന്ന് ആരോപിച്ചായിരുന്നു ഇത്. മുഹമ്മദ് റഫീഖിനെ പൊലീസ് ജീപ്പിലും സ്റ്റേഷനിലുംവച്ച് ക്രൂരമായി മര്‍ദ്ദിച്ചു. ഇയാള്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. കണ്ടക്ടര്‍ വിമലിനെ കഴുത്തില്‍ പിടിച്ചുമുറുക്കി പൊലീസ് രണ്ടുപവന്റെ മാല പൊട്ടിച്ചെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ മിന്നല്‍പണിമുടക്ക് നടത്തി. ആറുമണിക്കൂറോളം നടത്തിയ പണിമുടക്ക് സി ദിവാകരന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ രാഷ്ട്രീയപാര്‍ടി നേതാക്കളും യൂണിയന്‍ പ്രതിനിധികളും പൊലീസുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് പിന്‍വലിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചാനല്‍ദൃശ്യങ്ങള്‍ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഹമ്മദ് റഫീക്കിനെയും സുനില്‍കുമാറിനെയും വിട്ടയക്കുമെന്നും കരുനാഗപ്പള്ളി എസിപിയുടെ ചുമതലയുള്ള കെ ലാല്‍ജി പറഞ്ഞു. സമാന്തര സര്‍വീസ് കര്‍ശനമായി നിയന്ത്രിക്കുമെന്നും എസിപി ഉറപ്പു നല്‍കി.

deshabhimani

No comments:

Post a Comment